വിനേഷ് ഫോഗട്ട് | PHOTO: PTI
പരിക്ക്, നിലവിലെ ചാമ്പ്യന്‍ ഏഷ്യന്‍ ഗെയിംസിനില്ല
പരിക്കിനെ തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാന്‍ സാധിക്കില്ല. തന്റെ ഔദ്യോഗിക എക്സ് (ട്വിറ്റര്‍) അക്കൗണ്ടിലൂടെയാണ് താരം ഏഷ്യന്‍ ഗെയിംസില്‍ ഉണ്ടാവില്ല എന്ന കാര്യം അറിയിച്ചത്. പരിശീലനത്തിനിടെ മുട്ടിന് പരിക്ക് പറ്റിയതാണ് താരത്തിന് തിരിച്ചടിയായത്. പരിക്കിനെ തുടര്‍ന്ന് ഡോക്ടര്‍ താരത്തോട് നിര്‍ബന്ധിത ശസ്ത്രക്രിയയ്ക്ക് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ഓഗസ്റ്റ് 17 ന് മുംബൈയില്‍ താരം ശസ്ത്രക്രിയയ്ക്ക് വിധേയമാവും. ചൈനയിലെ ഹാങ്ങ്ഷുവില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന് സെപ്റ്റംബര്‍ 23 ന് തുടക്കമാവും.
പകരം ഇറങ്ങുക ലോക ചാമ്പ്യന്‍
രണ്ടുതവണ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയ വിനേഷ് ഫോഗട്ട് ഏഷ്യന്‍ ഗെയിംസിലെ നിലവിലെ ചാമ്പ്യന്‍ കൂടിയാണ്. 2018 ല്‍ ജക്കാര്‍ത്തയില്‍ നടന്ന ഗെയിംസിലായിരുന്നു ഇന്ത്യയ്ക്ക് വേണ്ടി വിനേഷിന്റെ സ്വര്‍ണ്ണ മെഡല്‍ നേട്ടം. ഇന്ത്യയ്ക്ക് വേണ്ടി നിരവധി ടൂര്‍ണ്ണമെന്റുകളില്‍ വിജയിച്ച വിനേഷ് ഈ ഏഷ്യന്‍ ഗെയിംസിലെയും രാജ്യത്തിന്റെ പ്രധാന മെഡല്‍ പ്രതീക്ഷകളില്‍ ഒന്നായിരുന്നു. വിനേഷ് മത്സരിക്കാത്തത് തിരിച്ചടിയാണെങ്കില്‍ പോലും ഇന്ത്യയ്ക്ക് നിരാശരാകേണ്ടതില്ല. വിനേഷ് ഫോഗട്ടിന് പകരം 53 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയ്ക്കായി ഇറങ്ങുക പത്തൊന്‍പതുകാരി അമിത് പാന്‍ഘാല്‍ ആയിരിക്കും. ഇന്ത്യയ്ക്കുവേണ്ടി ആദ്യമായി അണ്ടര്‍ 20 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയ താരം കൂടിയാണ് അമിത് പാന്‍ഘാല്‍. നിലവില്‍ തന്റെ കരിയറിലെ രണ്ടാമത്തെ അണ്ടര്‍ 20 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ് അമിത് പാന്‍ഘാല്‍. ജോര്‍ദാനിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
ന്യൂഡല്‍ഹിയില്‍ വച്ച് നടന്ന ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ 53 കിലോഗ്രാം വിഭാഗത്തില്‍ ഒന്നാംസ്ഥാനം നേടിയത് അമിത് പാന്‍ഘാല്‍ തന്നെയായിരുന്നു. എന്നാല്‍ ഗുസ്തി ഫെഡറേഷന്റെ അഡ്‌ഹോക്ക് കമ്മിറ്റി തീരുമാനം വിനേഷ് ഫോഗട്ടിനെ മത്സരങ്ങള്‍ക്കയയ്ക്കുക എന്നതായിരുന്നു. ഫെഡറേഷന്റെ ഈ തീരുമാനത്തിനെതിരെ വിമര്‍ശനങ്ങളുയരുകയും അമിത് പാന്‍ഘാല്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ബി.ജെ.പി എം പി ബ്രിജ് ബൂഷന് എതിരായുള്ള സമരത്തിന്റെ നേതൃത്വത്തില്‍ ഒരാള്‍ കൂടിയായ വിനേഷ് ഫോഗട്ടിന് ഈ വര്‍ഷം നടന്ന ഒരു ടൂര്‍ണ്ണമെന്റിലും പങ്കെടുക്കാനും സാധിച്ചിരുന്നില്ല.