TMJ
searchnav-menu
post-thumbnail

TMJ Daily

ഇന്റല്‍ പുതിയ സിഇഒയെ നിയമിച്ചു

13 Mar 2025   |   1 min Read
TMJ News Desk

തിരാളികളുടെ മുന്നേറ്റത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടുന്ന ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ പുതിയ സിഇഒയെ പ്രഖ്യാപിച്ചു. മുന്‍ ബോര്‍ഡ് അംഗവും ചിപ്പ് വ്യവസായത്തില്‍ അനവധി വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയവുമുള്ള ലിപ്-ബു ടാന്‍ ആണ് പുതിയ സിഇഒ. മാര്‍ച്ച് 18ന് ചുമതലയേല്‍ക്കും.

കമ്പനിയില്‍ വന്‍മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ച് പരാജയപ്പെടുകയും നിക്ഷേപകരുടെ വിശ്വാസം നഷ്ടമാകുകയും ചെയ്ത പാറ്റ് ഗെല്‍സിങ്ങറെ മൂന്ന് മാസം മുമ്പ് ഇന്റല്‍ പുറത്താക്കിയിരുന്നു.

ഇന്റലിന്റെ മുന്‍ ബോര്‍ഡ് അംഗമായിരുന്ന ടാന്‍ സിഇഒയായി തിരിച്ചുവരുന്ന വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് ഓഹരി വില 12 ശതമാനം കുതിച്ചുയര്‍ന്നു. കമ്പനിക്ക് സ്ഥിരത കൊണ്ടുവരാന്‍ ടാനിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 2024ല്‍ ഇന്റലിന്റെ ഓഹരിവില 60 ശതമാനം ഇടിഞ്ഞിരുന്നു.

തങ്ങളുടെ ഏറ്റവും ദുര്‍ബലമായ കാലഘട്ടത്തില്‍നിന്നും പുറത്തുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ചരിത്രപരമായ വന്‍മാറ്റങ്ങള്‍ ഇന്റലില്‍ നടക്കുന്നുണ്ട്.

അഡ്വാന്‍സ്ഡ് എഐ ചിപ്പുകള്‍ക്ക് ഉണ്ടായിട്ടുള്ള മുന്നേറ്റത്തില്‍ നിന്നും നേട്ടം കൊയ്യാന്‍ ഇന്റലിന് സാധിച്ചിരുന്നില്ല. അതേസമയം എതിരാളികളായ എന്‍വിഡിയയും മറ്റ് ചിപ്പ് നിര്‍മ്മാതാക്കളും അസാധാരണമായ നേട്ടം കൈവരിച്ചിരുന്നു. മറ്റ് കമ്പനികള്‍ക്കുവേണ്ടിയുള്ള ചിപ്പ് നിര്‍മ്മാണകരാറുകാരാകാന്‍ ഇന്റല്‍ ധാരാളം പണം ചെലഴിക്കുന്നത് കമ്പനിയുടെ കാഷ് ഫ്‌ളോയെ ബാധിക്കുന്നത് നിക്ഷേപകരുടെ ആശങ്കയ്ക്ക് കാരണമായിരുന്നു.

ഇന്റലിന്റെ ചിപ്പ് ഡിസൈന്‍, മാര്‍ക്കറ്റിങ് ബിസിനസുകളെ അവരുടെ എതിരാകളായ ബ്രോഡ്‌കോം അടക്കമുള്ളവര്‍ വിലയിരുത്തുന്നതായി കഴിഞ്ഞ ഏതാനും മാസങ്ങളായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം, ടിഎസ്എംസി ഇന്റലിന്റെ ചിപ്പ് പ്ലാന്റുകളില്‍ ചിലതിനെ അല്ലെങ്കില്‍ എല്ലാത്തിന്റേയും നിയന്ത്രണം നിക്ഷേപകരുടെ കൂട്ടായ്മയിലൂടെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുവെന്നും വാര്‍ത്തയുണ്ടായിരുന്നു.

ഇതിനായി ടിഎസ്എംസി ഇന്റലിന്റെ ഏറ്റവും വലിയ നിര്‍മ്മാണ ഉപഭോക്താക്കളെ സമീപിച്ചിരുന്നു. എന്നാല്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം ടിഎസ്എംസിയോട് ഇന്റലിനെ സഹായിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.




 

 

#Daily
Leave a comment