
ഇന്‍വെസ്റ്റ് കേരള: പദ്ധതികള്‍ മാസംതോറും വ്യവസായ മന്ത്രി വിലയിരുത്തും
ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് സമാപിച്ചതിന് ശേഷവും കേരളത്തിന് നിക്ഷേപവാഗ്ദാനങ്ങള്‍ ലഭിക്കുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. 'ഒപ്പുവച്ച എല്ലാ താല്‍പര്യപത്രങ്ങളുടെയും സൂക്ഷ്മപരിശോധന രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കും. ഒന്നര ലക്ഷത്തിലധികം കോടിയുടെ നിക്ഷേപവാഗ്ദാനങ്ങളില്‍ പരമാവധി പദ്ധതികള്‍ പരമാവധി വേഗത്തില്‍ കേരളത്തില്‍ സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. ഇത് കൃത്യമായി മോണിറ്റര്‍ ചെയ്യും. സമ്മിറ്റിലെത്തിയ എല്ലാ നിക്ഷേപകരും ഒരുപോലെ പറഞ്ഞ കാര്യമാണ് നമ്മുടെ കേരളം കുതിക്കുന്നു എന്നത്. ഈ കുതിപ്പിന് ഇനിയും വേഗത കൂട്ടുന്നതിന് സര്‍ക്കാര്‍ ശ്രമിക്കും. ഈ നാട്ടില്‍ തന്നെ മികച്ച തൊഴിലവസരങ്ങള്‍ നമ്മുടെ യുവജനതയ്ക്കായി സൃഷ്ടിക്കും,' മന്ത്രി പറഞ്ഞു.
1.52 ലക്ഷം കോടിയിലേറെ രൂപയുടെ 372 പദ്ധതികള്‍ക്കുള്ള താല്‍പര്യ പത്രമാണ് ഉച്ചകോടിയില്‍ ലഭിച്ചത്.
ഉച്ചകോടിയില്‍ നിക്ഷേപകര്‍ ഒപ്പിട്ട താല്‍പര്യപത്രങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സമയബന്ധിത പരിപാടിക്ക് സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കി. പദ്ധതികള്‍ക്ക് അനുമതി വേഗത്തിലാക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ അവലോകന സമിതി രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഐടി മേഖലയിലെ പദ്ധതികള്‍ ഐടി വകുപ്പ് കൈകാര്യം ചെയ്യും. 50 കോടി രൂപയ്ക്ക് മുകളിലുള്ള പദ്ധതികളുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ കെ എസ് ഐ ഡി സിയും അതില്‍ താഴെയുള്ളവ വ്യവസായ വകുപ്പ് ഡയറക്ടറുടേയും നേതൃത്വത്തിലുള്ള സംഘവും വഴി നടപ്പിലാക്കും.
കെ എസ് ഐ ഡി സി പ്രത്യേക സംഘത്തെ നിയമിക്കുകയും സമാനസ്വഭാവമുള്ള വ്യവസായ നിര്‍ദ്ദേശങ്ങളെ ഏഴ് മേഖലകളായി തിരിച്ച് മാനേജര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന് ചുമതല നല്‍കി ഏഴ് സംഘങ്ങള്‍ രൂപീകരിക്കുകയും ചെയ്യും. ഈ സംഘങ്ങളില്‍ ആ മേഖലയില്‍ നിന്നുള്ള വിദഗ്ദ്ധരെ ഉള്‍പ്പെടുത്തും.
പദ്ധതികളുടെ പുരോഗതി ഓണ്‍ലൈന്‍ ഡാഷ് ബോര്‍ഡില്‍ ലഭ്യമാക്കും. പദ്ധതികളുടെ പുരോഗതി രണ്ടാഴ്ച്ചയിലൊരിക്കല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേയും മാസം തോറും വ്യവസായ മന്ത്രിയുടേയും നേതൃത്വത്തില്‍ വിശകലനം ചെയ്യും. നാല് മാസത്തിനുള്ളില്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കി തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു. കൂടാതെ, വ്യവസായങ്ങള്‍ക്ക് നല്‍കാന്‍ ലഭ്യമായിട്ടുള്ള ഭൂമിയുടെ വിവരങ്ങള്‍ ഉള്‍പ്പെടുന്ന പോര്‍ട്ടലും രൂപീകരിക്കും.