.jpg)
ഫുട്‌ബോളിലൂടെ നയതന്ത്രബന്ധം ഊഷ്മളമാക്കി ഇറാഖും കുവൈറ്റും
വേള്‍ഡ് കപ്പ് ഏഷ്യന്‍ യോഗ്യതാമത്സരത്തില്‍ കുവൈറ്റിനെ ഇറാഖ് നേരിട്ടപ്പോള്‍ 5000ത്തോളം ഇറാഖികള്‍ക്ക് കുവൈറ്റിലെ സ്റ്റേഡിയത്തില്‍ കളി കാണുവാന്‍ അനുമതിയുണ്ടായിരുന്നു. അതിനായി ഇറാഖികള്‍ക്കു പ്രത്യേക പാസ്‌പോര്‍ട്ട് നിബന്ധനകളും കൂടാതെ വണ്ടിക്കുള്ള പ്രത്യേക നിബന്ധനകളും കുവൈറ്റ് സര്‍ക്കാര്‍ മുന്നോട്ട് വച്ചിരുന്നു.
മുപ്പത്തിനാല് വര്‍ഷങ്ങള്‍ക്ക് മുന്നേ സദ്ദാം ഹുസൈന്‍ കുവൈറ്റിനെ ആക്രമിച്ചതിന് ശേഷം ആദ്യമായാണ് കുവൈറ്റ് സന്ദര്‍ശിക്കാന്‍ ഇറാഖികള്‍ക്ക് അനുമതി ലഭിക്കുന്നത്. 2003ലെ US ആക്രമണങ്ങള്‍ക്ക് ശേഷം തകര്‍ന്ന സദ്ദാമിന്റെ ആധിപത്യത്തിനു ശേഷം കുവൈറ്റ്-ഇറാഖ് ബന്ധം ഫുട്‌ബോളിലൂടെ പതിയെ ഊഷ്മളമാവുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷിയാവുന്നത്.
കുവൈറ്റിന്റെ ഇരട്ടിയോളം ജനസംഖ്യയുള്ള ഇറാഖുമായുള്ള വൈര്യം കാലങ്ങളായി നിലനില്‍ക്കുന്നുണ്ട്. അതിന്റെ ഉദാഹരണമാണ് ഒരേസമയം അഴിമുഖ നിര്‍മ്മാണം നടത്തുന്നുത്. എങ്കിലും 2024ന്റെ അവസാനത്തോട് കൂടി രണ്ട് രാജ്യവും പവര്‍ ഗ്രിഡുകള്‍ കൂട്ടി യോജിപ്പിക്കാനും ധാരണയായിട്ടുണ്ട്. 2017ല്‍ ഇസ്ലാമിക് സ്റ്റേറ്റുമായുള്ള യുദ്ധം അവസാനിപ്പിച്ചതിന് ശേഷം ഇറാഖ്, ഫുട്‌ബോളിലൂടെ അറബ് ഗള്‍ഫ് രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇറാഖിലെ ബസ്രയില്‍ നടത്തിയ ഗള്‍ഫ് കപ്പ് നയതന്ത്രബന്ധം പുനഃസ്ഥാപിക്കുന്നതില്‍ ഒരു നാഴികക്കല്ലാണ്. രാജ്യങ്ങള്‍ തമ്മിലുള്ള വൈര്യം ഫുട്‌ബോള്‍ പിച്ചില്‍ മാത്രം നിലനില്‍ക്കട്ടെയെന്ന് ഇറാഖ് ഫുട്‌ബോള്‍ ഫെഡറേഷന് വേണ്ടി യൂസിഫ് ഫാല്‍ പ്രത്യാശപ്പെടുന്നു.
1990 ഓഗസ്റ്റില്‍ സദ്ദാം ഹുസൈന്‍ കുവൈത്ത് കയ്യടക്കിയതിനു ശേഷം കുറച്ചു കാലം കുവൈറ്റിനെ ഇറാഖിനോട് കൂട്ടിയോജിപ്പിക്കുകയും ചെയ്തിരുന്നു. സദ്ദാമിന്റെ വീഴ്ചയ്ക്ക് ശേഷം വിവിധ വിലക്കുകള്‍ നേരിട്ട ഇറാഖ്, 52 മില്യണ്‍ യുഎസ് ഡോളറാണ് യുദ്ധത്തിന്റെ നഷ്ടപരിഹാരമായി കൊടുക്കേണ്ടി വന്നത്. സദ്ദാമിന്റെ നേതൃത്വത്തിലുള്ള ആക്രമണങ്ങളില്‍ ആയിരത്തിലധികം കുവൈറ്റ് പൗരര്‍ക്ക് ജീവന്‍ നഷ്ടമായി, മൂന്ന് ലക്ഷത്തിലധികം പൗരര്‍ രാജ്യം വിടുകയും ചെയ്തു.
സദ്ദാമിന് ശേഷം 2003 മുതല്‍ കുവൈറ്റുമായുള്ള ബന്ധം ഇറാഖ് മെച്ചപ്പെടുത്തുന്നുണ്ടെങ്കിലും അതിലും ചില വെല്ലുവിളികള്‍ ഉണ്ടാവുന്നുണ്ട്. ഉദാഹരണത്തിന്, കഴിഞ്ഞ വര്‍ഷമാണ് ഇറാഖിലെ മേല്‍ക്കോടതി സമുദ്രാതിര്‍ത്തികള്‍ വേര്‍തിരിക്കുന്ന കുവൈറ്റുമായുള്ള കരാര്‍ ഭരണഘടനവിരുദ്ധമാണെന്ന് പരാമര്‍ശിച്ചത്. ''അയല്‍രാജ്യങ്ങളുമായി നല്ല ബന്ധമാണ് കുവൈറ്റിന് വേണ്ടത്, പ്രത്യേകിച്ച് ഇറാഖുമായി. അതിനായി ഇറാഖും പല പ്രശ്‌നങ്ങള്‍ പരിഹരിച്ച്, പ്രത്യേകിച്ച് സമുദ്രാതിര്‍ത്തിയുടെ കാര്യത്തിലെ തര്‍ക്കത്തില്‍ ഇളവുകള്‍ വരുത്തി ഉദ്ദേശ്യശുദ്ധി പ്രകടിപ്പിക്കണം.'', റെക്കോണസെന്‍സ് റിസര്‍ച്ചിന്റെ സ്ഥാപകന്‍ അബ്ദുല്‍അസീസ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. സെപ്റ്റംബര്‍ 11നു വൈകീട്ട് കുവൈറ്റിലെ ജാബര്‍ അല്‍-അഹ്മദ് സ്റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ മത്സരം സമനിലയില്‍ അവസാനിച്ചു.


