ആജ്ഞല റോഡൽ, ജോർജി ഗോസ്പഡിനോവ് | Photo: Facebook
അന്താരാഷ്ട്ര ബുക്കർ പ്രൈസ് ടൈം ഷെൽട്ടറിന്; യൂറോപ്യൻ ഭൂതകാലത്തിന്റെ നല്ല ഓർമകളെ തേടുന്ന നോവൽ
2023 ലെ അന്താരാഷ്ട്ര ബുക്കർ പ്രൈസ് ബൾഗേറിയൻ എഴുത്തുകാരൻ ജോർജി ഗോസ്പഡിനോവിന്റെ ടൈം ഷെൽട്ടറിന്. ബൾഗേറിയൻ സംഗീതജ്ഞയും വിവർത്തകയുമായ ആജ്ഞല റോഡൽ ആണ് ടൈം ഷെൽട്ടർ വിവർത്തനം ചെയ്തത്.
പുരസ്‌കാരം നേടുന്ന ആദ്യ ബൾഗേറിയക്കാരനാണ് 55കാരനായ ഗോസ്പഡിനോവ്. ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെടുന്ന അദ്ദേഹത്തിന്റെ മൂന്നാമത്തെ നോവലാണ് ടൈം ഷെൽട്ടർ. 2020ലാണ് നോവൽ പ്രസിദ്ധീകരിച്ചത്. ഇംഗ്ലീഷ് ഭാഷയ്ക്ക് പുറമെ നോവൽ ജർമൻ, ഫ്രഞ്ച്, ഇറ്റാലിയൻ, ഡാനിഷ് എന്നീ ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇരുവരും പുരസ്‌കാരത്തുകയായ 50,000 ബ്രിട്ടീഷ് പൗണ്ട് ഏകദേശം (അമ്പത്തൊന്ന് ലക്ഷം) ഇന്ത്യൻ രൂപ പങ്കുവയ്ക്കും. ലണ്ടനിൽ നടന്ന ചടങ്ങിൽ ഇവർ പുരസ്‌കാരം ഏറ്റുവാങ്ങി.
ഭൂതകാലത്തിലെ നല്ല ഓർമകൾ
യൂറോപ്പിലുടനീളം ആധിപത്യം പുലർത്തിയിരുന്ന കമ്യൂണിസത്തിന്റെ ഓർമകളും ഗൃഹാതുരത്വത്തിന്റെയും സംഘർഷങ്ങളുടെയും കഥകൾ പറയുന്നതാണ് ടൈം ഷെൽട്ടർ. അൽഷിമേഴ്‌സ് രോഗബാധിതരെ സഹായിക്കുന്നതിനായി സ്വിറ്റ്‌സർലൻഡിൽ സ്വന്തമായി ക്ലിനിക് തുടങ്ങുന്ന ഒരു മനോരോഗ വിദഗ്ധനാണ് നോവലിന്റെ കേന്ദ്രകഥാപാത്രം. ക്ലിനിക്കിലെത്തുന്ന രോഗികളുടെ ഓർമകൾ നിലനിർത്തുന്നതിനായി അവരുടെ മുൻകാല ജീവിതങ്ങളെ പുനർനിർമിച്ചുകൊണ്ട് നടത്തുന്ന പരീക്ഷണങ്ങളാണ് കഥയിലുടനീളം കാണാനാവുക. കിഴക്കൻ യൂറോപ്പിൽ നിന്നുള്ളവരാണ് മിക്ക രോഗികളും. ചിലർ സോവിയറ്റ് ഭരണകാലത്തെ തങ്ങളുടെ കഠിനമായ യുവത്വത്തിന്റെ ഓർമകളെ നിലനിർത്താൻ കൊതിക്കുന്നു. മറ്റു ചിലരാകട്ടെ തങ്ങൾക്ക് നിഷേധിക്കപ്പെട്ട കൗമാരകാലത്തിനായും ആഗ്രഹിക്കുന്നു. പരീക്ഷണം വിജയിക്കുന്നതോടെ ഓർമ നഷ്ടപ്പെട്ടവർ മാത്രമല്ല, തങ്ങളുടെ ഭൂതകാലത്തിലെ നല്ല ഓർമകളിലെന്നും ജീവിക്കാൻ കൊതിച്ച് നിരവധിപ്പേർ എത്തുകയാണ്. ഇത്തരത്തിൽ കഥ സോവിയറ്റ് ഭരണകാലത്തിനും തുടർന്നുള്ള പാശ്ചാത്യകാല ഓർമകളുടെ ഇടയിലും വിഭജിക്കപ്പെടുന്നു. യൂറോപ്യൻ യൂണിയനിലെ വിവിധ രാജ്യങ്ങളിൽ നിന്നുവരുന്ന രോഗികൾ തങ്ങളുടെ ജീവിതത്തിലെ ഇഷ്ടപ്പെട്ട കാലഘട്ടങ്ങളിൽ ജീവിക്കാൻ കൊതിക്കുകയാണ്. യൂണിയനിൽ നിന്ന് പിരിഞ്ഞുപോയ ബ്രിട്ടനെയും കഥയിൽ പരാമർശിക്കുന്നുണ്ട്. ഇത്തരത്തിൽ ഭാഷകളാലും സംസ്‌കാരങ്ങളാലും വിഭജിക്കപ്പെട്ട യൂണിയനിലെ രാജ്യങ്ങൾ വിവിധ ഭരണകാലഘട്ടങ്ങളുടെ പേരിലും വിഭജിക്കപ്പെടുന്നതാണ് കഥയിലുടനീളം പറഞ്ഞുവെക്കുന്നത്.
യൂറോപ്യൻ സാഹിത്യത്തിലെ പ്രമുഖ ശബ്ദം
യൂറോപ്യൻ സാഹിത്യത്തിലെ പ്രമുഖ ശബ്ദമായി പരക്കെ കണക്കാക്കപ്പെടുന്ന എഴുത്തുകാരനാണ് ജോർജി ഗോസ്പഡിനോവ്. 1968ലെ യൂറോപ്യൻ വിപ്ലവകാലത്ത് ബൾഗേറിയയിലെ യാംബോളിലെ ഒരു ചെറിയ പട്ടണത്തിലായിരുന്നു അദ്ദേഹം ജനിച്ചത്. നോവലിസ്റ്റ് ആയി അറിയപ്പെടുന്നതിനുമുൻപ് കവിയായിരുന്നു തുടക്കം. പിന്നീട് 1999ൽ ആദ്യ നോവലായ 'നാച്ചുറൽ നോവൽ' പ്രസിദ്ധീകരിച്ചു. ആദ്യ നോവലിലൂടെ തന്നെ അദ്ദേഹം മുൻനിര എഴുത്തുകാരിലൊരാളായി അറിയപ്പെട്ടു തുടങ്ങി. പിന്നീട് നോവൽ ജർമ്മൻ, ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയൻ എന്നിവയുൾപ്പെടെ 21 ഭാഷകളിൽ പ്രസിദ്ധീകരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവൽ, 'ദി ഫിസിക്സ് ഓഫ് സോറോ' (2012), 2012-2013 ലെ മികച്ച ഫിക്ഷനുള്ള മൂന്ന് ദേശീയ അവാർഡുകൾ നേടി. അതിൽ 2013 ലെ മികച്ച നോവലിനുള്ള ദേശീയ അവാർഡും ഉൾപ്പെടുന്നു. കൂടാതെ, ഇറ്റാലിയൻ, ജർമ്മൻ, സെർബിയൻ, റൊമാനിയൻ ഭാഷകളിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ഗോസ്പഡിനോവിന്റെ നിരവധി കൃതികൾ ബൾഗേറിയൻ സമൂഹത്തിൽ നിന്നും, കിഴക്കൻ യൂറോപിന്റെ ചരിത്രങ്ങളിൽ നിന്നും പ്രചോദനമുൾക്കൊണ്ടവയാണ്. പാരീസിലെ വിദ്യാർത്ഥികളുടെ പ്രക്ഷോഭവും, ലിബറൽ കമ്മ്യൂണിസത്തോടുള്ള ചെക്കോസ്ലോവാക്യയുടെ ഹ്രസ്വമായ ആഭിമുഖ്യവും തന്റെ കൃതികളിൽ ഉടനീളം അദ്ദേഹം ഉയർത്തിക്കാട്ടി. ബൾഗേറിയൻ എഴുത്തുകാരിൽ ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെട്ടതും അന്തർദേശീയ തലത്തിൽ നിരവധി അവാർഡ് ലഭിച്ചവരിൽ ഒരാളുമാണ് അദ്ദേഹം. കിഴക്കൻ യൂറോപ്പിന്റെ ഭൂതകാലത്തെയും ഇന്നത്തെ യൂറോപ്പിന്റെയും ലോകത്തിന്റെയും ഉത്കണ്ഠകളും തന്റെ കൃതികളിലൂടെ അദ്ദേഹം വിവരിക്കുന്നു. കുട്ടിക്കാലത്തെ ഓർമകളിൽ നിലനിൽക്കുന്ന സ്‌ട്രോബെറി വയലുകളിൽ ഇപ്പോഴും മുളകൾ നട്ടുപിടിപ്പിക്കുന്ന തന്റെ മാതാപിതാക്കൾക്ക് വേണ്ടിയാണ് ടൈം ഷെൽട്ടർ എന്ന നോവൽ സമർപ്പിച്ചിരിക്കുന്നത്.
പുരസ്‌കാര ലിസ്റ്റിൽ ഇടം പിടിച്ച മറ്റ് നോവലുകൾ
മെക്‌സിക്കൻ എഴുത്തുകാരിയും 'The Body Where I was Born' എന്ന പ്രശസ്ത നോവലിന്റെ രചയിതാവുമായ ഗോഡലൂപി നേതൽ എഴുതിയ 'സ്റ്റിൽ ബോൺ' (വിവ: റോസാലിന്റ് ഹാർവേ), ദക്ഷിണ കൊറിയൻ നോവലിസ്റ്റും തിരക്കഥാകൃത്തും സംവിധായകനുമായ മിയോൻ ക്വാൻ ചിയോന്റെ പ്രഥമകൃതിയായ 'വെയ്ൽ', (പ്രശസ്ത വിവർത്തകയും എഡിറ്ററുമായ ചി-യുങ് കീം ആണ് 'വെയ്ൽ' വിവർത്തനം ചെയ്തിരിക്കുന്നത്), സ്പാനിഷ് കവിയും എഴുത്തുകാരിയുമായ ഇവ ബാൽതാസറിന്റെ 'ബോൾഡർ', (പോർച്ചുഗീസ്, സ്പാനിഷ്, കറ്റാലൻ എന്നീ ഭാഷകളിൽ പ്രാവീണ്യമുള്ള ജൂലിയ സാൻചസ് ആണ് ബോൾഡർ വിവർത്തനം ചെയ്തിരിക്കുന്നത്). കരീബിയൻ സാഹിത്യത്തിലെ വിശിഷ്ട എഴുത്തുകാരിയായി അറിയപ്പെടുന്ന മെറീസ് കോൺടിന്റെ 'ദ ഗോസ്പൽ എക്കോഡിങ് റ്റു ദ ന്യൂ വേൾഡ്', (ഇന്നോളം പ്രസിദ്ധപ്പെടുത്തിയ ബുക്കർ പ്രൈസ് അന്തിമപട്ടികയിലെ ഏറ്റവും പ്രായം കൂടിയ എഴുത്തുകാരി, 2015 ൽ മാൻ ബുക്കർ പ്രൈസ് അന്തിമപട്ടികയിൽ ഇടം പിടിച്ച എഴുത്തുകാരി), ഐവേറിയൻ എഴുത്തുകാരനും തിരക്കഥാകൃത്തും ജേണലിസ്റ്റുമായ ഗോസിന്റെ പ്രഥമ നോവലായ 'സ്റ്റാൻഡിങ് ഹെവി എന്നിവയാണ് അന്താരാഷ്ട്ര ബുക്കർ പ്രൈസിൽ അവസാന ആറിൽ ഇടം നേടിയ രചനകൾ.
പുരസ്‌കാരത്തിന്റെ ആദ്യ പട്ടികയിൽ തമിഴ് നോവലിസ്റ്റ് പെരുമാൾ മുരുകന്റെ 'പയെയ്ർ' എന്ന നോവലും ഇടം പിടിച്ചിരുന്നു. ആദ്യമായാണ് ബുക്കർ സമ്മാനത്തിനായി ഒരു തമിഴ് നോവൽ പരിഗണിക്കപ്പെടുന്നത്. 2013ൽ തമിഴിൽ പ്രസിദ്ധീകരിച്ച ഈ നോവൽ അനിരുദ്ധൻ വാസുദേവൻ ആണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. 2022ലെ അന്താരാഷ്ട്ര ബുക്കർ പുരസ്‌കാരം ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഗീതാഞ്ജലി ശ്രീയുടെ 'ടൂം ഓഫ് സാന്റ്' എന്ന നോവലിനായിരുന്നു.