
ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു
ഇന്ത്യയുടെ പ്രമുഖ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ഓസ്‌ട്രേലിയക്ക് എതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടൂര്‍ണമെന്റിലെ ബ്രിസ്‌ബെയ്‌നില്‍ നടന്ന ടെസ്റ്റ് സമനിലയില്‍ ആയതിന് പിന്നാലെയാണ് അശ്വിന്‍ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.
ഗാബാ ടെസ്റ്റിനുശേഷം നടന്ന മാധ്യമ സമ്മേളനത്തില്‍ ആണ് പ്രഖ്യാപനം നടത്തിയത്. ടെസ്റ്റില്‍ ഇന്ത്യയ്ക്കുവേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ താരമാണ് അശ്വിന്‍. 132 ടെസ്റ്റുകളില്‍ നിന്നും 619 വിക്കറ്റുകള്‍ വീഴ്ത്തിയ അനില്‍ കുംബ്ലൈയാണ് ഒന്നാമത്. ലോകത്തിലെ മികച്ച വിക്കറ്റ് വേട്ടക്കാരില്‍ ഏഴാം സ്ഥാനമാണ് അശ്വിനുള്ളത്.
2010-ലാണ് ഇന്ത്യയ്ക്കുവേണ്ടി അരങ്ങേറിയത്. 13 വര്‍ഷം കളിച്ച അദ്ദേഹം 106 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 537 വിക്കറ്റുകളാണ് നേടിയത്. 116 ഏകദിനങ്ങളില്‍ നിന്നും 156 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ടി20-യില്‍ 65 മത്സരങ്ങളില്‍ നിന്നായി 72 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.
ടെസ്റ്റില്‍ 59 റണ്‍സ് വിട്ട് നല്‍കി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഏകദിനത്തിലെ മികച്ച പ്രകടനം 25 റണ്‍സിന് 4 വിക്കറ്റുകളും ടി20-യിലേത് എട്ട് റണ്‍സിന് 4 വിക്കറ്റുകളും നേടിയതാണ്.
ടെസ്റ്റില്‍ മികച്ചൊരു ഓള്‍റൗണ്ടര്‍ കൂടിയാണ് അദ്ദേഹം. ആറ് സെഞ്ച്വറികളും 14 അര്‍ദ്ധ സെഞ്ച്വറികളും അടക്കം 3503 റണ്‍സുകള്‍ നേടിയിട്ടുണ്ട്. 124 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ 707 റണ്‍സ് എടുത്തിട്ടുണ്ട്. 65 ആണ് ഉയര്‍ന്ന സ്‌കോര്‍. ടി20-യില്‍ 184 റണ്‍സും നേടിയിട്ടുണ്ട്. 31 റണ്‍സ് ആണ് ഉയര്‍ന്ന സ്‌കോര്‍. ക്ലബ് തലത്തില്‍ കളി തുടരുമെന്ന് അദ്ദേഹം പറഞ്ഞു.