PHOTO | WIKI COMMONS
ഇസ്രയേലിനെതിരെ പ്രത്യാക്രമണം ഉണ്ടാകുമെന്ന് ഇറാന്‍, യുഎസ് ഇടപെടരുതെന്ന് താക്കീത്
സിറിയയിലെ ഇറാന്‍ എംബസിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടി നല്‍കുമെന്ന് പ്രഖ്യാപിച്ച് ഇറാന്‍. ഇസ്രയേലിനെതിരെ പ്രത്യാക്രമണമുണ്ടാകുമെന്നും വിഷയത്തില്‍ ഇടപെടരുതെന്നും ഇറാന്‍ യുഎസിന് മുന്നറിയിപ്പ് നല്‍കി. മിഡില്‍ ഈസ്റ്റിലെ ഇറാന്‍ പിന്തുണയുള്ള പ്രധാന ഗ്രൂപ്പായ ഹിസ്ബുല്ല യുദ്ധത്തിന് തയ്യാറാണെന്ന് ഇസ്രയേലിനെ അറിയിച്ചു. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ കെണിയില്‍ വീഴരുതെന്ന് യുഎസിന് മുന്നറിയിപ്പ് സന്ദേശം അയച്ചതായി ഇറാനിയന്‍ പ്രസിഡന്റിന്റെ പൊളിറ്റിക്കല്‍ അഫയേഴ്‌സ് ഡെപ്യൂട്ടി ചീഫ് മുഹമ്മദ് ജംഷിദി എക്‌സില്‍ കുറിച്ചു. ഇറാന്റെ തിരിച്ചടിയേല്‍ക്കാതിരിക്കണമെങ്കില്‍ അമേരിക്ക മാറിനില്‍ക്കണമെന്നും ഇറാന്‍ സൂചിപ്പിച്ചു.
ജാഗ്രതയില്‍ അമേരിക്കയും ഇസ്രയേലും
അമേരിക്കന്‍ ലക്ഷ്യങ്ങളെ ആക്രമിക്കരുതെന്ന് യുഎസ് ആവശ്യപ്പെട്ടതായി മുഹമ്മദ് ജംഷിദി അറിയിച്ചു. ഇറാന്‍ അയച്ചെന്നവകാശപ്പെടുന്ന സന്ദേശത്തെക്കുറിച്ച് യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഇറാന്‍ നടത്താനിരിക്കുന്ന പ്രത്യാക്രമണത്തെ നേരിടാന്‍ യുഎസ് അതീവ ജാഗ്രതയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിവിലിയന്മാര്‍ക്ക് പകരം ഇസ്രയേലിലെ സൈനിക, രഹസ്യാന്വേഷണ സംവിധാനങ്ങള്‍ക്ക് നേരെയാകും ഇറാന്റെ ആക്രമണമെന്ന് യുഎസ് കണക്കുകൂട്ടുന്നതായാണ് വിവരം.
ഡമാസ്‌കസിലെ മെസെ ജില്ലയിലെ ഇറാന്‍ എംബസിക്ക് നേരെ ഉണ്ടായ ആക്രമണം യുഎസ് അറിവോടെ അല്ലെന്ന് ഇറാനെ അമേരിക്ക അറിയിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. യുഎസിന്റെ മുന്‍കരുതല്‍ അസാധാരണമാണെന്നും മിഡില്‍ ഈസ്റ്റിലെ യുഎസ് താവളങ്ങള്‍ ആക്രമിക്കപ്പെടാതിരിക്കാനാണ്് യുഎസിന്റെ ശ്രമമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സിറിയയിലെ ഇറാന്‍ എംബസിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഇറാനിയന്‍ ജനറല്‍മാര്‍ ഉള്‍പ്പെടെ ഏഴ് ഉദ്യോഗസ്ഥരായിരുന്നു കൊല്ലപ്പെട്ടത്. ഇറാന്‍ പ്രത്യാക്രമണം പ്രഖ്യാപിച്ചതോടെ ഇസ്രയേല്‍ കടുത്ത ജാഗ്രതയിലാണ്. ഇസ്രയേല്‍ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.