
നാല് മാസത്തിനിടെ ഡിജിറ്റൽ അറസ്റ്റിലൂടെ ഇന്ത്യാക്കാർക്ക് നഷ്ടമായത് 120 കോടി രൂപ
2024 ജനുവരി മുതൽ ഏപ്രിൽ വരെ ഡിജിറ്റൽ അറസ്റ്റ് എന്ന ഓൺലൈൻ തട്ടിപ്പിലൂടെ ഇന്ത്യാക്കാർക്ക് നഷ്ടമായത് 120.3 കോടി രൂപ. കേന്ദ്രസർക്കാർ തലത്തിൽ നിന്നും സൈബർ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ഇന്ത്യൻ സൈബർക്രൈം കോർഡിനേഷൻ സെന്ററിന്റെ(I4C) കണക്കുകളാണ് ഈ വിവരങ്ങൾ പുറത്ത് വിട്ടത്. അടുത്തകാലത്ത് ഇന്ത്യക്കാരിൽ നിന്നും ഏറ്റവും കൂടുതൽ പണം തട്ടിയെടുക്കുന്ന സൈബർ തട്ടിപ്പായി ഡിജിറ്റൽ അറസ്റ്റ് മാറിയെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു.
മ്യാൻമർ, ലാവോസ്, കംബോഡിയ എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും ഇത്തരം തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത്. ജനുവരി തൊട്ട് ഏപ്രിൽ വരെ നാൽപ്പത്തിയാറ് ശതമാനം സൈബർ തട്ടിപ്പുകളും ഈ മൂന്ന് രാജ്യങ്ങളിൽ നിന്നാണെന്നാണ് I4Cയുടെ കണക്കുകൾ. ഇതിലൂടെ മാത്രം 1776 കോടി രൂപയാണ് ഈ രാജ്യങ്ങളിൽ നിന്നുമുള്ള തട്ടിപ്പ് സംഘങ്ങൾക്ക് ലഭിച്ചത്. ഈ വർഷം ജനുവരി ഒന്ന് മുതൽ ഏപ്രിൽ 30 വരെ സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ 7.4 ലക്ഷം പരാതികളാണ് ലഭിച്ചതെന്ന് നാഷണൽ സൈബർക്രൈം റിപ്പോർട്ടിംഗ് പോർട്ടൽ(എൻസിആർപി) പറഞ്ഞു. എന്നാൽ 2023ൽ മാത്രം 15.56 പരാതികളാണ് ലഭിച്ചത്.
നാല് തരത്തിലുള്ള സൈബർ കുറ്റകൃത്യങ്ങളാണ് പ്രധാനമായും ഉള്ളതെന്ന് I4C അറിയിച്ചു. ഡിജിറ്റൽ അറസ്റ്റ്, ട്രേഡിങ്ങ് തട്ടിപ്പ്, നിക്ഷേപതട്ടിപ്പ്, പ്രണയ/ഡേറ്റിംഗ് തട്ടിപ്പ് എന്നിവയാണത്. ഇതിൽ 120.3 കോടി രൂപ ഡിജിറ്റൽ അറസ്റ്റിലൂടെയും, 1420.48 കോടി രൂപ ട്രേഡിങ്ങ് തട്ടിപ്പിലൂടെയും, 222.58 കോടി രൂപ നിക്ഷേപ തട്ടിപ്പുകളിലൂടെയും, 13.23 കോടി രൂപ പ്രണയ, ഡേറ്റിംഗ് തട്ടിപ്പിലൂടെയുമാണ് നഷ്ട്ടമായിരിക്കുന്നതെന്ന് I4Cയുടെ സിഇഒ രാജേഷ് കുമാർ പറഞ്ഞു.
നിയമപാലകരാണെന്ന വ്യാജേന വീഡിയോ കോളിലൂടെ ആളുകളെ വിളിച്ച്, അവരുടെ പേരിൽ നിയമവിരുദ്ധമായ പാർസൽ വന്നിട്ടുണ്ടെന്നും, ഇത് തീവ്രവാദമോ അനുബന്ധ കുറ്റകൃത്യങ്ങളുടെയോ ഭാഗമാണെന്ന് പറഞ്ഞ് ഭയപ്പെടുത്തി, ഡിജിറ്റൽ മാർഗ്ഗത്തിലൂടെ അറസ്റ്റ് ചെയ്തുവെന്ന പ്രതീതി ഉണ്ടാക്കിയെടുക്കുന്നു. തുടർന്ന് കോൾ കട്ട് ചെയ്യാൻ സമ്മതിക്കാതെ, ക്യാമറ, മൈക്ക് എന്നിവ ഓഫ് ചെയ്യാൻ സമ്മതിക്കാതെ, ഭീഷണിപ്പെടുത്തി കേസ് ഒതുക്കിത്തീർക്കാൻ പൈസ ആവശ്യപ്പെടുന്ന സൈബർ കുറ്റകൃത്യമാണ് ഡിജിറ്റൽ അറസ്റ്റ്.
https://youtu.be/VBeJqa27QbQ?si=mf6F0mmoMNIDc3D8