അമേരിക്കന്‍ എണ്ണക്കപ്പല്‍ ഇറാന്‍ പിടിച്ചെടുത്തു; 24 ഇന്ത്യക്കാരില്‍ മലയാളിയും
അമേരിക്കയിലേക്ക് പോവുകയായിരുന്ന എണ്ണക്കപ്പല്‍ ഒമാന്‍ ഉള്‍ക്കടലില്‍ വച്ച് ഇറാന്‍ നാവികസേന പിടിച്ചെടുത്തു. ഇന്ത്യക്കാരായ 24 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. അഡ്വാന്റേജ് സ്വീറ്റ് എന്ന കപ്പലാണ് പിടിച്ചെടുത്തത്. കപ്പല്‍ ഇറാന്‍ നാവിക സേനയുടെ അജ്ഞാത തുറമുഖത്തേക്ക് മാറ്റി.
കുവൈറ്റില്‍ നിന്ന് പുറപ്പെട്ട കപ്പല്‍ ഹൂസ്റ്റണിലേക്കുള്ള യാത്രയിലായിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇറാന്റെ നടപടിയെന്നും മേഖലയുടെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും ഇത് ഭീഷണിയാണെന്നും ബഹ്‌റൈന്‍ ആസ്ഥാനമായ 5th ഫ്‌ളീറ്റ് പ്രതിനിധികള്‍ പറഞ്ഞു.
എറണാകുളം കൂനമ്മാവ് സ്വദേശി എഡ്വിനാണ് കപ്പലിലുള്ള മലയാളി. കപ്പലിലെ സാറ്റലൈറ്റ് ഫോണ്‍ അടക്കമുള്ള ആശയവിനിമയ ഉപകരണങ്ങള്‍ ജീവനക്കാരില്‍ നിന്നും പിടിച്ചെടുത്തു. മോചനത്തിനായുള്ള നടപടികള്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അമേരിക്കയെ ചൊടിപ്പിച്ച് ഇറാന്‍
മാര്‍ഷല്‍ ദ്വീപുകളുടെ എണ്ണക്കപ്പല്‍ ഒമാന്‍ ഉള്‍ക്കടലില്‍ ഇറാന്‍ ബോട്ടുമായി കൂട്ടിയിടിച്ച് രണ്ട് ഇറാനിയന്‍ ജീവനക്കാരെ കാണാതാവുകയും നിരവധി ജീവനക്കാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ കുറ്റപ്പെടുത്തുന്നു. അപകടമുണ്ടാക്കിയ കപ്പലിനെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ബുധനാഴ്ച പേര്‍ഷ്യന്‍ ഗള്‍ഫിലൂടെ അഡ്വാന്റേജ് സ്വീറ്റ് കപ്പല്‍ സഞ്ചരിച്ചിരുന്നെങ്കിലും യാത്രയ്ക്കിടെ അസാധാരണ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
അതേസമയം, ഗള്‍ഫ് സമുദ്രത്തില്‍ ഇറാന്റെ തുടര്‍ച്ചയായ ഇടപെടലുകള്‍ അമേരിക്കന്‍ നാവികസേനയെ ചൊടിപ്പിച്ചിട്ടുണ്ട്. ലോകത്ത് കടല്‍ വഴിയുള്ള എണ്ണ ഗതാഗതത്തിന്റെ മൂന്നിലൊന്നും ഗള്‍ഫ് സമുദ്രത്തിലൂടെയാണ്. ഇറാന്റെ നടപടി രാജ്യാന്തര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രാദേശിക സുരക്ഷയെ അപമാനിക്കുന്നതാണെന്നും അമേരിക്കന്‍ അധികൃതര്‍ അറിയിച്ചു. ഇറാന്റെ ഇത്തരത്തിലുള്ള ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
അസ്വാരസ്യങ്ങളുടെ തുടക്കം
ഇറാന്റെ ഭാഗത്തുനിന്ന് ഇത്തരം നിലപാടുകള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. ആഗോളശക്തികളും ഇറാനുമായി ചേര്‍ന്നുള്ള ആണവ കരാറില്‍ നിന്ന് അമേരിക്ക ഏകപക്ഷീയമായി പിന്‍മാറിയതോടെയാണ് അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നത്. ഡൊണ്‍ാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്തായിരുന്നു ഇത്. പിന്നീട് ഇറാനെതിരായ സാമ്പത്തിക ഉപരോധം നീക്കാത്തതില്‍ പ്രതിഷേധിച്ച് ഇറാന്‍ സമ്പുഷ്ട യുറേനിയം പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.
2019 ല്‍ എണ്ണക്കപ്പലുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയ ഒരു സ്‌ഫോടനത്തിലും അമേരിക്ക ഇറാനെ കുറ്റപ്പെടുത്തിയിരുന്നു. പിന്നീട് ഇസ്രായേലി കപ്പലിനു നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലും ഇറാനെ ശക്തമായിത്തന്നെ അമേരിക്ക വിമര്‍ശിക്കുകയുണ്ടായി. യൂറോപ്യന്‍ സ്വദേശികളായ രണ്ട് കപ്പല്‍ ജീവനക്കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.
ഇറാനും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഇതെല്ലാം കനത്ത വിള്ളലുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. 2019 മുതല്‍ കപ്പല്‍ പിടിച്ചെടുക്കുന്ന രീതി ഇറാന്‍ സ്ഥിരമാക്കിയിരുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് രണ്ട് ഗ്രീക്ക് കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുത്തത്. നവംബറില്‍ അവ വിട്ടയയ്ക്കുകയും ചെയ്തു.