TMJ
searchnav-menu
post-thumbnail

TMJ Daily

സെക്സ്റ്റോർഷൻ തടയാൻ പുതിയ ഫീച്ചറുമായി ഇൻസ്റ്റഗ്രാം

18 Oct 2024   |   1 min Read
TMJ News Desk

ലൈംഗികാതിക്രമം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, ഒരു തവണ മാത്രം കാണാൻ കഴിയുന്ന ചിത്രങ്ങളും വീഡിയോകളും ചാറ്റിലൂടെ അയക്കുമ്പോൾ, അത് സ്ക്രീൻഷോട്ട് എടുക്കാനോ റെക്കോർഡ് ചെയ്യുന്നതോ ഉള്ള സാധ്യത തടയുന്ന ഫീച്ചറുമായി ഇൻസ്റ്റഗ്രാം.  ഇൻസ്റ്റഗ്രാമിലൂടെ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച്  ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങൾ തടയാനായിട്ടാണ് ഇത്തരം ഫീച്ചറുകൾ ഇൻസ്റ്റാഗ്രാം അവതരിപ്പിക്കുന്നത്. പ്രധാനമായും കൗമാരക്കാരെ സംരക്ഷിക്കാനാണ് ഇത്തരം ഫീച്ചറുകൾ. ഇൻസ്റ്റഗ്രാമിന്റെ വെബിലും ആപ്പിലും പുതിയ ഫീച്ചറുകൾ ലഭ്യമാക്കും.

നഗ്ന ചിത്രങ്ങൾ ഉപയോഗിച്ച്  പണത്തിനോ ലൈംഗികാവശ്യങ്ങൾക്കോ ഭീഷണിപ്പെടുത്തുന്ന കുറ്റകൃത്യങ്ങളാണ് “സെക്സ്റ്റോർഷൻ” എന്ന് പറയുന്നത്. ഇത് തടയുന്നതിനുള്ള ശ്രമങ്ങൾ മുൻകൂട്ടി മാതാപിതാക്കൾക്കും കുട്ടികൾക്കും തിരിച്ചറിയാൻ ആവശ്യമായ ബോധവത്ക്കരണപരിപാടികൾ നടത്തുമെന്ന് മെറ്റയുടെ ഗ്ലോബൽ സേഫ്റ്റി ഹെഡ് ആയ ആൻറിഗോൺ ഡേവിസ് അറിയിച്ചു. ഏത് തരത്തിലുള്ള സംരക്ഷണങ്ങൾ ഏർപ്പെടുത്തിയാലും ഇത്തരത്തിൽ കുറ്റകൃത്യം നടത്തുന്ന ആളുകൾ കുട്ടികളുടെ അടുത്തേക്കെത്തുമെന്ന പ്രതിസന്ധിയുണ്ടെന്നും അവർ പറഞ്ഞു.

നഗ്നചിത്രങ്ങൾ  അവ്യക്തമാക്കുകയും, ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുമെന്ന് കരുതുന്ന അക്കൗണ്ടുകളിൽ നിന്നും  ഫോളോവേഴ്സിന്റെ ലിസ്റ്റ് മറച്ചു പിടിക്കുകയും ചെയ്യുന്ന ബീറ്റ(Beta) ഫീച്ചറുകൾ സ്ഥിരമാക്കും. കുട്ടികളെ സംരക്ഷിച്ചില്ലെങ്കിൽ വലിയ തുക പിഴ അടക്കേണ്ടി വരുമെന്ന് യുകെ ആശയവിനിമയ നിരീക്ഷണസമിതിയായ ഓഫ്കോം താക്കീത് നൽകിയതിന് ശേഷമാണ് പുതിയ സുരക്ഷാ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം മുന്നോട്ട് വന്നത്.

ശരിയായ ദിശയിലേക്കുള്ള ആദ്യത്തെ പടിയാണ് പുതിയ ഫീച്ചറുകളെന്ന് കുട്ടികളുടെ ചാരിറ്റിയായ എൻ എസ് പി സി സി (NSPCC) പറഞ്ഞു. ഇത്തരത്തിലുള്ള ഫീച്ചറുകൾ മെറ്റയുടെ വാട്സാപ്പ്, ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകളിലും എന്തുകൊണ്ടാണ് കൊണ്ട് വരാത്തതെന്ന് എൻ എസ് പി സി സിയുടെ ചൈൽഡ് സേഫ്റ്റി ഓൺലൈൻ പോളിസിയുടെ തലവൻ റിച്ചാർഡ് കോളാർഡ് ചോദിച്ചു. ഇൻസ്റ്റാഗ്രാമിൽ, കൗമാരക്കാരായ ആൺകുട്ടികളെയടക്കം ഭീഷണിപ്പെടുത്തി കുറ്റകൃത്യം ചെയ്യുന്ന കേസുകളുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായിട്ടുള്ളത് എന്ന് നിയമപാലകർ പറയുന്നു.

കുട്ടികളെ സംരക്ഷിക്കാനുള്ള നടപടികളൊന്നും ഇൻസ്റ്റഗ്രാമിന്റെ ഉടമസ്ഥരായ മെറ്റ ചെയ്യുന്നില്ലെന്ന് സെക്സ്റ്റോർഷന് ഇരയായി ആത്മഹത്യ ചെയ്ത, 16 വയസ്സ് പ്രായമുള്ള മുറെ ഡോവിയുടെ അമ്മ റോസ് ഡോവി  നേരത്തെ ആരോപിച്ചിരുന്നു.



#Daily
Leave a comment