PHOTO: WIKI COMMONS
സഹകരണ മേഖലയില്‍ വ്യവസായ പാര്‍ക്കുകള്‍; മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ സമിതി രൂപീകരിച്ചു
സഹകരണ മേഖലയില്‍ വ്യവസായ പാര്‍ക്കുകളും എസ്റ്റേറ്റുകളും ആരംഭിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സഹകരണ വ്യവസായ പാര്‍ക്കുകള്‍, എസ്റ്റേറ്റുകള്‍, സ്റ്റാന്റേര്‍ഡ് ഡിസൈന്‍ ഫാക്ടറികള്‍ എന്നിവ സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാന്‍ വ്യവസായ- സഹകരണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സമിതിക്ക് രൂപം നല്‍കി. വ്യവസായ മന്ത്രി പി.രാജീവ്, സഹകരണ മന്ത്രി വി.എന്‍.വാസവന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന മന്ത്രിതല യോഗത്തിലാണ് തീരുമാനം. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
ലക്ഷ്യം നൂറ് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍
ഇതുവരെ 16 സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ക്കാണ് വ്യവസായ വകുപ്പ് അനുമതി നല്‍കിയിട്ടുള്ളത്. മാര്‍ച്ച് മാസത്തോടെ 35 പാര്‍ക്കുകള്‍ക്ക് അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സര്‍ക്കാരിന്റെ ഭരണകാലയളവില്‍ നൂറ് സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ജില്ലകളില്‍ ഒന്നെന്ന നിലയില്‍ പദ്ധതിക്ക് തുടക്കം കുറിക്കാനാണ് ആലോചന. ആദ്യ പാര്‍ക്ക് കണ്ണൂരിലായിരിക്കും ആരംഭിക്കുക.
സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളുടെ മാതൃകയിലാണ് സഹകരണ വ്യവസായ പാര്‍ക്കുകളും എസ്റ്റേറ്റുകളും രൂപീകരിക്കുക. സഹകരണ സംഘങ്ങള്‍ക്കും, സംഘങ്ങള്‍ ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യത്തിനും എസ്റ്റേറ്റുകള്‍ ആരംഭിക്കാം. സ്വകാര്യ വ്യവസായ എസ്റ്റേറ്റിന് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം സഹകരണ എസ്റ്റേറ്റിനും നല്‍കും. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ 3 കോടി രൂപ വരെയുള്ള ധനസഹായം നിലവില്‍ വ്യവസായ വകുപ്പ് നല്‍കുന്നുണ്ട്. സ്വകാര്യ വ്യവസായ എസ്റ്റേറ്റുകള്‍ക്ക് 10 ഏക്കറും സ്റ്റാന്റേര്‍ഡ് ഡിസൈന്‍ ഫാക്ടറികള്‍ക്ക് 5 ഏക്കറുമാണ് ചുരുങ്ങിയ ഭൂപരിധിയെങ്കിലും സഹകരണ മേഖലയില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ആലോചനയുണ്ട്. പദ്ധതി പ്രകാരം പുതുതായി ആരംഭിക്കുന്ന സഹകരണ വ്യവസായ പാര്‍ക്കുകളുടെ നിയന്ത്രണം അതാത് സഹകരണ സ്ഥാപനങ്ങള്‍ക്ക് തന്നെയായിരിക്കും.