
തമിഴ്‌നാട് അടിസ്ഥാനമായി ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതും: കനിമൊഴി
ഇരുമ്പ് യുഗം ആരംഭിച്ചത് തമിഴ്‌നാട്ടില്‍ ആണെന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. പുരാവസ്തുക്കളുടെ കാലഗണന പരിശോധനകളുടെ അടിസ്ഥാനത്തിലാണ് സ്റ്റാലിന്‍ ഈ പ്രഖ്യാപനം നടത്തിയത്.
തമിഴ്‌നാട്ടില്‍ 5,300 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരുമ്പുയുഗം ആരംഭിച്ചുവെന്നും അയിരില്‍ നിന്നും ഇരുമ്പ് വേര്‍തിരിച്ചെടുക്കുന്ന സാങ്കേതിക വിദ്യ ആഗോളതലത്തില്‍ അവതരിപ്പിച്ചത് തമിഴ്‌നാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തമിഴ്‌നാട്ടില്‍ നിന്നും ലഭിച്ച പുരാവസ്തുക്കളെ ലോകത്തിലെ ഏറ്റവും മികച്ച ലബോറട്ടറികളില്‍ അയച്ച് നടത്തിയ പരിശോധനകളിലാണ് പുതിയ കണ്ടെത്തല്‍. തമിഴ്‌നാട്ടിലെ ഇരുമ്പ് ഉപയോഗത്തിന്റെ ചരിത്രം പ്രതിപാദിക്കുന്ന ഇരുമ്പിന്‍ തോന്മൈ എന്ന പുസ്തകം അദ്ദേഹം പ്രകാശം ചെയ്തു.
ബിസി 3345നും 2953നും ഇടയില്‍ തമിഴ്‌നാട്ടില്‍ ഇരുമ്പ് ഉപയോഗിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍. സംഘകാലത്തെ സാഹിത്യമായ നാട്രിനൈയില്‍ ഇക്കാര്യം പറയുന്നതായി ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി കനിമൊഴി കരുണാനിധി പറഞ്ഞു. തമിഴ് സാഹിത്യത്തിലെ പ്രതിപാദിച്ചിരിക്കുന്നത് പോലെ തമിഴ് മണ്ണിലാണ് ഇരുമ്പ് യുഗം ആരംഭിച്ചതിനുള്ള പുതിയ ശാസ്ത്രീയ തെളിവ് ലഭിച്ചുവെന്നും അവര്‍ പറയുന്നു.
തമിഴ്‌നാടിനെ അടിസ്ഥാനപ്പെടുത്തി ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതുന്നതില്‍ ഓരോ തമിഴ്‌നാട്ടുകാരനും അഭിമാനത്തിന്റെ നിമിഷം ആണെന്നും അവര്‍ പറഞ്ഞു.
5,300 വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടില്‍ ഇരുമ്പ് ഉപയോഗിച്ചിരുന്നുവെന്ന കണ്ടെത്തലിനെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രശംസിച്ചു. ഇന്ത്യയുടെ സമ്പന്നമായ പൈതൃകം ലോകത്തെ പ്രചോദിപ്പിക്കുന്നുവെന്ന് രാഹുല്‍ പറഞ്ഞു.