
ഐപിഎല്‍ 2025: രജത് പാട്ടീദാര്‍ ആര്‍സിബി ക്യാപ്റ്റന്‍
ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (ആര്‍സിബി) രജത് പാട്ടീദാര്‍ നയിക്കും. മുന്‍ ക്യാപ്റ്റനായ വിരാട് കോഹ്ലിയെ വീണ്ടും ക്യാപ്റ്റനാകുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. എന്നാല്‍, രജതിനെയാണ് ക്യാപ്റ്റനാക്കുന്നതെന്ന വിവരം ആര്‍സിബിയുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ വിരാട് കോഹ്ലി പുറത്തുവിടുകയായിരുന്നു.
ഞാനും ടീമിലെ മറ്റെല്ലാ അംഗങ്ങളും നിങ്ങളെ പിന്തുണയ്ക്കുന്നു എന്ന് കോഹ്ലി പറയുന്ന വീഡിയോ ആര്‍സിബി പുറത്തുവിട്ടു.
2021ലാണ് രജത് ആര്‍സിബിയില്‍ എത്തുന്നത്. 31 വയസ്സുകാരനായ വലംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ ടീമിനുവേണ്ടി 27 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 34.74 ശരാശരിയില്‍ 799 റണ്‍സ് നേടിയിട്ടുണ്ട്.
സയ്ദ് മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫിയിലും മധ്യപ്രദേശിനെ നയിച്ച പരിചയം രജതിന് ഉണ്ട്. ഈ വര്‍ഷത്തെ സീസണിന് മുന്നോടിയായി നടന്ന ലേലത്തില്‍ ആര്‍സിബി നിലനിര്‍ത്തിയ താരങ്ങളില്‍ ഒരാളാണ് രജത്.
സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശ് ഫൈനലില്‍ എത്തിയിരുന്നു. മുംബൈയോട് അഞ്ചു വിക്കറ്റിന്റെ തോല്‍വിയേറ്റു വാങ്ങി. ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ രണ്ടാം സ്ഥാനം രജതിനാണ്. 10 മത്സരങ്ങളില്‍ നിന്നായി 428 റണ്‍സ് നേടി. ശരാശരി 61. സ്‌ട്രൈക്ക് റേറ്റ് 186.08.