TMJ
searchnav-menu
post-thumbnail

അമിത് ഷാ | Photo: PTI

TMJ Daily

പ്രകോപന പ്രസംഗം; അമിത് ഷായ്‌ക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു

27 Apr 2023   |   3 min Read
TMJ News Desk

കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷായ്‌ക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ വർഗീയ കലാപങ്ങൾ ഉണ്ടാകുമെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെ കോൺഗ്രസിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാർ, നേതാക്കളായ റൺദീപ് സിങ് സുർജേവാല, ഡോ. പരമേശ്വർ എന്നിവരാണ് പരാതി നൽകിയത്. പ്രകോപനപരമായ പ്രസ്താവനകൾ നടത്തി, വിദ്വേഷവും ശത്രുതയും പടർത്തി തുടങ്ങിയ ആരോപണങ്ങളാണ് അമിത് ഷായ്‌ക്കെതിരെ ഇവർ ഉന്നയിച്ചിട്ടുള്ളത്. ചൊവ്വാഴ്ച കർണാടകയിൽ നടത്തിയ തെരെഞ്ഞടുപ്പ് പ്രചാരണത്തിനിടെയാണ് കോൺഗ്രസിനെതിരെയുള്ള അമിത് ഷായുടെ പ്രസ്താവന. 

പുതിയൊരു കർണാടക സൃഷ്ടിക്കാൻ ബിജെപിക്ക് മാത്രമേ കഴിയു, കോൺഗ്രസിന് അധികാരം കിട്ടിയാൽ വീണ്ടും അഴിമതി ഭരണം കാണേണ്ടി വരും, കർണാടകയിൽ ബിജെപി സർക്കാർ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചപ്പോൾ സിദ്ധരാമയ്യ അവരെ തുറന്നുവിട്ടുവെന്നും അമിത്ഷാ ആരോപിച്ചു. ഇതോടുകൂടി കർണാടകയിൽ തെരഞ്ഞെടുപ്പ് പോര് ശക്തമായിരിക്കുകയാണ്.

രാഹുൽ ഗാന്ധിയുടെ അപകീർത്തി കേസ്

2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോലാറിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗവും വിവാദമായിരുന്നു. രാഹുലിന്റെ ലോക് സഭാംഗത്വം റദ്ദാവുന്നതിനും അത് കാരണമായി.  ഒരു കാര്യം ചോദിക്കട്ടെ? ഈ കള്ളന്മാരുടെയെല്ലാം പേരുകളിൽ എന്തുകൊണ്ടാണ് മോദിയുള്ളത്? നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി... എന്നായിരുന്നു രാഹുലിന്റെ പരാമർശം. അത് മോദി എന്നു പേരുള്ള എല്ലാവരെയും അപമാനിക്കുന്നതിനു തുല്യമാണെന്നായിരുന്നു ഉയർന്ന ആരോപണം. ഈ പരാമർശത്തിന്റെ പേരിലാണ് മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്ന് കാണിച്ച് സൂറത്ത് കോടതി രണ്ട് വർഷം തടവ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. പിന്നീട് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കർക്ക് സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിന്താൽ പരാതി നൽകുകയും, ലോക്‌സഭാ സെക്രട്ടേറിയേറ്റ് അംഗത്വം റദ്ദാക്കിക്കൊണ്ടുള്ള സർക്കുലർ പുറത്തിറക്കുകയും ചെയ്തു. കോടതി ഉത്തരവു പുറത്തുവന്ന അന്നു മുതൽ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായതായി സർക്കുലറിൽ പറയുന്നു. ഇതോടെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് രാഹുലിന് ആറ് വർഷത്തെ വിലക്കുണ്ട്. സൂറത്ത് കോടതി കേസിൽ അപ്പീൽ നൽകാൻ 30 ദിവസവും ജാമ്യവും രാഹുൽ ഗാന്ധിക്ക് നൽകുകയും രാഹുൽ അപേക്ഷ നൽകിയതിനെ തുടർന്ന് ജാമ്യം നീട്ടുകയും ചെയ്തിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയതിൽ രാജ്യമെങ്ങും വലീയ പ്രതിഷേധമാണ് ഉയർന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനൊപ്പം മറ്റു പ്രതിപക്ഷ പാർട്ടികളും കോൺഗ്രസ്സ് നേതാവിന് പിന്തുണയുമായി രംഗത്തെത്തി. നടപടി ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി അദ്ധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. ബിജെപിയെ ശക്തമായ ഭാഷയിൽ വിമർശിച്ചുകൊണ്ട്, കോൺഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധിയും രംഗത്തെത്തിയിരുന്നു. രാഹുൽ ഒരിക്കലും തല കുനിക്കില്ലെന്ന് അവർ പറഞ്ഞു. 

പ്രതിപക്ഷ പാർട്ടികളെ വേട്ടയാടുന്ന കേന്ദ്ര സർക്കാർ നയത്തിന്റെ ഏറ്റവും പുതിയ ഏടായാണ് പ്രതിപക്ഷം രാഹുലിനെതിരായ നീക്കത്തെ കാണുന്നത്. ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയ അഴിമതി ആരോപിക്കപ്പെട്ട് നിലവിൽ ജയിലിലാണ്, ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയും കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിട്ടു വരികയാണ്. ഇതിനിടെയാണ് രാഹുൽ ഗാന്ധിക്കെതിരായ നീക്കം നടന്നത്. നരേന്ദ്ര മോദി സർക്കാരിൽ നിന്ന് തുടർച്ചയായ വേട്ടയാടൽ നേരിടുന്ന എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഐക്യപ്പെടുത്തുന്ന നീക്കമായി ഇത് മാറിയിരിക്കുകയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയ്‌ക്കെതിരെ 14 രാഷ്ട്രീയ കക്ഷികൾ ചേർന്ന് സുപ്രീം കോടതിയിൽ ഹർജി നൽകുകയും ചെയ്തിരുന്നു. 

കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി ബിജെപിയും കോൺഗ്രസും

ദേശീയ നേതാക്കളെ ഇറക്കിയാണ് ഇരു പാർട്ടികളും കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കുന്നത്. കേന്ദ്രമന്ത്രിമാരായ നിർമല സീതാരാമനും രാജ്നാഥ് സിംഗും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഇന്നലെ കർണാടകയിലെ വിവിധ ഭാഗങ്ങളിൽ പ്രചരണം നടത്തി. പ്രിയങ്കാ ഗാന്ധി കർണാടകയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. ചൊവ്വാഴ്ച കൃഷ്ണരാജനഗരിയിൽ പ്രിയങ്ക റോഡ് ഷോ നടത്തി. 

കർണാടകയിലെ 50 ലക്ഷത്തോളം വരുന്ന ബിജെപി പ്രവർത്തകരുമായി പ്രധാനമന്ത്രി ഇന്ന് ഓൺലൈൻ വഴി സംവദിച്ചു. 58,112 ബൂത്തുകളിൽ ഓരോ ബൂത്തിലും ടെലിവിഷനുകൾ സ്ഥാപിച്ചാണ് ആശയവിനിമയം നടത്തിയത്. പല തവണ മാറ്റിവച്ച രാഹുൽ ഗാന്ധിയുടെ റോഡ് ഷോയും ഇന്നാണ്. രാഹുൽ ഗാന്ധിയുടെ റോഡ് ഷോയ്ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയത്. ഉടുപ്പി ജില്ലയിലെ കൗപ് മണ്ഡലത്തിൽ മത്സ്യത്തൊഴിലാളികളുമായി രാഹുൽ സംവദിച്ചു. 

ബിജെപിക്കെതിരെ രൂക്ഷമായ വിമർശനമാണ് പ്രിയങ്ക ഗാന്ധി ഉന്നയിച്ചത്. സർക്കാർ 1.5 ലക്ഷം കോടി കൊള്ളയടിച്ചതായി പ്രിയങ്ക ആരോപിച്ചു. കർണാടകയിലെ പാൽ മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും തദ്ദേശീയ പാൽ ബ്രാൻഡായ നന്ദിനിയെ സംരക്ഷിക്കുമെന്നും പ്രിയങ്ക ഉറപ്പു നൽകി. 

തെരഞ്ഞെടുപ്പിൽ 2,613 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. ഇതിൽ 2,427 പേർ പുരുഷന്മാരും 185 പേർ സ്ത്രീകളുമാണ്. ട്രാൻസ്ജൻഡർ വിഭാഗത്തിൽ നിന്ന് ഒരാളാണ് ഉള്ളത്. ഭരണത്തിലുള്ള ബിജെപി 224 മണ്ഡലങ്ങളിലും കോൺഗ്രസ് 223 മണ്ഡലങ്ങളിലേക്കുമാണ് സ്ഥാനാർഥിയെ നിർത്തിയിട്ടുള്ളത്. കൂടാതെ, ജെഡിഎസ് 207 മണ്ഡലങ്ങളിലും, ആം ആദ്മി 209 മണ്ഡലങ്ങളിലും, ബഹുജൻ സമാജ് പാർട്ടി 133 മണ്ഡലങ്ങളിലും സിപിഐഎം നാലിടത്തും മത്സരിക്കുന്നുണ്ട്.  

തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ വീറും വാശിയുമായി എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് ഗോദയിലാണ്. 224 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മെയ് 10 നും ഫലപ്രഖ്യാപനം മെയ് 13 നും നടക്കും. മെയ് 24 നാണ് നിലവിലെ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നത്.

 

#Daily
Leave a comment