
ഇന്റൽ സിഇഒ ലിപ്-ബു ടാൻ ഉടൻ രാജി വയ്ക്കണം: ട്രംപ്
ചൈനീസ് കമ്പനികളുമായുള്ള ബന്ധം ആരോപിച്ച് ഇന്റൽ സിഇഓയുടെ രാജി ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്റലിനെ പഴയ പ്രതാപത്തിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് ലിപ്-ബു ടാനിനെ സിഇഒ ആയി നിയമിച്ചത്. ചൈനീസ് സൈന്യവുമായി ബന്ധമുള്ളവയടക്കം, വിവിധ ചിപ് നിർമാണ കമ്പനികളിലും മറ്റും 200 മില്യൺ യുഎസ് ഡോളർ ലിപ്-ബു ടാൻ നിക്ഷേപിച്ചിട്ടുണ്ടെന്ന് റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.
രാജിയല്ലാതെ ഈ പ്രശ്നത്തിന് മറ്റൊരു പരിഹാരവുമില്ലെന്നും ട്രൂത് സോഷ്യൽ പ്ലാറ്റ്ഫോർമിൽ ട്രംപ് കൂട്ടിച്ചേർത്തു. റിപ്പബ്ലിക്കൻ സെനറ്റർ ടോം കോട്ടൻ ഇന്റൽ ബോർഡിലേക്ക് പ്രസ്തുത വിഷയങ്ങളിൽ വിവിധ ചോദ്യങ്ങൾ തന്റെ കത്തിലൂടെ ചോദിച്ചിരുന്നു. അതിന് ശേഷമാണ് ട്രംപിന്റെ പ്രതികരണം ഉണ്ടായത്. അമേരിക്കയിൽ തന്നെയുള്ള ചിപ് നിർമാണം വർധിപ്പിക്കാനുള്ള ട്രംപ് സർക്കാരിന്റെ ശ്രമങ്ങളുടെ നെടുംതൂണാവേണ്ടതാണ് ഇന്റലെന്നും, കഴിഞ്ഞ വർഷം 8 ബില്യൺ യുഎസ് ഡോളറാണ് സബ്സിഡി ഇനത്തിൽ യുഎസ് സർക്കാരിൽ നിന്നും ഇന്റലിന് ലഭിച്ചിട്ടുള്ളതെന്നും റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്തു.


