
ഷൂട്ടിങിനിടെ പരിക്ക്; മഞ്ജു വാര്യര്‍ക്കെതിരെ 5.75 കോടി രൂപ നഷ്ടപരിഹാരത്തിന് നോട്ടീസയച്ച് നടി
മഞ്ജു വാര്യര്‍ക്കെതിരെ 5.75 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസയച്ച് നടി ശീതള്‍ തമ്പി. മഞ്ജു വാര്യര്‍ കൂടി നിര്‍മ്മാതാവായ ഫൂട്ടേജ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കാലിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്. പരിക്ക് മൂലം നടക്കാനാവാത്ത സ്ഥിതിയാണെന്നും നഷ്ട പരിഹാരം ലഭിച്ചില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.
2023 മെയ് 20 മുതല്‍ 19 ദിവസമായിരുന്നു ഷൂട്ടെന്നും അഞ്ചടി താഴ്ചയിലേക്ക് ചാടുന്ന രംഗം ചിത്രീകരിച്ചതോടെയാണ് കാലിന് പരിക്കേറ്റതെന്നും ശീതള്‍ പ്രതികരിച്ചു. ചിത്രീകരണ സമയത്തെ സജ്ജീകരണങ്ങള്‍ സുരക്ഷിതമല്ലായിരുന്നുവെന്നും ആംബുലന്‍സ് ലൊക്കേഷനില്‍ ഇല്ലായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. ഫസ്റ്റ് എയ്ഡ് സംവിധാനത്തിന്റെ അഭാവവും ചൂണ്ടിക്കാട്ടുന്നുണ്ട്.
അപകടത്തെ തുടര്‍ന്ന് രണ്ട് ശസ്ത്രക്രിയകള്‍ ചെയ്തുവെന്നും ഒരു മാസത്തിന് ശേഷമാണ് ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജായതെന്നും 8.13 ലക്ഷം രൂപ നിര്‍മ്മാണ കമ്പനിയാണ് അടച്ചതെന്നും നടി വ്യക്തമാക്കി. എന്നാല്‍ ഇപ്പോഴും നടക്കാന്‍ സാധിക്കുന്നില്ലെന്നും ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കിയെന്നും നടി സൂചിപ്പിക്കുന്നു. തന്റെ കരിയര്‍ തന്നെ നഷ്ടപ്പെടുന്ന അവസ്ഥയാണെന്നും നടി പ്രതികരിച്ചു. നഷ്ടപരിഹാരം നല്‍കുമെന്ന് മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉറപ്പുനല്‍കിയിരുന്നെന്നും എന്നാല്‍ പിന്നീട് മൗനം പാലിച്ചുവെന്നുമാണ് ആരോപണം. ഓഗസ്റ്റ് 2 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ വയനാട് ദുരന്തത്തെ തുടര്‍ന്ന് ഇന്ന് റിലീസ് ചെയ്യുകയായിരുന്നു. മഞ്ജുവാര്യര്‍ പങ്കാളിയായ മൂവി ബക്കറ്റാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍.