REPRESENTATIONAL IMAGE: WIKI COMMONS
ഫ്രാന്‍സിലും ഇനി ഇന്ത്യന്‍ യുപിഐ സംവിധാനം
ഇന്ത്യയുടെ യുപിഐ (യുണിഫൈഡ് പെയ്‌മെന്റ്‌സ് ഇന്റര്‍ഫേസ്) പണമിടപാട് സംവിധാനം ഉപയോഗിക്കാന്‍ ഇന്ത്യയും ഫ്രാന്‍സും കൈകോര്‍ത്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാരീസില്‍ ഇന്ത്യക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് നരേന്ദ്രമോദി ഇക്കാര്യം വ്യക്തമാക്കിയത്. പണമിടപാട് നടത്താനുള്ള സൗകര്യം ആദ്യം ഈഫല്‍ ടവറില്‍ നിന്ന് ആരംഭിക്കും. ഫ്രാന്‍സിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ എളുപ്പമാക്കുകയും, കാര്‍ഡുകളോ, വിദേശ കറന്‍സിയോ കൈവശം വയ്‌ക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ യൂണിഫൈഡ് പെയ്‌മെന്റ് സിസ്റ്റം (യുപിഐ) സ്വീകരിക്കുന്ന ആദ്യത്തെ രാജ്യമല്ല ഫ്രാന്‍സ്. യുഎഇ, നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ ഈ സംവിധാനം സ്വീകരിച്ചിട്ടുണ്ട്.
ഈ വര്‍ഷം ആദ്യം, സിംഗപ്പൂരിലെ പേ നൗവുമായി യുപിഐ കരാറില്‍ പ്രധാനമന്ത്രി ഒപ്പുവെച്ചിരുന്നു. യുപിഐ സേവനങ്ങള്‍ യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇന്റര്‍നാഷണല്‍ ചര്‍ച്ച നടത്തുന്നുണ്ട് എന്നും മോദി വ്യക്തമാക്കി.
2016 ഏപ്രിലാണ് നാഷണല്‍ പെമെന്റസ് കോര്‍പറേഷന്‍ 21 ബാങ്കുകളുമായി സഹകരിച്ച് യുപിഐ അവതരിപ്പിച്ചത്. വിവിധ ബാങ്ക് അക്കൗണ്ടുകള്‍ ഒറ്റ മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാക്കുന്ന സംവിധാനമാണ് യുപിഐ. ഉപയോക്താക്കളുടെ സൗകര്യമനുസരിച്ച് എപ്പോള്‍ വേണമെങ്കിലും പണമിടപാട് നടത്താം.
ഫ്രാന്‍സില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ്
ഫ്രാന്‍സിലെ മാഴ്‌സെയില്‍ പുതിയ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആരംഭിക്കുമെന്നും, യൂറോപ്യന്‍ രാജ്യത്ത് ബിരുദാനന്തര ബിരുദം ചെയ്യുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി അഞ്ച് വര്‍ഷത്തെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ ലഭിക്കുമെന്നും, ഫ്രാന്‍സില്‍ യുപിഐ നടപ്പിലാക്കുന്നതോടെ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അടുത്ത സാമ്പത്തിക സഹകരണം വളര്‍ത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര കരാറിനും ധാരണയായി
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ പ്രധാനമന്ത്രി മോദി ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍, സെനറ്റ് പ്രസിഡന്റ് ജെറാര്‍ഡ് ലാര്‍ച്ചര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനില്‍നിന്ന് ഇന്ത്യന്‍ നാവികസേനയ്ക്കായി 26 റഫാല്‍ മറീന്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിനും ധാരണയായി. ഫ്രഞ്ച് സഹകരണത്തോടെ മൂന്ന് അന്തര്‍വാഹിനികള്‍ മുംബൈ കപ്പല്‍ശാലയില്‍ നിര്‍മിക്കാനുള്ള പദ്ധതിക്കും കൗണ്‍സില്‍ അംഗീകാരം നല്‍കി. പ്രധാനമന്ത്രി പാരീസിലേക്കു പുറപ്പെട്ടതിനു പിന്നാലെയാണ് ഫ്രാന്‍സുമായുള്ള പ്രതിരോധ ഇടപാടുകള്‍ക്ക് അംഗീകാരമായത്. എന്നാല്‍ അവയുടെ വിലയെക്കുറിച്ചും, മറ്റ് നിബന്ധനകളെക്കുറിച്ചുമുള്ള ചര്‍ച്ച നടന്നുകൊണ്ടിരിക്കുകയാണെന്നാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിടുന്ന വിവരം. സന്ദര്‍ശനത്തിന്റെ ഭാഗമായി ബാസ്റ്റില്‍ ദിനാചരണത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു മോദി.