
ഇന്ത്യാക്കാര്‍ ശമ്പളത്തിന്റെ മൂന്നിലൊന്നും ഉപയോഗിക്കുന്നത് ഇഎംഐ അടയ്ക്കാന്‍
ഇന്ത്യാക്കാര്‍ തങ്ങളുടെ വരുമാനത്തിന്റെ മൂന്നിലൊന്നും വായ്പാ തവണകള്‍ അടയ്ക്കാന്‍ ഉപയോഗിക്കുന്നതായി പഠനം. പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സും പെര്‍ഫിയോസും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഫിന്‍ടെക്, ബാങ്കിതര ഫിനാന്‍സ് കമ്പനികള്‍ (എന്‍ബിഎഫ്‌സികള്‍), മറ്റ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ എന്നിവ ഉപയോഗിക്കുന്ന മൂന്ന് മില്ല്യണ്‍ വ്യക്തികളുടെ ചെലവഴിക്കല്‍ പെരുമാറ്റം പഠനത്തിന്റെ ഭാഗമായി വിശകലനം ചെയ്തു.
ടിയര്‍ 3 നഗരങ്ങള്‍ മുതല്‍ മെട്രോകള്‍ വരെയുള്ളവരെ പഠനത്തിന് വിധേയാക്കി. ഇവരുടെ മാസം ശമ്പളം 20,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ആയിരുന്നു.
ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നവരാണ് ഏറ്റവും കൂടുതല്‍ ഇഎംഐ അടയ്ക്കുന്നത്. കുറച്ചു ശമ്പളം വാങ്ങുന്നവര്‍ക്ക് ചെറിയ തുകയാണ് ഇഎംഐ ഉള്ളത്.
മാസച്ചെലവുകളെ നിര്‍ബന്ധമായും അടയ്‌ക്കേണ്ടത്, ആവശ്യമുള്ളത്, വിവേചനപൂര്‍വം ചെലവഴിക്കാവുന്നത് എന്നിങ്ങനെ മൂന്നായി തിരിച്ചായിരുന്നു പഠനം നടത്തിയത്. വായ്പ തിരിച്ചടവുകളും ഇന്‍ഷുറന്‍സ് പോളിസികളുടെ അടവും നിര്‍ബന്ധമായും അടയ്‌ക്കേണ്ട വിഭാഗത്തിലാണ്.
കുറഞ്ഞ ശമ്പളമുള്ള വിഭാഗക്കാര്‍ തങ്ങളുടെ വരുമാനത്തില്‍ കൂടുതലും അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലെങ്കില്‍ കടം അടയ്ക്കാന്‍ ആണ് ഉപയോഗിക്കുന്നത്. അതേസമയം, കൂടുതല്‍ വരുമാനമുള്ളവര്‍ വരുമാത്തിന്റെ ഗണ്യമായ ഭാഗവും നിര്‍ബന്ധമായും അടയ്‌ക്കേണ്ടതിനും വിവേചനപൂര്‍വം ചെയ്യേണ്ടകാര്യങ്ങള്‍ക്കും വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഉയര്‍ന്ന വരുമാനക്കാരുടെ വായ്പകള്‍ സൂചിപ്പിക്കുന്നത് ഉയര്‍ന്ന ജീവിത ചെലവുകളും കൂടാതെ ആഢംബര വസ്തുക്കളോടും അവധിക്കാലം ചെലവഴിക്കുന്നതിനോടും ഉള്ള താല്‍പര്യം വര്‍ദ്ധിക്കുന്നതാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.