PHOTO: PTI
ഇസ്രയേലിന് വീണ്ടും മുന്നറിയിപ്പ് നല്‍കി ഇറാന്‍
ഇറാന്‍ നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ഇസ്രയേലിന് വീണ്ടും മുന്നറിയിപ്പുമായി ഇറാന്‍. വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാനിലെ ഇസ്ഫഹാനില്‍ നടന്ന ആക്രമണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബ് ദൊല്ലാഹിയന്‍ പറഞ്ഞു. ഇറാനെതിരെ ഇസ്രയേല്‍ മറ്റൊരു ആക്രമണത്തിന് മുതിര്‍ന്നാല്‍ ഉടനടി തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ആണവകേന്ദ്രങ്ങളെ ലക്ഷ്യംവച്ചാല്‍ ഇസ്രയേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ഉപകരണങ്ങളാല്‍ തകര്‍ക്കുമെന്നും ഇറാന്‍ മുന്നറിയിപ്പില്‍ പറയുന്നു. എന്നാല്‍ കഴിഞ്ഞദിവസം നടന്ന ആക്രമണത്തില്‍ ഇതുവരെ ഇസ്രയേലിനെതിരെ ഇറാന്‍ പരാമര്‍ശം നടത്തിയിട്ടില്ല. രാജ്യത്തിനകത്ത് നടന്ന ചെറിയ ആക്രമണമാണെന്നും ബാഹ്യാക്രമണമല്ലെന്നുമാണ് ഇറാന്റെ പ്രതികരണം.
വെള്ളിയാഴ്ച പുലര്‍ച്ചെ ഇറാനിലെ ഇസ്ഫഹനില്‍ നടന്ന ഡ്രോണ്‍ ആക്രമണത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആക്രമണത്തില്‍ ഇറാന്‍ മൂന്ന് ഡ്രോണുകള്‍ വെടിവച്ചിട്ടതായും അധികൃതര്‍ അറിയിച്ചു. ഇസ്ഫഹാനില്‍ നിന്ന് 800 കിലോമീറ്റര്‍ അകലെ ചെറു ഡ്രോണുകളും വെടിവച്ചിട്ടതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ യുറേനിയം പദ്ധതിയുടെ കേന്ദ്രമായ നതാന്‍സ് ഉള്‍പ്പെടെ നിരവധി ഇറാനിയന്‍ ആണവ സൈറ്റുകള്‍ സ്ഥിതിചെയ്യുന്ന ഇടംകൂടിയാണ് ഇസ്ഫഹാന്‍. ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തിനകത്ത് വിമാനയാത്രയും നിര്‍ത്തിവച്ചു.
ഇടപെടലുമായി ലോകരാജ്യങ്ങള്‍
ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം പശ്ചിമേഷ്യയെ സാരമായി ബാധിക്കുമെന്നതിനാല്‍ അനുനയത്തിന് മുന്നോട്ടുവന്നിരിക്കുകയാണ് ലോകരാജ്യങ്ങള്‍. സംഘര്‍ഷം വ്യാപിക്കുന്നതിനോട് യോജിപ്പില്ലെന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും അറിയിച്ചു. പ്രതികാര നടപടികള്‍ രൂക്ഷമാകാതിരിക്കാന്‍ സഖ്യകക്ഷികള്‍ ഉള്‍പ്പെടെ ഇരുരാജ്യങ്ങള്‍ക്ക് മേലും ഇടപെടുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.