ആഭ്യന്തര സംഘർഷവും പ്രകൃതി ദുരന്തങ്ങളും; കിടപ്പാടം നഷ്ടപ്പെട്ട് ഏഴ് കോടി ജനങ്ങൾ
ആഭ്യന്തര സംഘർഷങ്ങളിലും കാലാവസ്ഥ വ്യതിയാനം മൂലമുള്ള പ്രകൃതി ദുരന്തങ്ങളിലും കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങളുടെ എണ്ണം ഏഴ് കോടിയിലധികമായതായി റിപ്പോർട്ട്. ജനീവ ആസ്ഥാനമായുള്ള ഇന്റേണൽ ഡിസ്‌പ്ലേസ്‌മെന്റ് സെന്ററാണ് (ഐഡിഎംസി) കണക്കുകൾ വെളിപ്പെടുത്തിയത്. യുക്രൈൻ- റഷ്യ യുദ്ധവും പാകിസ്ഥാനിലെ വെള്ളപ്പൊക്കവും സ്ഥിതിഗതികളുടെ ആക്കം കൂട്ടി. 2021ന് ശേഷം പലായനത്തിൽ 20 ശതമാനം വർധനവുണ്ടായതായും റിപ്പോർട്ടിൽ പരാമർശിച്ചു.
സംഘർഷങ്ങൾ രൂക്ഷമായ 2022ൽ പ്രധാനമായും പത്ത് രാജ്യങ്ങളിലുള്ള ആളുകൾ കുടിയൊഴിപ്പിക്കപ്പെട്ടതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സിറിയ, അഫ്ഗാനിസ്ഥാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, യുക്രൈൻ, സുഡാൻ എന്നീ രാജ്യങ്ങളിലെ ജനങ്ങളാണ് കുടിയിറക്കപ്പെട്ടവരിൽ ഭൂരിഭാഗവും. ഐഡിഎംസിയുടെ കണക്കനുസരിച്ച് യുക്രൈനിലെ യുദ്ധസാഹചര്യങ്ങൾ മൂലം കഴിഞ്ഞ വർഷം 17 ദശലക്ഷം ജനങ്ങൾ സ്വന്തം വീട് വിട്ടിറിങ്ങേണ്ടി വന്നു. സംഘർഷങ്ങളും അതിക്രമങ്ങളും മൂലം ലോകമെമ്പാടും 28.3 ദശലക്ഷം ജനങ്ങൾക്ക് സ്വന്തം സ്ഥലമുപേക്ഷിച്ച് പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്. ഈ സംഖ്യ കഴിഞ്ഞ പത്ത് വർഷത്തെ വാർഷിക ശരാശരിയേക്കാൾ മൂന്നിരട്ടി കൂടുതലാണെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
കൂടാതെ, കഴിഞ്ഞ വർഷം 32.6 ദശലക്ഷം ആളുകൾ വിവിധ രാജ്യങ്ങളിലുണ്ടായ വെള്ളപ്പൊക്കം, വരൾച്ച, ഉരുൾപ്പൊട്ടൽ എന്നീ ദുരന്തങ്ങൾ മൂലം കുടിയിറക്കപ്പെട്ടിട്ടുണ്ട്. അപ്രതീക്ഷിതമായി ഉണ്ടായ പ്രകൃതി ദുരന്തങ്ങളും സംഘർഷങ്ങളും അതുവരെയുണ്ടായിരുന്ന ജനങ്ങളുടെ ജീവിതനിലവാരത്തെ ബാധിക്കുകയും പട്ടിണിയും പോഷകാഹാരക്കുറവും വർധിപ്പിക്കുകയും ചെയ്തു. പ്രധാനമായും ലാ നിന പ്രതിഭാസം മൂലം ആഫ്രിക്കയിൽ 40 വർഷത്തിനിടയിലെ ഏറ്റവും മോശമായ വരൾച്ചയിൽ 2.1 ദശലക്ഷം ജനങ്ങൾ പലായനം ചെയ്യാൻ കാരണമായി. ഭക്ഷ്യവിഭവങ്ങളുടെ അഭാവം രൂക്ഷമായതിനാൽ സൊമാലിയയിൽ മാത്രം 1.1 ദശലക്ഷം ജനങ്ങളും വിടു വിട്ടിറങ്ങേണ്ടി വന്നു. മാത്രമല്ല, യുക്രൈനിലെ യുദ്ധം ലോകമെമ്പാടും ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയെ ബാധിക്കുകയുണ്ടായി. ഇതുമൂലം പലായനം ചെയ്തിരുന്ന ജനങ്ങൾ ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ടിയതായും നോർവീജിയൻ അഭയാർത്ഥി കൗൺസിലിന്റെ സെക്രട്ടറി ജാൻ എഗെലാൻഡ് വ്യക്തമാക്കി.
പ്രകൃതിദുരന്തം ബാധിച്ച് ഇന്ത്യൻ ജനങ്ങളും
2022ൽ വിവിധ സംസ്ഥാനങ്ങളിലെ പ്രളയം മൂലം ഇന്ത്യയിൽ 25 ലക്ഷം ആളുകൾക്ക് കിടപ്പാടം നഷ്ടപ്പെട്ടതായി ഐഡിഎംസി വെളിപ്പെടുത്തി. 2021ൽ 49 ലക്ഷം ആളുകളെയായിരുന്നു പ്രകൃതി ദുരന്തങ്ങൾ ബാധിച്ചത്. ഏകദേശം 80ഓളം ചെറുതും വലുതുമായ പ്രകൃതി ദുരന്തങ്ങളാണ് ഇന്ത്യയിലുണ്ടായത്. മൺസൂൺ സീസണിലെ മഴയും പേമാരിയും മൂലമുണ്ടായ വെള്ളപ്പൊക്കത്തിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായിരിക്കുന്നത്. ഏറ്റവുമധികം നാശനഷ്ടമുണ്ടായത് അസമിലാണ്. മെയ് മാസത്തിലും പിന്നീട് ജൂണിലും അസമിൽ വെള്ളപ്പൊക്കമുണ്ടായി. വീടുകൾ നഷ്ടമായ ആളുകൾ താല്കാലിക ബോട്ടുകളിലായിരുന്നു പലായനം ചെയ്തത്. ശുദ്ധവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും അഭാവം ജനങ്ങൾക്കുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
രാജ്യത്ത് ആഭ്യന്തര സംഘർഷം മൂലം വീടുവിട്ടിറങ്ങിയവരുടെ കൃത്യമായ കണക്കുകൾ ലഭ്യമല്ല. എന്നിരുന്നാലും 2022 അവസാനത്തോടെ ഏകദേശം 631,000 ആളുകൾ പലായനം ചെയ്തതായാണ് റിപ്പോർട്ട് വെളിപ്പെടുത്തിയത്. അവരിൽ ഭൂരിഭാഗവും അസം, മിസോറാം, ത്രിപുര എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സംഘർഷങ്ങളാൽ പതിറ്റാണ്ടുകൾക്ക് മുമ്പ് കുടിയൊഴിപ്പിക്കപ്പെട്ടവരാണ്. ഐഡിഎംസിയുടെ പഠനമനുസരിച്ച് പ്രശ്‌നപരിഹാരത്തിനുള്ള ശാശ്വതമായ നടപടികൾ കൈവരിക്കുന്നതിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.
അപ്രതീക്ഷിത സംഘർഷങ്ങൾ, ദുരിതത്തിലാകുന്ന ജനങ്ങൾ
പീഡനം, യുദ്ധം, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും ജനങ്ങൾക്ക് രാജ്യത്തിനകത്തും മറ്റു രാജ്യങ്ങളിലേക്കും പലായനം ചെയ്യേണ്ട അവസ്ഥ വരാറുണ്ട്. വേണ്ടപ്പെട്ടതെല്ലാം ഉപേക്ഷിച്ച്, അഭയാർത്ഥികളാവുന്ന മനുഷ്യർക്ക് പലപ്പോഴും തിരിച്ചുവരവ് ഒരു സ്വപനം മാത്രമാണ്. യുദ്ധവും വംശീയവും മതപരവുമായ അക്രമണങ്ങളുമാണ് ആളുകൾ തങ്ങളുടെ രാജ്യങ്ങളിൽ നിന്ന് പലായനം ചെയ്യുന്നതിന്റെ പ്രധാന കാരണങ്ങൾ എന്ന് UNHCR പറയുന്നു. സിറിയ, വെനസ്വേല, അഫ്ഗാനിസ്ഥാൻ, ദക്ഷിണ സുഡാൻ, മ്യാൻമർ എന്നീ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള 68 ശതമാനം ആളുകളും ഇത്തരത്തിൽ പാലായനം ചെയ്തിട്ടുള്ളവരാണ്. 2020 അവസാനത്തോടെ പീഡനം, സംഘർഷം, അക്രമം, മനുഷ്യാവകാശ ലംഘനങ്ങൾ എന്നിവ കാരണം ലോകമെമ്പാടുമായി 8.24 കോടി ആളുകൾ പലായനം ചെയ്തിട്ടുണ്ട്. തുർക്കിയിലാണ് ഏറ്റവും കൂടുതൽ അഭയാർത്ഥികളുള്ളത്. സിറിയയിൽ നിന്ന് മാത്രം 40 ലക്ഷത്തോളം അഭയാർത്ഥികൾ തുർക്കിയിലുണ്ട്.
യുക്രൈൻ പലായനം
2022 ഫെബ്രുവരിയിൽ റഷ്യയും യുക്രൈനും തമ്മിൽ യുദ്ധം തുടങ്ങിയതു മുതൽ ദശലക്ഷക്കണക്കിന് ആളുകളാണ് യുക്രൈനിൽ നിന്ന് പലായനം ചെയ്തത്. 1.2 ദശലക്ഷം കുട്ടികൾ ഉൾപ്പെടെ 6.5 ദശലക്ഷം ആളുകൾ നിലവിൽ യുക്രൈനിനുള്ളിൽ പലായനം ചെയ്തതായാണ് കണക്കുകൾ. ദശലക്ഷക്കണക്കിന് ആളുകൾ രാജ്യം വിടുകയും ചെയ്തു. ഏകദേശം 8 ദശലക്ഷം പേർ യൂറോപ്പിലേക്ക് പോയിട്ടുണ്ട്. ഇതിൽ 90 ശതമാനവും സ്ത്രീകളും കുട്ടികളുമാണ്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, ഏറ്റവും ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്രയും കുട്ടികളുടെ പലായനത്തിന് ആദ്യമായാണ് ഒരു യുദ്ധം കാരണമായിരിക്കുന്നതെന്ന് യൂണിസെഫ് ഡയറക്ടർ കാതറിൻ റസ്സൽ പറഞ്ഞു. യുദ്ധം തുടങ്ങി ഒരു മാസത്തിനുള്ളിൽ തന്നെ യുക്രൈനിലെ പകുതിയിലധികം കുട്ടികളും പലായനം ചെയ്തതായി യൂണിസെഫ് വ്യക്തമാക്കിയിരുന്നു.
പ്രളയത്തിൽ മുങ്ങിയ പാക് ജനത
പാകിസ്ഥാനിൽ 2022 ഓഗസ്റ്റിൽ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് 6,34,000 പേർ പലായനം ചെയ്തതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ. ഏകദേശം 3.3 ലക്ഷം പേർ വെള്ളപ്പൊക്കക്കെടുതി അനുഭവിച്ചവരാണെന്നാണ് പാകിസ്ഥാൻ ദുരന്ത നിവാരണ അതോരിറ്റിയുടെ കണക്കുകൾ.
അഫ്ഗാനിസ്ഥാൻ പലായനം
2020 ലെ കണക്കുകൾ അനുസരിച്ച് ഏകദേശം 28 ലക്ഷം അഫ്ഗാൻ അഭയാർത്ഥികൾ വിദേശ രാജ്യങ്ങളിലുണ്ട്. ആഗസ്റ്റ് 15ന് താലിബാൻ കാബൂൾ പിടിച്ചെടുത്തതോടെ ഇസ്ലാമിക് തീവ്രവാദ സംഘടനയുടെ ഭരണത്തിൽ നിന്നും രക്ഷപ്പെടാൻ ആളുകൾ രാജ്യം വിട്ടോടുകയാണ് ചെയ്തത്.