
ആപ്പിൾ ഐഫോൺ 16ഇ അവതരിപ്പിച്ചു
ആപ്പിള്‍ ഏറ്റവും പുതിയ ഐഫോണ്‍ മോഡലായ ഐഫോണ്‍ 16ഇ അവതരിപ്പിച്ചു. കൂടാതെ, ഔദ്യോഗിക സ്റ്റോറില്‍ നിന്നും ഐഫോണ്‍ എസ്ഇ പിന്‍വലിക്കുകയും ചെയ്തു. പോക്കറ്റിന് ഇണങ്ങുന്ന ഫോണ്‍നിര പിന്‍വലിക്കുന്നതിന്റെ സൂചനയാണിത്. ഐഫോണ്‍ എസ്ഇ4 അവതരിപ്പിക്കുന്നതിന് പകരം ആപ്പിള്‍ ഐഫോണ്‍ 16 പരമ്പരയില്‍ പുതിയൊരു മോഡല്‍ അവതരിപ്പിക്കുകയാണ് ചെയ്തത്.
യുഎസില്‍ അടിസ്ഥാന വേരിയന്റായ 128ജിബിയുടെ ഐഫോണ്‍ 16ഇയുടെ വില 49,500 രൂപയാണ്. എന്നാല്‍ ഇന്ത്യയില്‍ 59,900 രൂപയാണ്. ഇന്ത്യയില്‍ ഐഫോണ്‍ 16 പരമ്പരയുടെ വില ആരംഭിക്കുന്നത് 79,900 രൂപയിലാണ്. പുതിയ ഫോണുമായി 20,000 രൂപയുടെ അന്തരം ഉണ്ട്. 256 ജിബി സംഭരണശേഷിയുള്ള ഐഫോണ്‍ 16ഇയുടെ വില 69,900 രൂപയും 512 ജിബിയുടേത് 89,900 രൂപയും ആണ്.
ഐഫോണ്‍ 16ഇയുടെ ഡിസ്‌പ്ലേ 6.1 ഇഞ്ച് ഒഎല്‍ഇഡിയാണ്. ഐഫോണ്‍ എസ്ഇ പരമ്പരയിലുള്ള മ്യൂട്ട് സ്വിച്ചിന് പകരം ആക്ഷന്‍ ബട്ടണ്‍ ആണ് 16ഇയില്‍ ഉള്ളത്. ക്യാമറ എടുക്കുക അല്ലെങ്കില്‍ ഡിഎൻഡി മോഡ് പോലുള്ള അനവധി ഫങ്ഷനുകള്‍ തിരഞ്ഞെടുക്കാന്‍ ആക്ഷന്‍ ബട്ടണ്‍ സഹായിക്കും. കൂടാതെ, ഐഫോണ്‍ 16ഇയില്‍ യുഎസ്ബി-സി പോര്‍ട്ടും ഉണ്ട്.
ആപ്പിളിന്റെ എ18 ചിപ്പാണ് 16ഇയ്ക്ക് ശക്തിപകരുന്നത്. മുന്‍ഗാമികളേക്കാള്‍ മികച്ച പ്രകടനം ഇത് വാഗ്ദാനം ചെയ്യുന്നു. എ18 ചിപ്പിന്റെ പ്രത്യേകത 6-കോര്‍ സിപിയു ആണ്. എ13 ബയോണിക് ചിപ്പിനേക്കാള്‍ 80 ശതമാനം കൂടുതല്‍ വേഗതയാണ് എ18 നല്‍കുന്നതെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു.
മെഷീന്‍ ലേണിങ് പ്രവൃത്തികള്‍ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി രൂപകല്‍പന ചെയ്ത 16-കോര്‍ ന്യൂറല്‍ എഞ്ചിനും 4-കോര്‍ ജിപിയുവും ഇതിലുണ്ട്. എ13നേക്കാള്‍ ആറിരട്ടി വേഗത്തില്‍ എഐ മോഡലുകളെ പ്രോസസ്സ് ചെയ്യാന്‍ ഈ ന്യൂറല്‍ എഞ്ചിന് സാധിക്കുമെന്ന് ആപ്പിള്‍ പറയുന്നു.
ഐഫോണ്‍ 16ഇ ആപ്പിള്‍ ഇന്റലിജന്‍സിനേയും ഉൾപ്പെടുത്തിയിട്ടുണ്ട്. ജെന്‍മോജി, റൈറ്റിംഗ് ടൂൾസ്, ചാറ്റ്ജിപിടിയുമായുള്ള ഇന്റഗ്രേഷന്‍ എന്നിവ ആപ്പിള്‍ ഇന്റലിജന്‍സില്‍ ഉള്‍പ്പെടുന്നു.
ഉയര്‍ന്ന റെസൊല്യൂഷനിലുള്ള ചിത്രങ്ങള്‍ എടുക്കാന്‍ കഴിയുന്ന 48എംപി ഫ്യൂഷന്‍ റിയര്‍ ക്യാമറ 16ഇയില്‍ ഉണ്ട്. 2എക്‌സ് ടെലിഫോട്ടോ സൂം ഓപ്ഷനും ക്യാമറയില്‍ ഉണ്ട്. ഇതിലൂടെ ചിത്രത്തിന്റെ നിലവാരത്തെ ബാധിക്കാതെ സൂം ചെയ്യാന്‍ സാധിക്കും. സാധാരണ 24എംപി ഫോട്ടോകളാണ് 16ഇ എടുക്കുക. എന്നാല്‍, ഉയര്‍ന്ന റെസൊലൂഷനിലെ ചിത്രങ്ങള്‍ക്കായി 48എംപി മോഡിലേക്ക് മാറാം.
ഓട്ടോഫോക്കസോടു കൂടിയ 12എംപി ട്രൂ ഡെപ്ത് ക്യാമറയാണ് മുന്നില്‍ ഉള്ളത്. വീഡിയോ റെക്കോര്‍ഡിങ്ങിനായി സെക്കന്റില്‍ 60 ഫ്രെയ്മുകളുള്ള 4K റെക്കോര്‍ഡിങ്ങും ഡോള്‍ബി വിഷനും ഐഫോണ്‍ 16ഇയില്‍ ഉണ്ട്.
26 മണിക്കൂര്‍ വരെ ചാർജ് ചെയ്യാതെ വീഡിയോ പ്ലേ ചെയ്യാമെന്നും ആപ്പിള്‍ അവകാശപ്പെടുന്നു. വയര്‍ലെസ് ചാര്‍ജ്ജിങ്ങും ഉപഗ്രഹ കണക്ടിവിറ്റിയും ഇതിലുണ്ട്. ക്രാഷ് ഡിറ്റക്ഷന്‍ സംവിധാനവും ഇതിലുണ്ട്. അപകടം ഉണ്ടായാല്‍ അടിയന്തര സേവനങ്ങളെ സ്വയം അറിയിക്കുന്ന സംവിധാനമാണിത്. എന്നാല്‍, ഇത് ഇന്ത്യയില്‍ വിതരണത്തിന് എത്തുന്ന 16ഇയില്‍ ഉണ്ടാകുമോയെന്ന് ഉറപ്പായിട്ടില്ല.
ഐഫോണ്‍ 16ഇയുടെ മുന്‍കൂര്‍ ബുക്കിങ് ഫെബ്രുവരി 21ന് ആരംഭിക്കും. വിതരണം ഫെബ്രുവരി 28ന് ആരംഭിക്കും.


