REPRESENTATIONAL IMAGE
ശിരോവസ്ത്രം ധരിച്ചില്ലെങ്കില്‍ പിഴയും ശിക്ഷയും; ബില്ല് പാസാക്കി ഇറാന്‍
പൊതുസ്ഥലങ്ങളില്‍ ശിരോവസ്ത്രം ധരിക്കാന്‍ വിസമ്മതിക്കുന്ന സ്ത്രീകള്‍ക്കെതിരെ കനത്ത പിഴയും ശിക്ഷയും ചുമത്തുമെന്ന് ഇറാന്‍. ശിരോവസ്ത്രം ധരിക്കാത്ത സ്ത്രീകള്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കും പിഴ ചുമത്തുന്നതിനുള്ള ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. നിയമ ലംഘനം സംഘടിതമായി നടന്നാല്‍ 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിച്ചേക്കാം. 2022 സെപ്തംബര്‍ 22 ന് മഹ്‌സ അമീനി എന്ന പെണ്‍കുട്ടിയെ ശിരോവസ്ത്രം ധരിക്കാത്തതിന്റെ പേരില്‍ പൊലീസ് മര്‍ദിച്ച് കൊലപ്പെടുത്തി ഒരു വര്‍ഷം തികയുമ്പോഴാണ് ഭരണകൂടം നിയമം വീണ്ടും കര്‍ശനമാക്കുന്നത്.
രക്തസാക്ഷിയായി മഹ്സ അമീനി
ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്ന കാരണത്താല്‍ ഔദ്യോഗിക മതപ്പോലീസിന്റെ മര്‍ദനത്തെത്തുടര്‍ന്ന് മഹ്സ അമീനി മരിച്ചത് ഇറാനില്‍ വലിയ പ്രതിഷേധമാണ് സൃഷ്ടിച്ചത്. സഹോദരനെ കാണാന്‍ കുര്‍ദിസ്താനില്‍ നിന്നെത്തിയ മഹ്സയെ സ്ത്രീകള്‍ക്കായുള്ള വസ്ത്രധാരണനിയമം പാലിക്കേണ്ടത് എങ്ങനെയെന്ന് പഠിപ്പിക്കാനായി പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ഒരുമണിക്കൂര്‍ കഴിഞ്ഞ് വിടുമെന്ന് പറഞ്ഞതിനാല്‍ സ്റ്റേഷനുമുന്നില്‍ സഹോദരന്‍ കാത്തുനിന്നു. പക്ഷേ, പുറത്തേയ്ക്ക് വന്ന മഹ്സ ആംബുലന്‍സിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മൂന്നാം നാള്‍ അവര്‍ മരിച്ചു. സ്റ്റേഷനില്‍വെച്ച് മഹ്സയ്ക്ക് ഹൃദയാഘാതമുണ്ടായി എന്നാണ് പൊലീസ് ഭാഷ്യം. എന്നാല്‍, കടുത്ത മര്‍ദനത്തില്‍ തലയോട്ടി പൊട്ടി രക്തസ്രാവവും തുടര്‍ന്ന് പക്ഷാഘാതവുമുണ്ടായെന്നാണ് ചോര്‍ന്നുകിട്ടിയ മെഡിക്കല്‍ റിപ്പോര്‍ട്ടിലെ വിവരം. മരണത്തെത്തുടര്‍ന്ന് ഇറാന്‍ പ്രതിഷേധത്തില്‍ മുങ്ങി. സ്ത്രീകളുടെ വസ്ത്രധാരണത്തില്‍ ഇളവുകള്‍ ആവശ്യപ്പെട്ടും സ്ത്രീ സ്വാതന്ത്ര്യത്തിനായും മുറവിളി കൂട്ടി തെരുവിലിറങ്ങിയവര്‍ക്കെതിരെയും സര്‍ക്കാര്‍ കടുത്ത അതിക്രമം അഴിച്ചുവിട്ടു. മര്‍ദിച്ചും ഷെല്ലുകളെറിഞ്ഞും അവര്‍ പ്രതിഷേധം അടിച്ചമര്‍ത്താന്‍ നോക്കി. അക്രമത്തിലും മര്‍ദനത്തിലും ഏകദേശം 450ഓളം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായി. പൊലീസ് അറസ്റ്റിലായി ജയിലുകളില്‍ കഴിഞ്ഞവരും നിരവധിയാണ്. അന്താരാഷ്ട്ര തലത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും സംഭവത്തെക്കുറിച്ച് ഖേദം പ്രകടിപ്പിക്കാനോ പരിഹാരനടപടികള്‍ക്കോ ആദ്യം ഇറാന്‍ സര്‍ക്കാര്‍ തയാറായില്ല.
മഹമ്മൂദ് അഹമ്മദി നെജാദ് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ഗൈഡന്‍സ് പട്രോള്‍ എന്നറിയപ്പെടുന്ന മതകാര്യ പോലീസ് സ്ഥാപിക്കപ്പെടുന്നത്. വസ്ത്രധാരണം ഉള്‍പ്പെടെയുള്ള പൗരന്മാരുടെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാനുള്ള അധികാരം ഇവര്‍ക്കുണ്ടായിരുന്നു. ഇറുകിയ വസ്ത്രം, സ്ലീവ് കുറഞ്ഞ വസ്ത്രം റൈപ്പ്ഡ് ജീന്‍സ് ഇവയൊന്നും ധരിച്ചുകൊണ്ട് സ്ത്രീകള്‍ക്ക് പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല. ഇഷ്ടാനുസരണം വസ്ത്രം ധരിച്ചു പുറത്തിറങ്ങിയാല്‍ കരുതല്‍ തടങ്കല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനുള്ള അധികാരം മത പൊലീസിന് ഉണ്ടായിരുന്നു. മദ്യപിച്ചാലോ ബന്ധുവല്ലാത്ത പുരുഷന്മാരുടെ കൂടെ സ്ത്രീകള്‍ ഒത്തുകൂടിയാലോ ഇതേ നടപടിയാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ മഹ്സ അമീനിയുടെ കൊലപാതകത്തിനു ശേഷം ഉയര്‍ന്ന പ്രതിഷേധം ഈ നിയമങ്ങളോടുള്ള ആളുകളുടെ എതിര്‍പ്പ് തുറന്നു കാട്ടുന്നതായിരുന്നു, സ്ത്രീകള്‍ തങ്ങള്‍ അടിമകളല്ല എന്ന് പ്രഖ്യാപിച്ചുകൊണ്ട് ശിരോവസ്ത്രം വലിച്ചെറിയുകയും കത്തിക്കുകയും വിവസ്ത്രരായി തെരുവുകളില്‍ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പൗരോഹിത്യ ഭരണത്തിനെതിരെയുള്ള താക്കിത് കൂടിയായിരുന്നു ഇത്. ഖജനാവ് കൊള്ളയടിക്കല്‍, ധൂര്‍ത്ത്, വിവേചനം, അടിച്ചമര്‍ത്തല്‍ എന്നിവകൊണ്ട് ജനങ്ങള്‍ക്ക് തെരുവിലേക്കിറങ്ങേണ്ടി വന്നു. പ്രതിഷേധം ശക്തമായതോടെ ഭരണകൂടം മത പോലീസിനെ പിന്‍വലിച്ചു.
ഭരണകൂട ഭീകരതകള്‍
പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ രാജ്യത്ത് നിരവധിയാണ്. പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകള്‍ പൂട്ടിക്കുക, പെണ്‍കുട്ടികളെ പഠനത്തില്‍ നിന്നും തടയുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി നവംബര്‍ മാസം മുതല്‍ ഇറാനിലെ ഏകദേശം അയ്യായിരം സ്‌കൂളുകള്‍ക്ക് നേരെ വിഷവാതക പ്രയോഗം ഉണ്ടായി എന്നുള്ള റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. മുപ്പതു പ്രവിശ്യകള്‍ ഉള്ളതില്‍ ഇരുപത്തിയൊന്ന് പ്രവിശ്യകളിലും സമാനമായ കേസ് റിപ്പോര്‍ട്ട് ചെയ്തു. 1200 വിദ്യാര്‍ത്ഥികള്‍ക്ക് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായി. വിഷവാതകം ശ്വസിച്ച് ഫാത്തിമെഹ് റെസോയി എന്ന പതിനൊന്നുകാരി മരിച്ചു. തികച്ചും സാമൂഹിക വിരുദ്ധരായ തീവ്ര മതവാദികളാണ് ഇത് ചെയ്തതെന്നാണ് ആരോപണം. ഇറാനില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളുടെ ചിത്രം കഴിഞ്ഞ നവംബറില്‍ നടന്ന പ്രക്ഷോഭങ്ങളിലൂടെ ലോകം അറിഞ്ഞതാണ്. 1979 ലെ വിപ്ലവത്തിന് ശേഷം ഇറാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ പ്രതിഷേധമാണ് ഇറാന്‍ ജനതയുടെ ഭാഗത്തു നിന്നും ഉണ്ടായത്.
വിദ്യാര്‍ത്ഥിനികള്‍ക്കു നേരെയുള്ള വിഷവാതകപ്രയോഗം തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്ക് വധശിക്ഷ നല്‍കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി സംഭവത്തില്‍ പ്രതികരിച്ചു. അയല്‍രാജ്യമായ അഫ്ഗാനിസ്ഥാന് സമാനമായി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുടക്കാന്‍ മതതീവ്രവാദികള്‍ ശ്രമിക്കുന്ന സംഭവം ഇറാന്റെ ചരിത്രത്തില്‍ ആദ്യത്തേതായിരുന്നു. പ്രതിഷേധിക്കുന്നവരെയും വിവിധ കുറ്റകൃത്യങ്ങള്‍ ചുമത്തി തടവിലാക്കുന്നവരെയും വധശിക്ഷയ്ക്ക് വിധേയരാക്കുന്നതിലൂടെ രാജ്യത്ത് സാമൂഹികമായ ഭയവും ഭീകരതയും സൃഷ്ടിക്കാനാണ് അധികാരികളുടെ ശ്രമമെന്ന് ലോകവ്യാപകമായി ഉയര്‍ന്നുവന്ന ആരോപണമാണ്. ഇതിനെ ശരിവെക്കും വിധത്തിലാണ് രാജ്യത്ത് വധശിക്ഷയുടെ എണ്ണം കൂടിവരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.