
ഫോസിൽ ഇന്ധന ലോബികൾക്ക് ക്ഷണം; ആശങ്കയുണർത്തി കോപ്29
ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗത്തിലും വിപണനത്തിലും മുൻപന്തിയിൽ നിൽക്കുന്ന കമ്പനികളെ ഇരുകൈയും നീട്ടി സ്വീകരിച്ച് അസർബൈജാനിലെ കോപ് 29 ഉച്ചകോടി.132 ഇന്ധന-വാതക കമ്പനികളിലെ സീനിയർ എക്സിക്യൂട്ടീവുകളെയും ജീവനക്കാരെയുമാണ് കോപ് 29 ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രസിഡന്റിന്റെ പ്രത്യേക അതിഥികളായാണ് ഇവർക്ക് ക്ഷണം. സൗദിയിലെ ഇന്ധന കമ്പനിയായ അരാംകോയുടെ മേധാവിയും ബിപിയുടെ ചീഫ് എക്സിക്യൂട്ടീവിനും പ്രസിഡന്റിന്റെ ക്ഷണം ലഭിച്ചിട്ടുണ്ട്. ആഗോള ഫോസിൽ ഇന്ധന വ്യവസായവും പെട്രോസ്റ്റേറ്റുകളും കാലാവസ്ഥ വ്യതിയാനത്തിൽ ഉണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകൾ നിലനിൽക്കെയാണ് കോപ് 29 ൽ ഇവരുടെ ക്ഷണം സംബന്ധിച്ച പ്രഖ്യാപനമുണ്ടാവുന്നത്.
വികസ്വര രാജ്യങ്ങൾ കാർബൺ ബഹിർഗമനത്തിന് പരിധിയേർപ്പെടുത്തുന്നതിനും കാലാവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള പണം സ്വരൂപിക്കാൻ വേണ്ടിയാണ് അസർബൈജാനിലെ ബാക്കുവിൽ നടക്കുന്ന കോപ് 29 ൽ ഒത്തുകൂടിയത്. കൃത്യമായ കാലാവസ്ഥ പ്രവർത്തന പദ്ധതികളില്ലാത്ത രാജ്യങ്ങളെ കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് നിരോധിക്കണമെന്ന്, ഫോസിൽ ഇന്ധന കമ്പനികളുടെ സ്വാധീനം തടയണമെന്നും യുഎസിന്റെ മുൻ വൈസ് പ്രസിഡന്റായ അൽഗോർ ആവശ്യപ്പെട്ടു.
ഇന്ധന ഉത്പാദന കമ്പനികൾ ചില നിർദ്ദേശങ്ങൾ പാലിക്കണമെന്ന് അൽഗോർ ആവശ്യപ്പെടുന്നുണ്ട്. ഇന്ധനത്തിന്റെയും വാതകത്തിന്റെയും ഉത്പാദനം ഘട്ടം ഘട്ടമായി അവസാനിപ്പിക്കണമെന്നും, കമ്പനികളുടെ ലാഭത്തിൽ നിന്ന് ലഭിക്കുന്ന ഒരു പങ്ക് കാലാവസ്ഥ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണം, കാലാവസ്ഥ വിരുദ്ധ ലോബിയിംഗ് അവസാനിപ്പിക്കണം എന്നിവയാണ് അൽഗോർ മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ.1992ലെ യുഎൻ ഫ്രയിം വർക്ക് ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിൽ നിന്നുള്ള നിർദ്ദേശങ്ങളാണ് അൽഗോർ ഇവിടെ മുന്നോട്ട് വച്ചിരിക്കുന്നത്. ഈ മാനദണ്ഡങ്ങൾ പാലിക്കാൻ വിമുഖത കാണിക്കുന്ന കമ്പനികൾക്ക് യുഎൻ ഫ്രയിം വർക്ക് ഓൺ ക്ലൈമറ്റ് ചെയ്ഞ്ചിന്റെ നിയമാവലി അനുസരിച്ച് ഉച്ചകോടിയിൽ പങ്കെടുക്കാൻ അനുമതി ലഭിക്കില്ല. ഈ നിർദ്ദേശങ്ങള്‍ ഉൾപ്പെടുത്തിയിട്ടുള്ള പാരീസ് കാലാവസ്ഥ ഉച്ചകോടിയുടെ പരിഷ്കരണത്തിനായി മുൻ യുഎൻ ക്ലൈമറ്റ് ചീഫ്, മുൻ യുഎൻ സെക്രട്ടറി ജനറൽ, മുൻ യുഎൻ പാരിസ്ഥിതിക നയതന്ത്രജ്ഞർ എന്നിവർ ഒപ്പ് വച്ചിട്ടുണ്ട്.


