REPRESENTATIONAL IMAGE
ഷവര്‍മ വില്‍പ്പന കേന്ദ്രങ്ങളില്‍ പരിശോധന; 148 ഇടങ്ങളില്‍ വില്‍പ്പന നിര്‍ത്തിവെച്ചു
സംസ്ഥാന വ്യാപകമായി ഷവര്‍മ വില്‍പന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. ഷവര്‍മ നിര്‍മ്മാണത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായിരുന്നു പരിശോധന. 88 സ്‌ക്വാഡുകള്‍ 1287 കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. മാനദണ്ഡങ്ങള്‍ ലംഘിച്ച 148 സ്ഥാപനങ്ങളിലെ വില്‍പ്പന നിര്‍ത്തിവയ്പ്പിച്ചിരിക്കുകയാണ്. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ജോയിന്റ് കമ്മീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണര്‍മാരായ എസ് അജി, ജി രഘുനാഥ കുറുപ്പ്, വികെ പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.
പരിശോധന തുടരും
മയണൈസ് തയ്യാറാക്കുന്നതിലെ മാനദണ്ഡങ്ങളില്‍ വീഴ്ചവരുത്തിയ 146 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തായും പരിശോധന തുടരും, നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ഷശന നടപടിയുണ്ടാകും എന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി. 178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടീസും നല്‍കിയിട്ടുണ്ട്.
ഷവര്‍മ ഉണ്ടാക്കി വില്‍പ്പന നടത്തുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്. ഭക്ഷണം പാകംചെയ്യുന്നയാള്‍ വ്യക്തിശുചിത്വം പാലിക്കുകയും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നേടുകയും വേണം. കാറ്റും പൊടിയും കയറുന്ന രീതിയില്‍ തുറന്ന സ്ഥലങ്ങളില്‍ ഷവര്‍മ കോണുകള്‍ സ്ഥാപിക്കാന്‍ പാടില്ല. ഷവര്‍മ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ഫ്രീസറുകളും ചില്ലറകളും കൃത്യമായ ഊഷ്മാവില്‍ പ്രവര്‍ത്തിപ്പിക്കണം. ഇതിനുള്ള ടെമ്പറേച്ചര്‍ മോണിറ്ററിങ് റെക്കോര്‍ഡ്‌സ് സൂക്ഷിക്കണം. ലേബലില്‍ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ ഷവര്‍മയുടെ കൂടെ കഴിക്കുന്ന ബ്രഡ്, കുബ്ബൂസ് എന്നിവ വാങ്ങാന്‍ പാടുള്ളു. രണ്ടുമണിക്കൂറില്‍ കൂടുതല്‍ മയണൈസ് സാധാരണ ഊഷ്മാവില്‍ സൂക്ഷിക്കാന്‍ പാടുള്ളതല്ല തുടങ്ങിയ നിയമങ്ങള്‍ പാലിക്കണം. എന്നാല്‍ സംസ്ഥാനത്തുടനീളം ഇത്തരം നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നില്ല. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് നിയമപ്രകാരം ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുത്തുവേണം പ്രവര്‍ത്തിക്കാന്‍. ഇത് ലംഘിച്ചാല്‍ പത്ത് ലക്ഷം രൂപ വരെ പിഴ ലഭിക്കാം.