
ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി
യുഎസ് ആക്രമണങ്ങൾക്ക് പ്രതികാരം ചെയ്യും: ഇറാൻ
ഇറാനെതിരായ ഇസ്രായേലി ആക്രമണങ്ങളിൽ അമേരിക്ക പങ്കുചേർന്നതിനുശേഷം നടത്തിയ ആദ്യ പ്രസ്താവനയിൽ, "സയണിസ്റ്റ് ശത്രുവിനെ" ശിക്ഷിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനി. അമേരിക്കയുടെ ബോംബാക്രമണങ്ങളോടുള്ള ടെഹ്‌റാന്റെ പ്രതികരണമെന്തായിരിക്കുമെന്ന് ലോകം ഉറ്റു നോക്കുമ്പോഴാണ് ഖമേനിയുടെ പ്രസ്താവന.
"അമേരിക്കക്കാർക്ക് അവരുടെ ആക്രമണത്തിന് മറുപടി ലഭിക്കണം" എന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും പറഞ്ഞു.
ഇസ്രായേലും ഇറാനും ആക്രമണങ്ങൾ തുടരുന്നതിനിടയിൽ ഇറാനിൽ ഭരണമാറ്റത്തിന് കോപ്പു കൂട്ടുകയാണ് അമേരിക്ക. "നിലവിലെ ഇറാനിയൻ ഭരണകൂടത്തിന് ഇറാനെ വീണ്ടും മഹത്തരമാക്കാൻ കഴിയുന്നില്ലെങ്കിൽ, എന്തുകൊണ്ട് ഒരു ഭരണമാറ്റം ഉണ്ടാകില്ല?" എന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ ചോദ്യം ഭരണമാറ്റത്തെക്കുറിച്ച് സൂചന നൽകി.
ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നീ സ്ഥലങ്ങളിലെ യുഎസ് ബോംബാക്രമണത്തെത്തുടർന്ന് ഓഫ്-സൈറ്റ് റേഡിയേഷൻ അളവ് വർദ്ധിച്ചതായി റിപ്പോർട്ടുകളൊന്നുമില്ലെന്ന് ഐക്യരാഷ്ട്ര ആണവ നിരീക്ഷണ ഏജൻസി പറയുന്നു.
ജൂൺ 13 ന് ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനുശേഷം ഇറാനിൽ 400 ൽ അധികം പേർ കൊല്ലപ്പെടുകയും കുറഞ്ഞത് 3,056 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ പറയുന്നു. ഇറാനിയൻ ആക്രമണങ്ങളിൽ ഇസ്രായേലിൽ കുറഞ്ഞത് 24 പേർ കൊല്ലപ്പെട്ടിട്ടുണ്ട്.


