
കേരളത്തിന്റെ വ്യവസായ മുന്നേറ്റം; തരൂരിനെ വിമര്‍ശിച്ച് സതീശന്‍
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തിന്‍ കീഴില്‍ കേരളം വ്യവസായ രംഗത്ത് കൈവരിച്ച നേട്ടങ്ങളെ ഇഴയുന്ന കൊമ്പനില്‍ നിന്നും ഇണങ്ങുന്ന കടുവയായി എന്ന് പറഞ്ഞ് പ്രകീര്‍ത്തിച്ച ശശി തരൂര്‍ എംപിയെ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇന്നലെ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തിലാണ് കേരളത്തെ പ്രശംസിച്ച് തരൂര്‍ ലേഖനം എഴുതിയത്.
തരൂര്‍ എന്ത് സാഹചര്യത്തിലും കണക്കുകളുടെ അടിസ്ഥാനത്തിനുമാണ് ലേഖനമെഴുതിയതെന്ന് അറിയില്ലെന്ന് സതീശന്‍ പറഞ്ഞു. വ്യവസായ അനുകൂല സാഹചര്യമുള്ള സംസ്ഥാനമല്ല കേരളമെന്ന് സതീശന്‍ പറഞ്ഞു.
ഇപ്പോള്‍ മികച്ച വ്യവസായ അന്തരീക്ഷമുള്ള സംസ്ഥാനമല്ല കേരളം. അത് മെച്ചപ്പെടേണ്ടതുണ്ടെന്നും അത് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. കേരളത്തില്‍ കഴിഞ്ഞ മൂന്നര വര്‍ഷത്തില്‍ മൂന്ന് ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചുവെന്ന് വ്യവസായ മന്ത്രി പി രാജീവ് അവകാശപ്പെടുന്നുവെന്നും ഏതാണ് ആ മൂന്ന് ലക്ഷം സംരംഭങ്ങളെന്ന് താന്‍ മന്ത്രിയോട് അത്ഭുതത്തോടെ ചോദിച്ചുവെന്നും സതീശന്‍ പറഞ്ഞു. എങ്കില്‍ ഒരു മണ്ഡലത്തില്‍ ശരാശരി രണ്ടായിരം സംരംഭങ്ങള്‍ തുടങ്ങിയിട്ടുണ്ടാകില്ലേയെന്നും സതീശന്‍ ചോദിച്ചു.
കേരളം സംരംഭക മുന്നേറ്റത്തിലും സുസ്ഥിര വളര്‍ച്ചയിലും ഇന്ത്യയില്‍ വേറിട്ട മാതൃകയാണെന്ന് തരൂര്‍ പറഞ്ഞിരുന്നു.