
യുഎസ്സിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്ത് ഐഒസി
യുഎസ്, കാനഡ, പശ്ചിമേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്ന്, ഇന്ത്യയുടെ പ്രധാന എണ്ണ ശുദ്ധീകരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), 70 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങിയെന്ന് വ്യാപാര വൃത്തങ്ങൾ തിങ്കളാഴ്ച അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ മാസത്തിലേക്കുള്ള എണ്ണ ടെൻഡറിലൂടെയാണ് വാങ്ങിയത്.
കേന്ദ്രസർക്കാർ താൽക്കാലികമായി റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിവച്ചതിന് പിന്നാലെയാണ് ഐഒസി യുഎസ്സിൽ നിന്ന് ഓയിൽ വാങ്ങിയത്. റഷ്യൻ എണ്ണക്ക് ലഭിച്ചിരുന്ന വിലക്കുറവ് കുറയുകയും, മോസ്കോയുമായുള്ള ഊർജ്ജ വ്യാപാരത്തെ യുഎസ്സും യൂറോപ്യൻ യൂണിയനും കർശനമായി എതിർത്തതുമാണ് കേന്ദ്രസർക്കാർ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിവക്കാൻ കാരണം.
അമേരിക്കയിൽ നിന്ന് 45 ലക്ഷം ബാരൽ ക്രൂഡ്, കാനഡയിലെ വെസ്റ്റേൺ കാനഡിയൻ സെലെക്റ്റ് (WCS) നിന്ന് 5 ലക്ഷം ബാരൽ ക്രൂഡ്, അബൂദാബിയിൽ ഉത്പാദിപ്പിക്കുന്ന ഡാസ് ഓയിലിന്റെ 20 ലക്ഷം ബാരൽ എന്നിവയാണ് വാങ്ങിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
റഷ്യ- യുക്രെയ്‌ൻ യുദ്ധത്തിനെ തുടർന്ന് റഷ്യയ്‌ക്കെതിരെയുള്ള ഉപരോധങ്ങളുടെ ഭാഗമായി, റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
ലോകത്തിലെ ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.


