
മുല്ലപ്പെരിയാർ അണക്കെട്ടിൽ പരിശോധന
മുല്ലപ്പെരിയാർ അണക്കെട്ടിൽ ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റിയുടെ പരിശോധന. അണക്കെട്ട് നല്ല നിലയിലാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും എൻഡിഎസ്‌എ ചെയർമാൻ അനിൽ ജെയിൻ പറഞ്ഞു. അണക്കെട്ട് പരിശോധനയുടെ മേൽനോട്ട സമിതി യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അണക്കെട്ടിന്റെ ഘടന, ഉപകരണങ്ങൾ, ഹൈഡ്രോ-മെക്കാനിക്കൽ ഘടകങ്ങൾ, ഗാലറി എന്നിവയുൾപ്പെടെ വിവിധ വശങ്ങൾ സമിതി പരിശോധിച്ചു.
മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച് കേരളവും തമിഴ്നാടും തമ്മിലുള്ള നിരവധി പ്രശ്‌നങ്ങൾ കൂടിക്കാഴ്ചയിൽ രമ്യമായി പരിഹരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. അണക്കെട്ട് സുരക്ഷാ വിലയിരുത്തലിനുള്ള പ്രവർത്തനം മേൽനോട്ട ഉപസമിതികൾ അന്തിമമാക്കിയിട്ടുണ്ടെന്നും മൂല്യനിർണ്ണയത്തിന് ആവശ്യമായ സ്വതന്ത്ര വിദഗ്ദ്ധ പാനലിൽ ഉൾപ്പെടുത്തേണ്ട വിദഗ്ധരുടെ പട്ടിക ഇരു സംസ്ഥാനങ്ങളും സമർപ്പിക്കുമെന്നും ജെയിൻ പറഞ്ഞു.


