
ഇൻഡിഗോ പ്രതിസന്ധി; 4 ഫ്ലൈറ്റ് ഇൻഫർമേഷൻ ഓഫീസർമാരെ പുറത്താക്കി
ഇൻഡിഗോ പ്രതിസന്ധിയിൽ നടപടികളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ). കരാർ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന നാല് ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കി. എയർലൈൻസ് സുരക്ഷ, പ്രവർത്തനക്ഷമത എന്നിവയുടെ മേൽനോട്ട ഉത്തരവാദിത്തമാണ് പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് ഉണ്ടായിരുന്നത്.
ഡെപ്യൂട്ടി ചീഫ് ഫ്ലൈറ്റ് ഓപ്പറേഷൻ ഇൻസ്പെക്ടർ ഋഷിരാജ് ചാറ്റർജി, സീനിയർ ഫ്ലൈറ്റ് ഓപ്പറേഷൻ ഇൻസ്പെക്ടർ സീമ ജംനാനി, ഫ്ലൈറ്റ് ഓപ്പറേഷൻ ഇൻസ്പെക്ടർമാരായ അനിൽ കുമാർ പൊഖ്രിയാൽ, പ്രിയം കൗശിക് എന്നിവർക്ക് നേരെയാണ് ഡിജിസിഎ നടപടി. ഇൻഡിഗോ പ്രതിസന്ധിയിൽ ഡിജിസിഎയുടെ വീഴ്ചയും പരിശോധിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ റാം മോഹൻ നായിഡു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇൻഡിഗോ പ്രതിസന്ധിയിൽ ആദ്യമായാണ് ഉദ്യോഗസ്ഥർക്കെതിരെ ഡിജിസിഎ നടപടിയെടുക്കുന്നത്. അതേസമയം പ്രതിസന്ധിയിൽ വിശദീകരണം നൽകാൻ ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സിനെ ഡിജിസിഎ വീണ്ടും വിളിപ്പിച്ചു. നാലംഗ സമിതിക്ക് മുന്നിൽ ഹാജരാകാൻ ആണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇൻഡിഗോ സിഇഒയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഡിജിസിഎയ്ക്ക് മുന്നിൽ ഹാജരായിരുന്നു.
ഇൻഡിഗോയ്ക്കെതിരെ കടുത്ത നടപടികൾക്ക് ഒരുങ്ങുകയാണ് കേന്ദ്രം. സർവീസ് പ്രതിസന്ധി ഇൻഡിഗോ മനപൂർവ്വം സൃഷ്ടിച്ചതാണെന്ന സംശയങ്ങൾക്കിടെ സർവ്വീസുകൾ വെട്ടിക്കുറച്ച് മറ്റ് കമ്പനികൾക്ക് കൈമാറുന്നതുൾപ്പടെയുള്ള നടപടികൾ വ്യോമയാന മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.
വിമാനനിരക്കുകൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനും സംവിധാനം വേണമെന്ന വടകര എംപി ഷാഫി പറമ്പിൽ മുന്നോട്ട് വച്ച പ്രമേയം ഇന്ന് ലോക്സഭാ അജണ്ടയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന വിമാന യാത്രാ നിരക്കുകൾ നിയന്ത്രിക്കാൻ അർദ്ധ ജുഡീഷ്യൽ സംവിധാനം വേണമെന്നും പ്രമേയത്തിലുണ്ട്.


