
ഇറാൻ ആഭ്യന്തര സുരക്ഷാ ഏജൻസി ആസ്ഥാനം തകർത്തു
ഇസ്രായേലിനുള്ളിൽ മിസൈൽ ആക്രമണങ്ങൾ തുടരുന്നതിനിടെ ടെഹ്‌റാനിലെ ഇറാന്റെ ആഭ്യന്തര സുരക്ഷാ ആസ്ഥാനം തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. അതിനിടെ ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്ക സൈനികമായി ഇടപെടുന്നതിനെ സംബന്ധിച്ച സാധ്യതകൾ ഇപ്പോഴും പരിശോധിക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാൽ ഇറാന് നേരെയുള്ള ഏതെങ്കിലും തരത്തിലുള്ള അമേരിക്കൻ ആക്രമണങ്ങൾ "പരിഹരിക്കാനാവാത്ത ഗുരുതര പ്രത്യാഘാതങ്ങൾ" ഉണ്ടാക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി നേരത്തെ യുഎസിന് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാനിയൻ മിസൈൽ ആക്രമണത്തെത്തുടർന്ന് തെക്കൻ ഇസ്രായേലിലെ ബിയർ ഷെവയിലുള്ള സൊറോക്ക ആശുപത്രിക്ക് കേടുപാടുകൾ സംഭവിച്ചതായി ഇസ്രായേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെൽ അവീവിലും കിഴക്ക് റാമത് ഗാനിലും തെക്ക് ഹോളോണിലും മിസൈലുകൾ പതിച്ചതായി റിപ്പോർട്ടുണ്ട്.
ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ ഇറാനിൽ മരിച്ചവരുടെ എണ്ണം 240 ൽ അധികമായി. ഇതിൽ 70 സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഇസ്രായേലിനെതിരായ ഇറാനിയൻ ആക്രമണങ്ങളിൽ കുറഞ്ഞത് 24 പേർ കൊല്ലപ്പെട്ടു.


