
ആമസോണിനും വാള്‍മാര്‍ട്ടിനും ഇന്ത്യന്‍ വിപണി പൂര്‍ണമായും തുറന്ന് നല്‍കണം: യുഎസ്
ഓണ്‍ലൈന്‍ വ്യാപാരികളായ ആമസോണിനും വാള്‍മാര്‍ട്ടിനും ഇന്ത്യയിലെ 125 ബില്ല്യണ്‍ ഡോളറിന്റെ ഇ വ്യാപാര വിപണി പൂര്‍ണമായും തുറന്ന് നല്‍കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയും യുഎസും തമ്മില്‍ നടക്കുന്ന വ്യാപാര കരാറിന്റെ ചര്‍ച്ചകളില്‍ ഇക്കാര്യം ഉയര്‍ന്നുവന്നു. ഈ കരാറില്‍ ഭക്ഷണം മുതല്‍ കാറുകള്‍ വരെയുള്ള എല്ലാ മേഖലകളും ഉള്‍പ്പെടുത്തും.
നിലവില്‍ ഇന്ത്യയില്‍ ആമസോണും വാള്‍മാര്‍ട്ടും പ്രവര്‍ത്തിക്കുന്നത് പ്രാദേശിക യൂണിറ്റുകളിലൂടെയാണ്. കൂടാതെ, ഇന്‍വെന്ററി സൂക്ഷിക്കുന്നതിനും ഉപഭോക്താക്കള്‍ക്ക് നേരിട്ട് വില്‍ക്കുന്നതിനും നിയന്ത്രണവും ഉണ്ട്. ഇന്ത്യന്‍ കമ്പനിയായ റിലയന്‍സിന് ഈ നിയന്ത്രണങ്ങള്‍ ഇല്ല. അവര്‍ക്ക് രാജ്യത്തെമ്പാടും ഷോപ്പുകള്‍ തുറക്കാനും ചെറുകിട വ്യാപാര ശൃംഖലയിലൂടെ ഉപഭോക്താക്കളിലേക്ക് എത്താനും സാധിക്കുന്നു.
ആമസോണും വാള്‍മാര്‍ട്ടും റിപ്പോര്‍ട്ടിനോട് പ്രതികരിച്ചിട്ടില്ല. യുഎസിന്റെ പകരത്തീരുവയില്‍ നിന്നും രക്ഷപ്പെടുന്നതിനായി ഇന്ത്യ വ്യാപാരക്കരാറില്‍ ഏര്‍പ്പെടാനുള്ള ചര്‍ച്ചകള്‍ നടത്തി വരികയാണ്.
ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന യുഎസ് വൈസ് പ്രസിഡന്റ് ഇന്നലെ ജെ ഡി വാന്‍സ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഏപ്രില്‍ 9ന് യുഎസ് പ്രസിഡന്റ് ട്രംപ് പ്രഖ്യാപിച്ച തീരുവകള്‍ നടപ്പിലാക്കുന്നത് 90 ദിവസത്തേക്ക് നിര്‍ത്തി വച്ചിരിക്കുകയാണ്. ഈ കാലയളവില്‍ വ്യാപാര കരാറിലെത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്.


