ഇൻഡിഗോ പ്രതിസന്ധി; വിമാനനിരക്കിൽ പരിധി നിശ്ചയിച്ച് കേന്ദ്രം
ഇൻഡിഗോയിലെ പ്രതിസന്ധി മൂലം വിമാനങ്ങൾ റദ്ദ് ചെയ്യുകയും, വൈകുകയും ചെയ്യുന്ന സാഹചര്യത്തിൽ മറ്റ് വിമാനകമ്പനികൾ വിമാനനിരക്ക് കുത്തനെ ഉയർത്തിയത് തടയാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ. പ്രതിസന്ധി നേരിട്ട റൂട്ടുകളിലെ യാത്രാക്കൂലിക്ക് പരിധി നിശ്ചയിച്ച് കേന്ദ്രം ഉത്തരവിട്ടു. യാത്രക്കാരുടെ ആശങ്കകളെ ഗൗരവമായി കാണുന്നുവെന്ന് വ്യോമയാനമന്ത്രാലയം പറഞ്ഞു.
കേന്ദ്രം നിശ്ചയിച്ച പരിധിക്ക് മേലെ വിമാന ടിക്കറ്റ് നിരക്ക് ഉയർത്താൻ പാടില്ല. ഇതിന് മുൻപ് കോവിഡ് കാലത്താണ് ഇത്തരത്തിൽ കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയത്. മന്ത്രാലയത്തിന്റെ നിയന്ത്രണാധികാരങ്ങൾ ഉപയോഗപ്പെടുത്തി എല്ലാ ബാധിത റൂട്ടുകളിലും യാത്രാക്കൂലി കൂട്ടുന്നതിൽ നിന്നും യാത്രക്കാരെ സംരക്ഷിക്കാനാണ് നടപടിയെന്ന് വ്യോമയാനമന്ത്രാലയം പറഞ്ഞു.
അവധിക്കാലത്ത് വിമാനങ്ങൾ റദ്ദ് ചെയ്യപ്പെടുമ്പോൾ ഉണ്ടാവുന്ന പ്രതിസന്ധി മൂലമുണ്ടായ അവസരം മുതലെടുത്ത് മറ്റ് വിമാനക്കമ്പനികൾ യാത്രാനിരക്ക് കുത്തനെ ഉയർത്തിയിരുന്നു. സ്ഥിതിഗതികൾ സാധാരണ നിലയിൽ എത്തും വരെ ഈ നിയന്ത്രണം തുടരുമെന്നും, വിമാനനിരക്കുകൾ നിരീക്ഷണത്തിലായിരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
വിമാനനിരക്ക് കൂട്ടരുതെന്ന് കഴിഞ്ഞ ദിവസം വ്യോമയാനമന്ത്രി കമ്പനികൾക്ക് നൽകിയ നിർദ്ദേശം കമ്പനികൾ പ്രാവർത്തികമാക്കിയില്ല. ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള നോൺ സ്റ്റോപ്പ് എയർ ഇന്ത്യ ടിക്കറ്റിന് 55,955 മുതൽ 64,557 രൂപയായിരുന്നുവെന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. കൊച്ചിയിലേക്കുള്ള നിരക്ക് 38,000 കടന്നുവെന്നും മനോരമ റിപ്പോർട്ട് ചെയ്തു.
ഇൻഡിഗോയുടെ പ്രതിസന്ധി ഇന്നും തുടരുന്നു. ഇന്ന് പല വിമാനങ്ങളും റദ്ദ് ചെയ്തിട്ടുണ്ട്. ഡിജിസിഎയുടെ പുതിയ ചട്ടങ്ങൾ മൂലമുണ്ടായ പ്രതിസന്ധി മറികടക്കാൻ ചട്ടങ്ങളിൽ ഇളവ് വേണമെന്ന ഇൻഡിഗോയുടെ അപേക്ഷ മന്ത്രാലയം അംഗീകരിച്ചു. സർക്കാരിന്റെ ‘കുത്തക’ മാതൃക മൂലമാണ് പ്രതിസന്ധിയുണ്ടായതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.


