
പൊതുമേഖല ബാങ്കുകൾ മൂന്നായി ചുരുങ്ങും
2025-26 സാമ്പത്തിക വർഷത്തിൽ പൊതുമേഖലാ ബാങ്കുകളുടെ ലയനം നടപ്പിലാക്കുമെന്ന് റിപ്പോർട്ടുകൾ. എസ്ബിഐ, പഞ്ചാബ് നാഷനൽ ബാങ്ക്, കനറാ ബാങ്ക് എന്നിവയിലേക്ക് മറ്റ് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കുമെന്നാണ് സൂചന. ലോകത്തിലെ മുൻ നിരയിലുള്ള ആദ്യ 20 ബാങ്കുകളുടെ ഇടയിലേക്ക് ഇന്ത്യയിലെ രണ്ട് പൊതുമേഖലാ ബാങ്കുകളെയെങ്കിലും എത്തിക്കണമെന്ന ധനമന്ത്രാലയത്തിന്റെ നിർദേശമാണ് ഈ നീക്കത്തിന് പിന്നിൽ.
ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്ബിഐയിലും ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവ പഞ്ചാബ് നാഷനൽ ബാങ്കിനോടും യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നിവ കനറാ ബാങ്കിനോടും ലയിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
2017ലാണ് ബാങ്കുകളുടെ ലയനം ആദ്യം നടപ്പാക്കിയത്. 2019ൽ ലയനത്തിലൂടെ 27 പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആക്കി മാറ്റിയിരുന്നു. നിലവിൽ ലോകത്തെ ബാങ്ക് ആസ്തി പട്ടികയിൽ ആദ്യത്തെ 4 ബാങ്കുകളും ചൈനയുടേതാണ്. 47-ാം സ്ഥാനമാണ് എസ്ബിഐ.


