
ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി വെള്ളിയാഴ്ച മുതല്‍
കേരളത്തിലേക്ക് നിക്ഷേപം ആകര്‍ഷിക്കുന്നതിനായി നടത്തുന്ന ദിദ്വിന ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി (ഐകെജിഎസ്) വെള്ളിയാഴ്ച തുടങ്ങും. ഉച്ചകോടി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകോടിയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും വിദേശരാജ്യ പ്രതിനിധികളും സംബന്ധിക്കുമെന്ന് വ്യവസായമന്ത്രി പി രാജീവ് അറിയിച്ചു.
പാനല്‍ ചര്‍ച്ചകളിലെ മേഖലകളില്‍ നിന്നുള്ള തെരഞ്ഞെടുത്ത കമ്പനികള്‍ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങള്‍, 105 പൊതുമേഖലയിലെ കരകൗശല സ്ഥാപനങ്ങള്‍, കമ്പനികള്‍ എന്നിവയുടെ പ്രദര്‍ശനവും ഉച്ചകോടിയിലുണ്ടാകും.
ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ആഗോളതലത്തിലുള്ള ബിസിനസ് നയകര്‍ത്താക്കള്‍, തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ആറ് രാജ്യങ്ങളുടെ സഹകരണത്തോടെ നടത്തുന്ന ഉച്ചോകടിയില്‍ 28 പ്രത്യേക സെഷനുകള്‍ ഉണ്ടാകും. 3,000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
ഉദ്ഘാടന ദിവസത്തെ പ്ലീനറി സെഷനില്‍ കേരളം- ചെറിയ ലോകവും വലിയ സാധ്യതകളും എന്ന വിഷയത്തില്‍ എപിഎം മുഹമ്മദ് ഹനീഷ് അവതരണം നടത്തും. ഒന്നാം ദിനം ജര്‍മ്മനി, നോര്‍വേ, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘവുമായി ബിടുബി കൂടിക്കാഴ്ചകള്‍ നടക്കും.
രണ്ട് ദിവസങ്ങളിലായി സ്റ്റാര്‍ട്ടപ്പ്-ഇനോവേഷന്‍ എന്നിവയുടെ പ്രോത്സാഹനം, പ്രതിഭകളുടെ ഭാവി, മെഡിക്കല്‍ എക്‌സലന്‍സ്-ആയുര്‍വേദ, സൗഖ്യചികിത്സ, ഭാവിയുടെ വളര്‍ച്ചയ്ക്ക് സമുദ്രോത്പന്നമേഖലയെ ഉപയോഗപ്പെടുത്തല്‍, ഓട്ടോമോട്ടീവ് ടെക്‌നോളജി-ഇനോവേഷന്‍ ഭാവി, തുറമുഖ കേന്ദ്രീകൃത അതിദ്രുത വികസനം, ഒരു ട്രില്യണ്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ പാത, കപ്പല്‍നിര്‍മ്മാണത്തിലെ കേരളത്തിന്റെ അവസരങ്ങള്‍ രാജ്യവികസനത്തിന്റെ കാഴ്ചപ്പാടില്‍ പരമ്പരാഗത മേഖലയുടെ ശാക്തീകരണം, സുസ്ഥിര ഊര്‍ജ്ജ അവസരം- കേരളത്തിന്റെ ഭാവിയുടെ ശാക്തീകരണം, റബര്‍ ഉള്‍പ്പെടെയുള്ള മൂല്യവര്‍ധിത തോട്ടം മേഖല, എയ്‌റോസ്‌പേസ്-ഡിഫന്‍സ് ഇനോവഷന്‍ എന്നിവയുടെ സഹകരണം, ഐടി വ്യവസായവും കേരളത്തിന്റെ സാധ്യതകളും, സുസ്ഥിര-ഉത്തരവാദിത്ത ടൂറിസം വ്യവസായം, മൂല്യവര്‍ധന-ഭക്ഷ്യസംസ്‌ക്കരണത്തിലൂടെ കാര്‍ഷിക-ഭക്ഷ്യമേഖലകളുടെ വികസനം, ബാങ്കിംഗ്-ഫിന്‍ടെക്-ഡിജിറ്റല്‍ ഇനോവേഷന്‍, മെഡിക്കല്‍ ഡിവൈസ് ഹബ്-കേരളം ഉത്തമമാതൃക, വ്യവസായകുതിപ്പിന് ഐടി അടിസ്ഥാനസൗകര്യം, ഇനോവേറ്റിംഗ് ഫ്യൂച്ചര്‍ ട്രാന്‍സ്‌ഫോമിംഗ് ഇലക്ട്രോണിക്‌സ് സിസ്റ്റംസ് ആന്‍ഡ് എന്‍ജിനീയറിംഗ്, റിയല്‍ എസ്റ്റേറ്റ് മേഖല, ചില്ലറ വില്‍പന മേഖലയിലെ അവസരങ്ങള്‍, എന്നീ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും.
രണ്ടാം ദിനം ഫ്രാന്‍സ്, മലേഷ്യ എന്നിവിടങ്ങളിലെ പ്രതിനിധികളുമായി ബിടുബി കൂടിക്കാഴ്ചകളുമുണ്ടാകും. പ്രമോദ് പയ്യന്നൂര്‍ ഒരുക്കുന്ന കലാപരിപാടിയടക്കമുള്ള സാംസ്‌ക്കാരിക സന്ധ്യയും വിനോദപരിപാടികളുമുണ്ടാകും.
വ്യവസായ-കയര്‍-നിയമവകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനാകുന്ന ഉദ്ഘാടന ചടങ്ങില്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ സ്വാഗതം ആശംസിക്കും. ഉദ്ഘാടന പ്രസംഗത്തിനു ശേഷം കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിഥിന്‍ ഗഡ്കരി(ഓണ്‍ലൈന്‍), വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍, നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി എന്നിവര്‍ സംസാരിക്കും. യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിന്‍ തുക് അല്‍മാരി, ബഹ്‌റൈന്‍ വാണിജ്യ-വ്യവസായമന്ത്രി അബ്ദുള്ള ബിന്‍ അദെല്‍ ഫഖ്രു, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ എം എ യൂസഫ് അലി, സിഐഐ പ്രസിഡന്റ് സഞ്ജീവ് പൂരി, അദാനി പോര്‍ട്‌സ് എം ഡി കരണ്‍ അദാനി തുടങ്ങിയവരും സംസാരിക്കും. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ് നന്ദി പ്രകാശിപ്പിക്കും.
സംസ്ഥാന മന്ത്രിമാര്‍, നീതി ആയോഗ് മുന്‍ ചെയര്‍മാനും ജി20 ഷെര്‍പയുമായ അമിതാഭ് കാന്ത്, വ്യവസായ പ്രമുഖരായ എം ഡി അദീബ് അഹമ്മദ്, അനസൂയ റേ, അനില്‍ ഗാന്‍ജു, ഡോ. ആസാദ് മൂപ്പന്‍, ഗോകുലം ഗോപാലന്‍, ജീന്‍ മാനേ, ജോഷ് ഫോള്‍ഗര്‍, മാര്‍ട്ടിന്‍ സൊന്റാഗ്, മാത്യു ഉമ്മന്‍, മുകേഷ് മേഹ്ത്ത, എം എം മുരുഗപ്പന്‍, രവി പിള്ള, ടി എസ് കല്യാണരാമന്‍ ശശികുമാര്‍ ശ്രീധരന്‍, ശ്രീപ്രിയ ശ്രീനിവാസന്‍, വിനീത് വര്‍മ്മ, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവരും സംബന്ധിക്കും.


