
പ്രകൃതി സംരക്ഷണ തീരുമാനങ്ങളില്‍ ഇനി തദ്ദേശീയർക്കും പങ്കുണ്ടാകും, തീരുമാനവുമായി ജൈവവൈവിധ്യ കോൺഫറൻസ്
പ്രകൃതി സംരക്ഷണത്തെക്കുറിച്ചുള്ള ഭാവി തീരുമാനങ്ങളില്‍ തദ്ദേശീയരെ ഉള്‍പ്പെടുത്തുന്ന സംവിധാനം രൂപീകരിക്കാന്‍ യുഎന്‍ ഉച്ചകോടിയില്‍ യുണൈറ്റഡ് നാഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ബയോഡൈവേഴ്‌സിറ്റി. അതത് പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിലും കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിലും തദ്ദേശ നിവാസികളുടെ പങ്ക് അംഗീകരിച്ചുകൊണ്ടാണ് ഇങ്ങനെ ഒരു സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചത്.
പ്രകൃതിദത്ത ജനിതക വിഭവങ്ങള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക നേട്ടങ്ങള്‍ പങ്കുവയ്ക്കാന്‍ വൻകിട കോര്‍പ്പറേഷനുകളെ നിര്‍ബന്ധിക്കാനും തീരുമാനമായിട്ടുണ്ട്.
പ്രകൃതി സംരക്ഷണത്തില്‍ ആഫ്രിക്കന്‍ വംശജരുടെ പങ്കിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിനുള്ള നടപടിയും സ്വീകരിച്ചിച്ചുണ്ട്. പരമ്പരാഗത അറിവുകളും സമ്പ്രദായങ്ങളും സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സമന്വയിപ്പിക്കുന്നതിന് പുതിയ തീരുമാനം സഹായിക്കും. തദ്ദേശീയരുടെയും പ്രാദേശിക സമൂഹങ്ങളുടെയും സംഭാവനകള്‍ക്കുള്ള ഈ അംഗീകാരം വഴിത്തിരിവായി കണക്കാക്കപ്പെടുന്നുവെന്ന് പരിസ്ഥിതി രംഗത്തുള്ളവർ അഭിപ്രായപ്പെടുന്നു. ജൈവവൈവിധ്യ സംരക്ഷിക്കുന്നതിനുള്ള പദ്ധതികള്‍ക്കായുള്ള ആഗോള പാരിസ്ഥിതിക ചര്‍ച്ചകളിൽ ആഫ്രിക്കയിലെ തദ്ദേശീയ പങ്കാളിത്തം ഉറപ്പുവരുത്താന്‍ ലക്ഷ്യമിടുന്നു.
ആവാസവ്യവസ്ഥയുടെ തകര്‍ച്ചയും പാരിസ്ഥിതിക സമഗ്രത നഷ്ടപ്പെടുന്നതും മനുഷ്യന്റെയും മൃഗങ്ങളുടെയും ആരോഗ്യത്തിന് നേരിട്ട് ഭീഷണിയാകുന്ന സാഹചര്യമാണുള്ളതെന്ന് പരിസ്ഥിതി ഗ്രൂപ്പുകള്‍ വ്യക്തമാക്കുന്നു. ജൈവവൈവിധ്യ തകർച്ച മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ കാരണം മനുഷ്യാരോഗ്യത്തെ ബാധിക്കുന്ന വിഷയങ്ങളെ എങ്ങനെ സമീപിക്കണമെന്ന വിഷയത്തിലും ധാരണയായിട്ടുണ്ട്.