
ട്രംപ് ഭരണകൂടം വിസ റദ്ദാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി 'സ്വയം-നാടുകടത്തി'
കൊളംബിയ സര്‍വകലാശാലയില്‍ ഹമാസിനെ പിന്തുണച്ച് നടന്ന പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് ട്രംപ് ഭരണകൂടം വിസ റദ്ദാക്കിയ ഇന്ത്യന്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിനി യുഎസില്‍ നിന്നും 'സ്വയം-നാടുകടത്തി'. കൊളംബിയ സര്‍വകലാശാലയില്‍ നഗരാസൂത്രണത്തില്‍ പിഎച്ച്ഡി ചെയ്യുന്ന രഞ്ജനി ശ്രീനിവാസന്‍ ആണ് സ്വയം-നാടുകടത്താനുള്ള അവസരം ഉപയോഗിച്ചത്. എഫ്1 വിസ ഉടമയായിരുന്നു രഞ്ജനി.
ഹമാസിനെ പിന്തുണച്ച രഞ്ജനി അക്രമവും ഭീകരവാദവും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ട്രംപ് ഭരണകൂടം ആരോപിച്ചിരുന്നു.
യുഎസ് ഭരണകൂടം ഭീകരസംഘടനയായി കണക്കാക്കുന്ന ഹമാസിനെ പിന്തുണയ്ക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിന് മാര്‍ച്ച് അഞ്ചിന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിസ റദ്ദാക്കിയിരുന്നു. രഞ്ജനി മാര്‍ച്ച് 11ന് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) ഹോം ആപ്പ് ഉപയോഗിച്ച് സ്വയം-നാടുകടത്തിയെന്ന് ഡിഎച്ച്എസ് പ്രസ്താവനയില്‍ പറഞ്ഞു.
യുഎസില്‍ നിയമവിരുദ്ധമായി വസിക്കുന്നവര്‍ക്ക് സ്വയം നാടുകടത്തുന്നതിനു വേണ്ടി റിപ്പോര്‍ട്ട് ചെയ്യാനുള്ള ഫീച്ചറുള്ള സിബിപി ഹോം ആപ്പ് മാര്‍ച്ച് 10നാണ് ഡിഎച്ച്‌സ് അവതരിപ്പിച്ചത്. ഈ ഫീച്ചര്‍ ഉപയോഗിച്ച് യുഎസില്‍ നിന്നും തിരിച്ചു പോകുന്നവര്‍ക്ക് ഭാവിയില്‍ നിയമപരമായി തിരിച്ചുവരാനുള്ള അവസരം നല്‍കുന്നുണ്ട്.
അഹമ്മദാബാദിലെ സിഇപിടി സര്‍വകലാശാലയില്‍ നിന്നും ഡിസൈനില്‍ ബിരുദം നേടിയ രഞ്ജനി ഫുള്‍ബ്രൈറ്റ് നെഹ്‌റു സ്‌കോളര്‍ഷിപ്പ് നേടിയിട്ടുണ്ടെന്ന് കൊളംബിയ സര്‍കാശാലയുടെ വെബ്‌സൈറ്റില്‍ പറയുന്നു. കൂടാതെ, അവര്‍ക്ക് ഹാര്‍വാഡ് സര്‍വകലാശാലയിലെ ഗ്രാജുവേറ്റ് സ്‌കൂള്‍ ഓഫ് ഡിസൈനില്‍ ക്രിട്ടിക്കല്‍ കണ്‍സര്‍വേഷനില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കാനുള്ള ഇന്‍ലാക്‌സ് സ്‌കോളര്‍ഷിപ്പും ലഭിച്ചിട്ടുണ്ട്.
അതേസമയം, വിസ കാലാവധി കഴിഞ്ഞിട്ടും യുഎസില്‍ തങ്ങിയ പാലസ്തീന്‍കാരിയായ വിദ്യാര്‍ത്ഥിനിയെ അറസ്റ്റ് ചെയ്തു. 2022 ജനുവരി 26ന് വിസ റദ്ദാക്കപ്പെട്ടിട്ടും ലെഖാ കോര്‍ഡിയ എന്ന വിദ്യാര്‍ത്ഥിനി യുഎസില്‍ തങ്ങി. സര്‍വകലാശാലയില്‍ ആവശ്യത്തിന് ഹാജര്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് ഇവരെ ടെര്‍മിനേറ്റ് ചെയ്തത്. ഇവരും കൊളംബിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച ഹമാസ് അനുകൂല പ്രതിഷേധങ്ങളില്‍ പങ്കെടുത്തിരുന്നു.


