അയോവയിലെ ഗര്‍ഭച്ഛിദ്ര നിരോധന നിയമം താല്‍ക്കാലികമായി തടഞ്ഞ് കോടതി: അപ്പീലിനൊരുങ്ങി ഗവര്‍ണര്‍
അമേരിക്കയിലെ അയോവ സംസ്ഥാനത്തെ പുതിയ ഗര്‍ഭച്ഛിദ്ര നിയമം നടപ്പിലാക്കുന്നതിനുള്ള താല്‍ക്കാലിക തടസ്സത്തിനെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ച് ഗവര്‍ണര്‍ കിം റെയ്നോള്‍ഡ്സ്. ഇതിനായുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്നും, അറ്റോര്‍ണി ജനറല്‍ ബ്രെന്ന ബേര്‍ഡിന്റെ അഭിഭാഷകരുമായി ചേര്‍ന്ന് വിശദാംശങ്ങള്‍ തയ്യാറാക്കാന്‍ തന്റെ സ്റ്റാഫ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. റിപ്പബ്ലിക്കന്‍ നിയന്ത്രിത നിയമനിര്‍മ്മാണ സഭയുടെ കഴിഞ്ഞയാഴ്ച്ച നടന്ന യോഗം ഗര്‍ഭം ധരിച്ച് ആറാഴ്ച്ചയ്ക്ക് ശേഷമുള്ള ഗര്‍ഭച്ഛിദ്രങ്ങള്‍ നിരോധിക്കാനുള്ള നടപടിക്ക് അംഗീകാരം നല്‍കിയിരുന്നു. റെയ്നോള്‍ഡ്സ് ഒപ്പിട്ട ശേഷം നിയമം പ്രാബല്യത്തില്‍ വന്നു.
അയോവയിലെ ACLU ( American Civil Liberties Union), പ്ലാന്‍ഡ് പാരന്റ്ഹുഡ് നോര്‍ത്ത് സെന്‍ട്രല്‍ സ്റ്റേറ്റ്സ് എന്നീ സംഘടനകളും എമ്മ ഗോള്‍ഡ്മാന്‍ ക്ലിനിക്കും നിയമത്തിനെതിരെ രംഗത്തുവന്നത് വെല്ലുവിളിയായി. നിയമത്തിന്റെ ഭരണഘടനാ സാധുത വിലയിരുത്തുന്നതിനാല്‍, നിയമം താല്‍ക്കാലികമായി നിര്‍ത്താനുള്ള ഇവരുടെ അഭ്യര്‍ത്ഥന ജഡ്ജി ജോസഫ് സീഡ്ലിന്‍ അംഗീകരിക്കുകയും ചെയ്തു. അപ്പീല്‍ ഫയല്‍ ചെയ്യുമ്പോള്‍, സുരക്ഷിതവും നിയമപരവുമായ ഗര്‍ഭച്ഛിദ്ര പരിചരണത്തിനുള്ള അയോവ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ACLU ലീഗല്‍ ഡയറക്ടര്‍ റീറ്റ ബെറ്റിസ് പറഞ്ഞു.
ഗര്‍ഭച്ഛിദ്ര നിയന്ത്രണ ബില്ലില്‍ ഒപ്പുവച്ച് ഗവര്‍ണര്‍
ഗര്‍ഭച്ഛിദ്രത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ബില്ലില്‍ കഴിഞ്ഞയാഴ്ച്ചയാണ് അയോവ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നത്. മിക്ക സ്ത്രീകളും തങ്ങള്‍ ഗര്‍ഭിണിയാണെന്ന് അറിയുന്നതിന് മുമ്പ്, ഏകദേശം ആറാഴ്ച്ചയ്ക്ക് ശേഷമുള്ള ഗര്‍ഭച്ഛിദ്രത്തെ നിരോധിക്കുന്നതാണ് പുതിയ നിയമം. ഗര്‍ഭച്ഛിദ്രത്തിനുള്ള അവസരത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്ന പുതിയ ബില്ലിനെതിരെ വലിയ രീതിയിലുള്ള എതിര്‍പ്പുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കിം റെയ്നോള്‍ഡ്സ് ബില്ലില്‍ ഒപ്പുവയ്ക്കുന്നത്. അയോവ സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് പാം ജോച്ചും ഈ നിയമത്തെ അയോവയിലെ സ്ത്രീകള്‍ക്കെതിരെയുള്ള അപകടകരമായ ആക്രമണമെന്ന് വിശേഷിപ്പിച്ചു. കോടതി ഈ നിയമം തടയുമെന്ന് പ്രതീക്ഷിക്കുന്നതായും ജോച്ചും പറഞ്ഞു. ചരിത്രപരമായ സമ്മേളനത്തില്‍ ഗര്‍ഭച്ഛിദ്രത്തിന്റെ മനുഷ്യത്വരഹിതത നിരസിക്കുന്ന നിയമം പാസാക്കാന്‍ അയോവ നിയമസഭ വോട്ട് ചെയ്തതായി ഫാമിലി ലീഡര്‍ഷിപ്പ് ഉച്ചകോടിയില്‍ വച്ച ബില്ലില്‍ ഒപ്പിടുന്നതിന് മുമ്പായി റെയ്നോള്‍ഡ്സ് പറഞ്ഞു. സംസ്ഥാനത്തെ ഗര്‍ഭച്ഛിദ്ര നടപടിക്രമങ്ങള്‍ നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ ഗവര്‍ണര്‍ കിം റെയ്നോള്‍ഡ്സ് വിളിച്ചുചേര്‍ത്ത പ്രത്യേക നിയമനിര്‍മ്മാണ സമ്മേളനത്തിന് ശേഷമാണ് നിയമം ഉടനടി പ്രാബല്യത്തില്‍ വരുന്നത്.
എന്താണ് പുതിയ നിയമം
ഗര്‍ഭം ധരിച്ച് ആറാഴ്ച്ചയ്ക്ക് ശേഷമുള്ള ഗര്‍ഭച്ഛിദ്രത്തെ നിരോധിക്കുന്നതാണ് അയോവ നിയമസഭ പാസാക്കിയ പുതിയ നിയമം. ഭ്രൂണത്തിന്റെ ആദ്യകാല ഹൃദയ പ്രവര്‍ത്തനം കണ്ടെത്തിയതിന് ശേഷം ഗര്‍ഭച്ഛിദ്രം നടത്തുന്നതില്‍ നിന്ന് ഡോക്ടര്‍മാരെ നിയമം വിലക്കുന്നു. ഈ കാലയളവ് മിക്ക സ്ത്രീകളും ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുന്ന സമയമായി കണക്കാക്കുന്നു. ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന് ഭീഷണി, ശിശുവിന് മരണം സംഭവിച്ചേക്കാവുന്ന ഗര്‍ഭാവസ്ഥ, 45 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബലാത്സംഗത്തിന്റെ ഫലമായുണ്ടാകുന്ന ഗര്‍ഭധാരണം തുടങ്ങിയ സാഹചര്യങ്ങളിലെ ഗര്‍ഭച്ഛിദ്രത്തെ നിയമത്തില്‍ ഉള്‍പ്പെടുത്തുന്നില്ല. ഗര്‍ഭത്തിന്റെ 20 ആഴ്ച്ചവരെ അയോവയില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമായിരുന്നു. എന്നാല്‍ റെയ്നോള്‍ഡ്സ് ബില്ലില്‍ ഒപ്പുവച്ചതോടുകൂടി നിയമത്തില്‍ മാറ്റങ്ങള്‍ വന്നു. വ്യക്തികള്‍ക്ക് അവരുടെ ജീവിതത്തെയും ശരീരത്തെയും ആരോഗ്യത്തെയും സംരക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള പ്രത്യുല്‍പാദന അവകാശങ്ങള്‍ സംരക്ഷിക്കാന്‍, ഈ നിയമത്തിനെതിരെ കേസ് ഫയല്‍ ചെയ്തുകൊണ്ട് ACLU, പ്ലാന്‍ഡ് പാരന്റ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തുവന്നു.