PHOTO: PTI
കടല്‍ക്കൊള്ളക്കാരില്‍ നിന്നും 19 പാക് നാവികരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന
അറബിക്കടലില്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 19 പാകിസ്ഥാനി നാവികരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന. സോമാലിയയില്‍ തങ്ങളുടെ മത്സ്യബന്ധന കപ്പല്‍ തട്ടിയെടുത്ത കടല്‍ക്കൊള്ളക്കാരില്‍ നിന്ന് ഇന്ത്യന്‍ യുദ്ധക്കപ്പല്‍ ഐഎന്‍എസ് സുമിത്ര ജീവനക്കാരെ രക്ഷപ്പെടുത്തുകയായിരുന്നു. 36 മണിക്കൂറിനുള്ളില്‍ കടല്‍ക്കൊള്ളക്കെതിരെ യുദ്ധക്കപ്പല്‍ നടത്തുന്ന രണ്ടാമത്തെ ആന്റി പൈറസി ഓപ്പറേഷനാണിതെന്ന് ഇന്ത്യന്‍ നാവികസേന അറിയിച്ചു.
ഇറാനിയന്‍ പതാകയുള്ള മത്സ്യബന്ധന കപ്പലായ എഫ് വി അല്‍ നഈമിയിലെ ജീവനക്കാരെ 11 സായുധ കടല്‍ക്കൊള്ളക്കാര്‍ ചേര്‍ന്ന് ബന്ദികളാക്കുകയായിരുന്നു. നാവിക സേനയുടെ യുദ്ധക്കപ്പല്‍ കൊള്ളക്കാരെ തടയുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്തു. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ മറ്റൊരു ഇറാനിയന്‍ മത്സ്യബന്ധന കപ്പലായ എഫ് വി ഇമാന്‍ രക്ഷപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഈ രക്ഷാപ്രവര്‍ത്തനം.
ഇറാന്‍ കപ്പലും മോചിപ്പിച്ച് നാവികസേന
സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിയെടുത്ത ഇറാനിയന്‍ മത്സ്യബന്ധന കപ്പലും ഇന്ത്യന്‍ നാവികസേന മോചിപ്പിച്ചിരുന്നു. കപ്പലില്‍ നിന്നുള്ള അപായ സന്ദേശം ലഭിച്ചതോടെ സൊമാലിയന്‍ തീരത്തും ഏദന്‍ ഉള്‍ക്കടലിലും പട്രോളിംഗ് നടത്തുന്ന ഐഎന്‍എസ് സുമിത്ര രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. യുദ്ധക്കപ്പലിലെ ധ്രുവ് ഹെലികോപ്റ്ററും ദൗത്യത്തില്‍ പങ്കെടുത്തു. കപ്പലിലെ 17 ഇറാനിയന്‍ ജീവനക്കാരെ നാവികസേന രക്ഷപ്പെടുത്തിയിരുന്നു.