
തിരിച്ചടിയുമായി ഇറാൻ
അമേരിക്ക ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിലെ ടെൽ അവീവ്, ജറൂസലേം, ഹൈഫ അടക്കമുള്ള മേഖലകളിൽ ഇറാൻ മിസൈൽ അക്രമണങ്ങൾ നടത്തി. ഇസ്രയേലിൽ കനത്ത ജാഗ്രത തുടരുന്നതിനിടെയാണ് ഇറാന്റെ ആക്രമണം. ആകെ 27 മിസൈലുകൾ ഇറാൻ വിക്ഷേപിച്ചതായി ഇസ്രായേൽ സൈന്യം പറയുന്നു.
ഇസ്രായേലി മെഡിക്കൽ സർവീസുകളിൽ നിന്നുള്ള പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം 16 പേർക്കോളം പരിക്കേറ്റിട്ടുണ്ട്.
ഇസ്രയേലിന് പിന്തുണയുമായാണ് ആണവ കേന്ദ്രങ്ങളിൽ അമേരിക്കയുടെ ആക്രമണം. ഇറാനിലെ ഫോർദോ, നതാൻസ്, എസ്ഫാൻ എന്നീ ആണവനിലയങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ഭൂഗർഭ ആണവനിലയം തകർക്കാൻ ശേഷിയുള്ള ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് കരുതപ്പെടുന്നു.
ഇറാൻ–ഇസ്രയേൽ സംഘർഷത്തിന്റെ പത്താം ദിവസമാണ് അമേരിക്ക നേരിട്ടുളള ആക്രമണം നടത്തുന്നത്.
ഇറാൻ ചർച്ചയ്ക്ക് തയ്യാറായാൽ ആക്രമണം തുടരാൻ ഉദ്ദേശിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറയുന്നു. ഇറാൻ പിൻമാറാൻ തയ്യാറായില്ലെങ്കിൽ കൂടുതൽ ശക്തമായ ആക്രമണം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാന്റെ "സമാധാനപരമായ ആണവ സ്ഥാപനങ്ങൾക്ക്" നേരെയുള്ള "അതിക്രമകരമായ" യുഎസ് ആക്രമണങ്ങൾ "അനന്തമായ പ്രത്യാഘാതങ്ങൾ" ഉണ്ടാക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.


