TMJ
searchnav-menu
post-thumbnail

TMJ Daily

ഐപിഎല്‍ ഒരാഴ്ച്ചത്തേയ്ക്ക് നിര്‍ത്തിവച്ചു

09 May 2025   |   1 min Read
TMJ News Desk

ന്ത്യ- പാക് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ബിസിസിഐ ഐപിഎല്‍ ഒരാഴ്ച്ചത്തേയ്ക്ക് നിര്‍ത്തിവച്ചു. ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയശേഷം പുതുക്കിയ ഷെഡ്യൂളും വേദികളും പ്രഖ്യാപിക്കുമെന്ന് ബിസിസിഐ ഓണററി സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.

മിക്കവാറും എല്ലാ ഫ്രാഞ്ചൈസികളുടെ പ്രതിനിധികളുമായും സംസാരിച്ചശേഷം ഇന്ന് ചേര്‍ന്ന ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ ആണ് തീരുമാനമെടുത്തത്. ഇവര്‍ താരങ്ങളുടെ ആശങ്കകള്‍ പങ്കുവച്ചു. കൂടാതെ, ബ്രോഡ്കാസ്റ്ററുടേയും സ്‌പോണ്‍സര്‍മാരുടേയും ആരാധകരുടേയും ആശങ്കകളും കൗണ്‍സില്‍ പരിഗണിച്ചിരുന്നു.

ഈ നിര്‍ണ്ണായക നിമിഷത്തില്‍ തങ്ങള്‍ രാജ്യത്തോടൊപ്പം നില്‍ക്കുന്നുവെന്നും ബിസിസിഐ പ്രസ്താവിച്ചു.

പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും നടക്കുമ്പോഴും ഐപിഎല്‍ ആഘോഷപൂര്‍വം നടക്കുന്നത് വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു.

ധരംശാലയില്‍ കഴിഞ്ഞദിവസം പഞ്ചാബ് കിങ്‌സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ നടന്ന മത്സരം ബ്ലാക്കൗട്ടിനെ തുടര്‍ന്ന് പകുതിവച്ച് അവസാനിപ്പിച്ചിരുന്നു.

ഇരുടീമുകളുടേയും താരങ്ങളും ഒഫീഷ്യല്‍സും മത്സരവുമായി ബന്ധപ്പെട്ട ബ്രോഡ്കാസ്റ്റ് ടീമും മാച്ച് ഒഫീഷ്യല്‍സും ഇന്ന് രാവിലെ പ്രത്യേക ട്രെയിനില്‍ ധരംശാല വിട്ടു. സ്റ്റേഡിയത്തില്‍ നിന്നും താരങ്ങളേയും മറ്റും അടിയന്തരമായി ഒഴിപ്പിച്ച് ഹോട്ടലിലേക്ക് മാറ്റിയത് അവരെ മാനസികമായി ബാധിച്ചു.

താരങ്ങളെ വീടുകളില്‍ എത്തിക്കാന്‍ ടീം ഉടമകള്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്.






 

 

#Daily
Leave a comment