.jpg)
ആവശ്യമെങ്കിൽ യുദ്ധത്തിനും തയ്യാറെന്ന് ഇറാൻ വിദേശകാര്യമന്ത്രി
വെടിനിർത്തലിനുള്ള ശ്രമങ്ങൾക്ക് ഇറാന്റെ പൂർണപിന്തുണയുണ്ടെങ്കിലും വേണ്ടി വന്നാൽ യുദ്ധത്തിനും തങ്ങൾ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യമന്ത്രി സെയ്ദ് അബ്ബാസ് അരാഗ്ചി പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷം വർദ്ധിപ്പിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇറാൻ, ഇസ്രായേലിലേക്ക് മിസൈൽ ആക്രമണം നടത്തിയത്. ലെബനനിൽ ഹിസ്ബുല്ലയ്ക്കെതിരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇറാന്റെ ആക്രമണമുണ്ടായത്. ആക്രമണങ്ങൾക്ക് തിരിച്ചടിയുണ്ടാവുമെന്ന് ഇസ്രായേൽ പ്രതികരിച്ചിരുന്നു.
ഇറാന്റെ നിശ്ചയദാർഢ്യത്തെ ഇസ്രായേൽ പരീക്ഷിക്കരുതെന്നും, ഇറാനു നേരെയുള്ള ഏതൊരാക്രമണത്തിനും ശക്തമായ പ്രത്യാക്രമണമുണ്ടാവുമെന്നും സെയ്ദ് അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇസ്രായേലിന്റെ ഭാഗത്തുനിന്ന് ഉണ്ടാവാൻ സാധ്യതയുള്ള പത്തോളം ആക്രമണസാഹചര്യങ്ങൾക്കായി ഇറാൻ സൈന്യം സജ്ജരാണെന്ന് തിങ്കളാഴ്ച റിപ്പോർട്ടുകളുണ്ടായിരുന്നു.
യുഎസിൽ നിന്നും ഇസ്രായേലിൽ നിന്നുമുണ്ടായേക്കാവുന്ന ഭീഷണികളെ നേരിടാനും, പ്രദേശത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കാനുമായി ഇറാനിലെ പാർലമെന്റ് മറ്റു രാജ്യങ്ങളുമായുള്ള പ്രതിരോധ ഉടമ്പടി തയ്യാറാക്കുകയാണ്. ഇസ്രായേലിൽ നിന്നും, അവരുടെ സഖ്യരാജ്യങ്ങളിൽ നിന്നും ഏത് തരത്തിലുള്ള ആക്രമണമുണ്ടായാലും ഉടമ്പടിയിൽ ഒപ്പുവെയ്ക്കുന്ന രാജ്യങ്ങൾ സൈനികവും, സാമ്പത്തികവും, രാഷ്ട്രീയവുമായുള്ള സഹായം നൽകണമെന്ന് ഉടമ്പടിയിൽ പറയുന്നുണ്ടെന്ന് ടെഹ്‌റാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇസ്രായേൽ, പലസ്തീൻ യുദ്ധം ആരംഭിച്ച് ഒരുവർഷം പിന്നിട്ടു. ഗാസയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഇസ്രയേലിന്റെ തിരിച്ചടിയിൽ കുട്ടികളും സ്ത്രീകളുമടക്കം 42000ത്തിലധികം പലസ്തീൻകാർ കൊല്ലപ്പെട്ടു.