ഇൻഡിഗോ വിമാനങ്ങൾ ഇന്നും റദ്ദാക്കും
രാജ്യത്ത് ഇൻഡിഗോ വിമാന സർവീസുകൾ ഇന്നും കൂട്ടത്തോടെ റദ്ദാക്കും. ചെറിയ സാങ്കേതിക തകരാറുകൾ, ശീതകാലം കാരണം സമയക്രമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ, പ്രതികൂല കാലാവസ്ഥ, വ്യോമയാന സംവിധാനങ്ങളിലെ ‘വർദ്ധിച്ച തിരക്ക്’ കൂടാതെ പൈലറ്റുമാർക്ക് വിശ്രമം ഉറപ്പാക്കാൻ ഡിജിസിഎ ഏർപ്പെടുത്തിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷൻ നടപ്പാക്കുന്നതിലെ വീഴ്ച തുടങ്ങിയ ‘പ്രതീക്ഷിക്കാത്ത പല പ്രവർത്തന വെല്ലുവിളികൾ’ കാരണമാണ് വിമാനങ്ങൾ റദ്ദ് ചെയ്യേണ്ടി വന്നതെന്ന് ഇൻഡിഗോ പറഞ്ഞു.
കഴിഞ്ഞ ദിവസം 550ലധികം വിമാന സർവീസുകൾ ഇൻഡിഗോ റദ്ദാക്കിയിരുന്നു. പ്രതിദിനം ഏകദേശം 2300 വിമാന സർവീസുകൾ ഇൻഡിഗോ നടത്തുന്നുണ്ട്. വിമാനങ്ങൾ കൂട്ടമായി റദ്ദാക്കിയതോടെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാർ വലയുകയാണ്. വിമാന സർവീസുകൾ ഇനിയും വെട്ടിക്കുറയ്‌ക്കേണ്ടി വരുമെന്ന് അറിയിച്ച ഇൻഡിഗോ പ്രവർത്തനങ്ങൾ സാധാരണ നിലയിലെത്താൻ രണ്ടുമാസം സമയമെടുക്കുമെന്നും അറിയിച്ചു. സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡിജിസിഎയും മുതിർന്ന ഇൻഡിഗോ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത് ഈ വിഷയം പരിഹരിക്കാനുള്ള നീക്കത്തിലാണെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


