PHOTO: PTI
അനധികൃത ഖനനത്തില്‍ ബിജെപി എംപി ബ്രിജ് ഭൂഷണെതിരെ അന്വേഷണം
ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണല്‍ (എന്‍.ജി.ടി) അന്വേഷണത്തിന് ഉത്തരവിട്ടു. സരയൂ നദിക്ക് ഹാനികരമായ രീതിയില്‍ അനധികൃത മണല്‍ ഖനനം നടത്തുകയും ധാതുക്കള്‍ ഉത്തര്‍പ്രദേശിലെ ഗോണ്ടയിലുള്ള തന്റെ കമ്പനിയിലേക്ക് കടത്തുകയും ചെയ്‌തെന്ന പരാതിയിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിന്‍സിപ്പല്‍ ബെഞ്ച്, പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്, നാഷണല്‍ മിഷന്‍ ഫോര്‍ ക്ലീന്‍ ഗംഗ, ഉത്തര്‍പ്രദേശ് മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ഗോണ്ടയിലെ ജില്ലാ മജിസ്‌ട്രേറ്റ് എന്നിവരടങ്ങുന്ന സമിതിയെയും ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ചു. സമിതിയോട് ഒരാഴ്ച്ചയ്ക്കകം യോഗം ചേരാനും ജസ്റ്റിസ് അരുണ്‍കുമാര്‍ ത്യാഗി, ഡോ. എ സെന്തില്‍ വേല്‍ എന്നിവരടങ്ങിയ എന്‍.ജി.ടി പ്രിന്‍സിപ്പല്‍ ബെഞ്ച് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2016 ലെ സുസ്ഥിര മണല്‍ ഖനന മാനേജ്‌മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍, 2020 ലെ മണല്‍ ഖനനത്തിനായുള്ള എന്‍ഫോഴ്‌സ്‌മെന്റ് & മോണിറ്ററിംഗ് നിര്‍ദേശങ്ങള്‍, ഖനനം ചെയ്ത പ്രദേശങ്ങളുടെ പുനഃരുദ്ധാരണം അഥവാ പുനഃരധിവാസം, സരയൂ നദിക്ക് സംഭവിച്ച നാശനഷ്ടങ്ങള്‍ എന്നിവ പാലിക്കപ്പെടുന്നുണ്ടോ എന്ന് സമിതി പരിശോധിക്കണം. ദേശീയ ഹരിത ട്രൈബ്യൂണലിന് ലഭിച്ച കത്തിലാണ് ഈ നിര്‍ദേശമുള്ളത്. കത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ പരിഗണിച്ചിട്ടുണ്ട്.
അനധികൃത ഖനനം
ഉത്തര്‍പ്രദേശിലെ മജ്രാത്ത്, ജയ്ത്പൂര്‍, നവാബ്ഗഞ്ച്, തെഹ്‌സില്‍ തര്‍ബ്ഗഞ്ച്, ഗോണ്ട എന്നീ ഗ്രാമങ്ങളില്‍ നിന്ന് അനധികൃത ഖനനം നടത്തി ചെറുധാതുക്കളടക്കം കടത്തി എന്നാണ് പരാതിയില്‍ പറയുന്നതെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവില്‍ പറയുന്നു. കൂടാതെ ഖനനത്തിനും മറ്റുമായി ഉപയോഗിച്ച അമിതഭാരമുള്ള ട്രക്കുകള്‍ പാലത്തിനും റോഡിനും കേടുപാടുകള്‍ വരുത്തിയതായും പറയപ്പെടുന്നു. വിഷയത്തില്‍ രണ്ടു മാസത്തിനകം നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ്.
ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ബ്രിജ് ഭൂഷണെതിരെ ദേശീയ ഗുസ്തി താരങ്ങളായ ബജ്‌റംഗ് പുനിയ, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക് എന്നിവര്‍ നടത്തിയ സമരം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. കേസില്‍ ജൂലൈ 20 ന് ഡല്‍ഹി കോടതി ബ്രിജ് ഭൂഷണ് സ്ഥിര ജാമ്യവും അനുവദിച്ചിരുന്നു.
ആരോപണവിധേയനായ ബ്രിജ് ഭൂഷണ്‍
2011 മുതല്‍ ദേശീയ ഗുസ്തി ഫെഡറേഷന്‍ അംഗമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് ആറു തവണ ഉത്തര്‍പ്രദേശില്‍ നിന്ന് പാര്‍ലമെന്റിലേക്ക് എംപിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അഞ്ചു തവണ ബിജെപിയിലും ഒരു തവണ സമാജ്വാദിയിലും നിന്നാണ് വിജയിച്ചത്. കൂടാതെ, അയോധ്യ മുതല്‍ ശ്രാവസ്തി വരെ 100 കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന 50 ഓളം വിദ്യാഭ്യാസ സ്ഥാപനങ്ങളും ബ്രിജ് ഭൂഷനു കീഴിലുണ്ട്. ബിജെപിയില്‍ ചേരുന്നതിനു മുമ്പ് സംഘപരിവാറുമായി ബന്ധമുണ്ടായിരുന്ന ആളാണ് ബ്രിജ് ഭൂഷണ്‍. 1992 ഡിസംബര്‍ 6 ന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട കേസിലും പ്രതിയാണ്.
1990 കളുടെ മധ്യത്തില്‍ ഗുണ്ടാനേതാവ് ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളികള്‍ക്ക് അഭയം നല്‍കിയെന്ന പേരില്‍ അറസ്റ്റിലാവുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം തിഹാര്‍ ജയിലില്‍ കഴിയുകയും ചെയ്തിരുന്നു. എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ കോടതി ബ്രിജ് ഭൂഷനെ കുറ്റവിമുക്തനാക്കി.