
ഐപിഎല്‍: പാണ്ഡ്യയ്ക്ക് വിലക്ക്; സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍
ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിനെ സൂര്യകുമാര്‍ യാദവ് നയിക്കും. കഴിഞ്ഞ സീസണില്‍ കുറഞ്ഞ ഓവര്‍ നിരക്ക് കാരണം സ്ഥിരം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഒരു മത്സരത്തിന്റെ വിലക്ക് ലഭിച്ചതിനാലാണ് സ്‌കൈ എന്നറിയപ്പെടുന്ന സൂര്യകുമാര്‍ യാദവ് ക്യാപ്റ്റന്റെ തൊപ്പിയണിയുന്നത്.
ഇന്ത്യയുടെ ടി20 ടീം ക്യാപ്റ്റനാണ് സൂര്യകുമാര്‍. അടുത്തിടെ ഇംഗ്ലണ്ടിനെ 4-1ന് പരാജയപ്പെടുത്തിയിരുന്നു.
എന്നാല്‍, അദ്ദേഹം ആ ടൂര്‍ണമെന്റില്‍ പൂര്‍ണ പരാജയമായിരുന്നു. അഞ്ച് മത്സരങ്ങളില്‍ നിന്നായി 38 റണ്‍സ് മാത്രമാണ് എടുത്തത്. സൂര്യകുമാര്‍ ഇന്ത്യയെ മികച്ച രീതിയില്‍ നയിച്ചുവെന്നും താനില്ലാത്തപ്പോള്‍ അദ്ദേഹമാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കുള്ള മികച്ച തിരഞ്ഞെടുപ്പെന്നും മുംബൈ ഇന്ത്യന്‍സിന്റെ വാര്‍ത്താ സമ്മേളനത്തില്‍ പാണ്ഡ്യ പറഞ്ഞിരുന്നു.
കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് കുറഞ്ഞ ഓവര്‍ നിരക്ക് മൂലം പാണ്ഡ്യയ്ക്ക് ഒരു മത്സരത്തില്‍ വിലക്കുണ്ടെന്ന് ബിസിസിഐ അറിയിച്ചുവെന്ന് ടീം പരിശീലകന്‍ മഹേല ജയവര്‍ദ്ധനേ പറഞ്ഞു.
2024ല്‍ മുംബൈ ഇന്ത്യന്‍സ് ഏറ്റവും പിന്നിലായിരുന്നു. പാണ്ഡ്യ ക്യാപ്റ്റനായി അരങ്ങേറിയ കഴിഞ്ഞ വര്‍ഷം നാല് വിജയങ്ങള്‍ മാത്രമാണ് നേടാനായത്. 10 മത്സരങ്ങള്‍ തോല്‍ക്കുകയും ചെയ്തു.
അഞ്ച് കിരീട നേട്ടങ്ങള്‍ ടീമിനെ നയിച്ച രോഹിത് ശര്‍മ്മയില്‍ നിന്നാണ് പാണ്ഡ്യ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. ആ സമയത്ത് രോഹിത് ഫോമിലല്ലായിരുന്നു. മുംബൈ ഇന്ത്യന്‍സ് ഏറെ വിമര്‍ശനം നേരിട്ട നീക്കമായിരുന്നു ഇത്.