Representational Image: Wiki Commons
209 പേരെ തൂക്കിലേറ്റി ഇറാൻ ഭരണകൂടം; വധശിക്ഷ വർധിക്കുന്നതായി യുഎൻ റിപ്പോർട്ട്
ഈ വർഷം ജനുവരി ഒന്ന് മുതൽ ഏകദേശം 209 പേരെ ഇറാൻ ഭരണകൂടം തൂക്കിലേറ്റിയതായി യു എൻ മനുഷ്യാവകാശ മേധാവി വോൾക്കർ ടർക്ക് വെളിപ്പെടുത്തി. ആഴ്ചയിൽ ശരാശരി പത്ത് കൊലപാതകങ്ങൾ രാജ്യത്ത് നടക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരിൽ ഏറെപ്പേരും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ പിടിയിലായവരാണെന്നും തൂക്കിലേറ്റിയതിന്റെ യഥാർത്ഥ കാരണവും എണ്ണവും വ്യക്തമല്ലെന്നും റിപ്പോർട്ട് വ്യക്തമാക്കി. ഈ വർഷം ഓരോ ആഴ്ചയും ശരാശരി പത്തിലധികം പേർ ഇറാനിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ കണക്കുകൾ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വളരെ കൂടുതലാണ്. കഴിഞ്ഞ വർഷം കൊല്ലപ്പെട്ടവരുടെ അതേ അനുപാതത്തിലാണ് ഈ വർഷവും ആളുകൾ കൊല്ലപ്പെട്ടിരിക്കുന്നതെന്ന് ടർക്ക് ചൂണ്ടിക്കാട്ടി.
ശനിയാഴ്ച, സ്വീഡിഷ്-ഇറാൻ വിമതനായ ഹബീബ് ചാബിനെ ഭീകരവാദത്തിന്റെ പേരിൽ വധിച്ചതിനെതിരെ സ്വീഡനും യൂറോപ്യൻ യൂണിയനും വിമർശനങ്ങളുയർത്തിയിരുന്നു. കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ മാത്രം ബലൂച്ച് ന്യൂനപക്ഷത്തിൽ നിന്നുള്ള 22 പേരുൾപ്പെടെ 45 പേരെയെങ്കിലും ഇറാൻ വധിച്ചതായി യു എൻ അറിയിച്ചു. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തിയാണ് മിക്കവരെയും വധിച്ചത്. എന്നാൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് യു എൻ മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും ഗുതുതരമായ കുറ്റങ്ങൾ, മനഃപൂർവമായ കൊലപാതകം ഉൾപ്പെടുന്ന തീവ്രമായ കുറ്റകൃത്യങ്ങൾക്കൊഴികെ മറ്റ് കേസുകൾക്ക് വധശിക്ഷ ഒഴിവാക്കണമെന്ന് മനുഷ്യാവകാശ സമിതി കാലങ്ങളായി രാജ്യങ്ങളോട് ആവശ്യപ്പെടുകയാണ്. മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളുടെ നടപടിയെ ഇതിനുമുന്നെയും സമിതി അപലപിച്ചിട്ടുണ്ട്.
അതേസമയം, മതനിന്ദ ചുമത്തി ഇറാനിൽ 2 പേരെ കഴിഞ്ഞ ദിവസം തൂക്കിക്കൊന്നു. സെൻട്രൽ ഇറാനിലെ ജയിലിലാണ് യൂസഫ് മിഹ്‌റാദ് സദ്‌റുല്ല ഫാസിലി സരി എന്നിവരുടെ വധശിക്ഷ നടപ്പിലാക്കിയത്. മതവിമർശനം പ്രചരിപ്പിക്കുന്ന സമൂഹമാധ്യമ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന ഇരുവരെയും 2020ലാണ് അറസ്റ്റ് ചെയ്തത്. ഈ വർഷം ഇതുവരെ 203 തടവുകാരെയാണ് ഇറാൻ വധിച്ചത്. മാസങ്ങളോളം നീണ്ട സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരാണ് ഇവരിലേറെയും. ഇറാൻ ഹ്യൂമൻ റൈറ്റ്‌സ് കമ്മീഷന്റെ കണക്കുപ്രകാരം 2022ൽ 582 പേരുടെയും 2021ൽ 333 പേരുടെയും വധശിക്ഷ നടപ്പിലാക്കി. ലോകത്ത് ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന രാജ്യം ഇറാനാണെങ്കിലും മതനിന്ദയ്ക്ക് വധശിക്ഷ അപൂർവമാണ്.
രക്തസാക്ഷിയായി മഹ്‌സ അമീനി
ഇറാൻ അധികാരികൾ നടത്തിയിരിക്കുന്ന നിയമലംഘനങ്ങൾക്കെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ സമിതി നിരന്തരം പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന കാരണത്താൽ ഔദ്യോഗിക മതപ്പോലീസിന്റെ മർദനത്തെത്തുടർന്ന് മഹ്‌സ അമീനി മരിച്ചത് രാജ്യത്തെ പ്രതിഷേധത്തിലാഴ്ത്തുകയുണ്ടായി. സഹോദരനെ കാണാൻ കുർദിസ്താനിൽ നിന്നെത്തിയ മഹ്‌സയെ സ്ത്രീകൾക്കായുള്ള വസ്ത്രധാരണനിയമം പാലിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കാനായി പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ഒരുമണിക്കൂർ കഴിഞ്ഞ് വിടുമെന്ന് പറഞ്ഞതിനാൽ സ്റ്റേഷനുമുന്നിൽ സഹോദരൻ കാത്തുനിന്നു. പക്ഷേ, പുറത്തേയ്ക്ക് വന്ന മഹ്‌സ ആംബുലൻസിലായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്നാം നാൾ അവർ മരിച്ചു. സ്റ്റേഷനിൽവെച്ച് മഹ്‌സയ്ക്ക് ഹൃദയാഘാതമുണ്ടായി എന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ, കടുത്ത മർദനത്തിൽ തലയോട്ടി പൊട്ടി രക്തസ്രാവവും തുടർന്ന് പക്ഷാഘാതവുമുണ്ടായെന്നാണ് ചോർന്നുകിട്ടിയ മെഡിക്കൽ റിപ്പോർട്ടിലെ വിവരം. മരണത്തെത്തുടർന്ന് ഇറാൻ പ്രതിഷേധത്തിൽ മുങ്ങി. സ്ത്രീകളുടെ വസ്ത്രധാരണത്തിൽ ഇളവുകൾ ആവശ്യപ്പെട്ടും സ്ത്രീ സ്വാതന്ത്ര്യത്തിനായും മുറവിളി കൂട്ടി തെരുവിലിറങ്ങിയവർക്കെതിരെയും സർക്കാർ കടുത്ത അതിക്രമം അഴിച്ചുവിട്ടു. മർദിച്ചും ഷെല്ലുകളെറിഞ്ഞും അവർ പ്രതിഷേധം അടിച്ചമർത്താൻ നോക്കി. അക്രമത്തിലും മർദനത്തിലും ഏകദേശം 450ഓളം ആളുകൾക്ക് ജീവൻ നഷ്ടമായി. പൊലീസ് അറസ്റ്റിലായി ജയിലുകളിൽ കഴിഞ്ഞവരും നിരവധിയാണ്. അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധങ്ങൾ ഉയർന്നിട്ടും സംഭവത്തെക്കുറിച്ച് ഖേദം പ്രകടിപ്പിക്കാനോ പരിഹാരനടപടികൾക്കോ ആദ്യം ഇറാൻ സർക്കാർ തയാറായില്ല.
മഹമ്മൂദ് അഹമ്മദി നെജാദ് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ഗൈഡൻസ് പട്രോൾ എന്നറിയപ്പെടുന്ന മതകാര്യ പോലീസ് സ്ഥാപിക്കപ്പെടുന്നത്. വസ്ത്രധാരണം ഉൾപ്പെടെയുള്ള പൗരന്മാരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടാനുള്ള അധികാരം ഇവർക്കുണ്ടായിരുന്നു. ഇറുകിയ വസ്ത്രം, സ്ലീവ് കുറഞ്ഞ വസ്ത്രം റൈപ്പ്ഡ് ജീൻസ് ഇവയൊന്നും ധരിച്ചുകൊണ്ട് സ്ത്രീകൾക്ക് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. ഇഷ്ടാനുസരണം വസ്ത്രം ധരിച്ചു പുറത്തിറങ്ങിയാൽ കരുതൽ തടങ്കൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനുള്ള അധികാരം മത പൊലീസിന് ഉണ്ടായിരുന്നു. മദ്യപിച്ചാലോ ബന്ധുവല്ലാത്ത പുരുഷന്മാരുടെ കൂടെ സ്ത്രീകൾ ഒത്തുകൂടിയാലോ ഇതേ നടപടിയാണ് സ്വീകരിച്ചിരുന്നത്. എന്നാൽ മഹ്‌സ അമീനിയുടെ കൊലപാതകത്തിനു ശേഷം ഉയർന്ന പ്രതിഷേധം ഈ നിയമങ്ങളോടുള്ള ആളുകളുടെ എതിർപ്പ് തുറന്നു കാട്ടുന്നതായിരുന്നു, സ്ത്രീകൾ തങ്ങൾ അടിമകളല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ശിരോവസ്ത്രം വലിച്ചെറിയുകയും കത്തിക്കുകയും വിവസ്ത്രരായി തെരുവുകളിൽ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പൗരോഹിത്യ ഭരണത്തിനെതിരെയുള്ള താക്കിത് കൂടിയായിരുന്നു ഇത്. ഖജനാവ് കൊള്ളയടിക്കൽ, ധൂർത്ത്, വിവേചനം, അടിച്ചമർത്തൽ എന്നിവകൊണ്ട് ജനങ്ങൾക്ക് തെരുവിലേക്കിറങ്ങേണ്ടി വന്നു. പ്രതിഷേധം ശക്തമായതോടെ ഭരണകൂടം മത പോലീസിനെ പിൻവലിച്ചു.
ഭരണകൂട ഭീകരതകൾ
പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരെയുള്ള അതിക്രമങ്ങൾ രാജ്യത്ത് നിരവധിയാണ്. പെൺകുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾ പൂട്ടിക്കുക, പെൺകുട്ടികളെ പഠനത്തിൽ നിന്നും തടയുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി നവംബർ മാസം മുതൽ ഇറാനിലെ ഏകദേശം അയ്യായിരം സ്‌കൂളുകൾക്ക് നേരെ വിഷവാതക പ്രയോഗം ഉണ്ടായി എന്നുള്ള റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. മുപ്പതു പ്രവിശ്യകൾ ഉള്ളതിൽ ഇരുപത്തിയൊന്ന് പ്രവിശ്യകളിലും സമാനമായ കേസ് റിപ്പോർട്ട് ചെയ്തു. 1200 വിദ്യാർത്ഥികൾക്ക് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായി. വിഷവാതകം ശ്വസിച്ച് ഫാത്തിമെഹ് റെസോയി എന്ന പതിനൊന്നുകാരി മരിച്ചു. തികച്ചും സാമൂഹിക വിരുദ്ധരായ തീവ്ര മതവാദികളാണ് ഇത് ചെയ്തതെന്നാണ് ആരോപണം. ഇറാനിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളുടെ ചിത്രം കഴിഞ്ഞ നവംബറിൽ നടന്ന പ്രക്ഷോഭങ്ങളിലൂടെ ലോകം അറിഞ്ഞതാണ്. 1979 ലെ വിപ്ലവത്തിന് ശേഷം ഇറാൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ പ്രതിഷേധമാണ് ഇറാൻ ജനതയുടെ ഭാഗത്തു നിന്നും ഉണ്ടായത്.
വിദ്യാർത്ഥിനികൾക്കു നേരെയുള്ള വിഷവാതകപ്രയോഗം തെളിഞ്ഞാൽ കുറ്റക്കാർക്ക് വധശിക്ഷ നൽകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി സംഭവത്തിൽ പ്രതികരിച്ചു. അയൽരാജ്യമായ അഫ്ഗാനിസ്ഥാന് സമാനമായി പെൺകുട്ടികളുടെ വിദ്യാഭ്യാസം മുടക്കാൻ മതതീവ്രവാദികൾ ശ്രമിക്കുന്ന സംഭവം ഇറാന്റെ ചരിത്രത്തിൽ ആദ്യത്തേതായിരുന്നു. പ്രതിഷേധിക്കുന്നവരെയും വിവിധ കുറ്റകൃത്യങ്ങൾ ചുമത്തി തടവിലാക്കുന്നവരെയും വധശിക്ഷയ്ക്ക് വിധേയരാക്കുന്നതിലൂടെ രാജ്യത്ത് സാമൂഹികമായ ഭയവും ഭീകരതയും സൃഷ്ടിക്കാനാണ് അധികാരികളുടെ ശ്രമമെന്ന് ലോകവ്യാപകമായി ഉയർന്നുവന്ന ആരോപണമാണ്. ഇതിനെ ശരിവെക്കും വിധത്തിലാണ് രാജ്യത്ത് വധശിക്ഷയുടെ എണ്ണം കൂടിവരുന്നതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്.