PHOTO | WIKI COMMONS
സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാഖ് ആക്രമണം
സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാഖ് ആക്രമണം. ഇറാഖ് നഗരമായ സുമ്മറില്‍ നിന്നും മിസൈല്‍ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ട്. വടക്കുകിഴക്കന്‍ സിറിയയിലെ സൈനിക താവളത്തിലേക്ക് അഞ്ച് റോക്കറ്റുകളോളം ഇറാഖില്‍ നിന്ന് വിക്ഷേപിച്ചതായി ഇറാഖ് സുരക്ഷാ വൃത്തങ്ങളും യുഎസ് ഉദ്യോഗസ്ഥരും വ്യക്തമാക്കി. ഫെബ്രുവരി ആദ്യം ഇറാഖിലെ ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകള്‍ യുഎസ് സൈനികര്‍ക്കെതിരായ ആക്രമണം അവസാനിപ്പിച്ചതിന് ശേഷം യുഎസ് സേനയ്ക്ക് നേരെ നടക്കുന്ന ആദ്യത്തെ ആക്രമണമാണിത്.
ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍ സുഡാനിയും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ആക്രമണം. യുഎസ് സൈന്യത്തെ പിന്‍വലിക്കാനുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടാകാത്തതിനെ തുടര്‍ന്ന് സേനയ്‌ക്കെതിരായ ആക്രമണം പുനരാരംഭിക്കാന്‍ തീരുമാനിച്ചതായി ഇറാഖിലെ കതൈബ് ഹിസ്ബുള്ള ഗ്രൂപ്പ് അറിയിച്ചു. ഇത് ആക്രമണത്തിന്റെ തുടക്കമാണെന്നും ഗ്രൂപ്പ് വ്യക്തമാക്കി.
ഇറാഖിലെ സുമ്മാറില്‍ റോക്കറ്റ് ലോഞ്ചറുമായി നിര്‍ത്തിയിട്ടിരുന്ന ട്രക്ക് സ്‌ഫോടനത്തില്‍ തകര്‍ന്നത് യുഎസ് പ്രത്യാക്രമണത്തിന്റെ ഭാഗമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ യുഎസ് ആക്രമണമാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ഇറാഖിന്റെ പ്രതികരണം. സ്‌ഫോടനം ഉണ്ടായ സമയത്ത് ആകാശത്ത് യുദ്ധ വിമാനങ്ങള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. വ്യോമാക്രമണത്തിലാണ് ട്രക്ക് തകര്‍ന്നതെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. ശനിയാഴ്ച ഇറാഖിലെ സൈനിക താവളത്തില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ ഒരു ഇറാഖി സൈനികന്‍ കൊല്ലപ്പെട്ടിരുന്നു.