
കേരളത്തിന്റെ വ്യവസായ വികസനം; തരൂരിന്റേത് കേരളത്തിലെ കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്ന് കെ മുരളീധരന്‍
എല്‍ഡിഎഫ് സര്‍ക്കാരിന് കീഴില്‍ കേരളം വ്യവസായ രംഗത്ത് മുന്നേറ്റം കൈവരിച്ചുവെന്ന് പുകഴ്ത്തി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തില്‍ ലേഖനം എഴുതിയ ശശി തരൂരിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍.
തരൂരിന്റേത് കേരളത്തിലെ കോണ്‍ഗ്രസിന്റെ അഭിപ്രായമല്ലെന്ന് മുരളീധരന്‍ പറഞ്ഞു.
കേരളത്തിലെ കോണ്‍ഗ്രസുകാര്‍ ഒരു കാരണവശാലം എല്‍ഡിഎഫിന്റെ ഒരു നയത്തേയും അംഗീകരിക്കില്ലെന്നും അംഗീകരിക്കുക സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
തരൂര്‍ വിശ്വപൗരനാണെന്ന് മുരളീധരന്‍ പരിഹസിച്ചു. തരൂര്‍ വര്‍ക്കിങ് കമ്മിറ്റി അംഗവും വിശ്വപൗരനുമൊക്കെ ആയതിനാല്‍ തങ്ങളെപ്പോലുള്ള സാധാരണക്കാര്‍ അദ്ദേഹത്തിനെ കുറിച്ച് അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് മുരളീധരന്‍ പറഞ്ഞു.
അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തേണ്ട ചുമതല തന്നെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് ഇല്ലെന്നും അതെല്ലാം കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിക്കുമെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുടെ ഏത് അഭിപ്രായങ്ങളേയും ശിരസ്സാവഹിക്കാനും പാര്‍ട്ടി പറയുന്നിടത്തെല്ലാം മത്സരിക്കാനുമുള്ള ചെറിയ കഴിവ് മാത്രമേ തനിക്കുള്ളൂവെന്നും അതിനാല്‍ തരൂരിനെ കുറിച്ചൊന്നും പറയാനില്ലെന്നും മുരളീധരന്‍ പറഞ്ഞു.
കേരളത്തിലെ ജനങ്ങള്‍ ആരുടേയും സര്‍ട്ടിഫിക്കറ്റ് നോക്കിയല്ല വോട്ട് ചെയ്യുന്നതെന്നും അവരുടെ അനുഭവങ്ങളാണ് അവരെ പോളിങ്ങ് ബൂത്തില്‍ തീരുമാനത്തിലേക്ക് നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ തിരിച്ചടിയാകും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഉണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.