
ഓപ്പണ്‍എഐയ്ക്ക് എതിരെ ആരോപണം ഉന്നയിച്ച ഇന്ത്യന്‍ വംശജന് മരിച്ചനിലയില്‍
നിര്‍മ്മിത ബുദ്ധി കമ്പനിയായ ഓപ്പണ്‍എഐയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ച വിസില്‍ബ്ലോവറെ മരിച്ചനിലയില്‍ കണ്ടെത്തി. 26 വയസ്സുകാരനായ ഇന്ത്യന്‍-അമേരിക്കന്‍ വംശജനായ സുചിര്‍ ബാലാജിയെ സാന്‍ഫ്രാന്‍സിസ്കോയിലെ ബുക്കാനന് തെരുവിലെ ഫ്ളാറ്റില്‍ നവംബര്‍ 26നാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വെളിപ്പെടുത്തിയിട്ടില്ലെങ്കിലും നിലവില്‍ സംശയാസ്പദമായൊന്നും ഇല്ലെന്ന് പൊലീസ് സൂചിപ്പിക്കുന്നു.
ഓപ്പണ്‍എഐയ്ക്ക് എതിരായ നിയമനടപടികളില്‍ സുചിര്‍ ബാലാജിയുടെ മൊഴികള്‍ നിര്‍ണായകമാകുമെന്ന് കരുതുന്നു. ചാറ്റ്ജിപിടി വികസിപ്പിച്ചപ്പോള്‍ ഓപ്പണ്‍എഐ യുഎസ് പകര്‍പ്പവകാശ നിയമം ലംഘിച്ചുവെന്ന് മരണത്തിന് മൂന്ന് മാസം മുമ്പ് ബാലാജി പരസ്യമായി വെളിപ്പെടുത്തിയിരുന്നു. എഐ സംവിധാനമായ ഓപ്പണ്‍ എഐയ്ക്ക് ആഗോള തലത്തില്‍ ലക്ഷക്കണക്കിന് ഉപയോക്താക്കള്‍ ഉണ്ട്. 2022 അവസാനത്തോടെ അവതരിപ്പിച്ച ഓപ്പണ്‍എഐ, തങ്ങള്‍ക്ക് പകര്‍പ്പവകാശമുള്ള ഉള്ളടക്കങ്ങള്‍ അനുമതി കൂടാതെ ഉപയോഗിച്ചുവെന്ന് ആരോപിച്ച് അസംഖ്യം എഴുത്തുകാരും പ്രോഗ്രാമര്‍മാരും മാധ്യമപ്രവര്‍ത്തകരും കമ്പനിക്ക് എതിരെ നിയമനടപടി സ്വീകരിച്ചിരുന്നു.
ചാറ്റ്ജിപിടിക്ക് പരിശീലനം നല്കാന് വേണ്ടി ഉപയോഗിച്ച വിവരങ്ങളുടെ ഉടമകളായ ബിസിനസുകളേയും സംരംഭകരേയും നെഗറ്റീവായി ഓപ്പണ്‍എഐ ബാധിച്ചുവെന്ന് ബാലാജി ഒക്ടോബര്‍ 23ന് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ ആരോപിച്ചിരുന്നു.