ISMAIL HANIYEH | IMAGE WIKI COMMONS
ഇസ്മായില്‍ ഹനിയെ കൊല്ലപ്പെട്ടത് ടെഹ്‌റാന്‍ ഗസ്റ്റ് ഹൗസില്‍ രഹസ്യമായി സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചെന്ന് റിപ്പോര്‍ട്ട്
ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയെ കൊല്ലപ്പെട്ടത് ടെഹ്‌റാന്‍ ഗസ്റ്റ് ഹൗസില്‍ രഹസ്യമായി സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചെന്ന് റിപ്പോര്‍ട്ട്. രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഹനിയെ താമസിച്ച ഇറാനിലെ ഗസ്റ്റ് ഹൗസില്‍ സ്‌ഫോടകവസ്തു ഒളിപ്പിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രസിഡന്‍ഷ്യല്‍ സ്ഥാനാരോഹണത്തിനായി ഇറാന്‍ തലസ്ഥാനത്ത് എത്തിയതായിരുന്നു ഹനിയെ. ഗസ്റ്റ് ഹൗസിലെ മുറിക്കുള്ളിലാണ് ഹനിയെ എന്ന് സ്ഥിരീകരിച്ചതോടെ റിമോര്‍ട്ട് നിയന്ത്രണത്തിലൂടെ ബോംബ് പൊട്ടിത്തെറിച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ടെഹ്‌റാന്‍ സന്ദര്‍ശിക്കുമ്പോള്‍ ഹനിയെ പലതവണ ഈ ഗസ്റ്റ് ഹൗസില്‍ താമസിച്ചിരുന്നതായി മിഡില്‍ ഈസ്റ്റേണ്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇറാന്റെ പുതിയ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണത്തിനായി 86 രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സൈനിക കമാന്‍ഡര്‍മാരും ഒത്തുകൂടുന്നതിനാല്‍ ടെഹ്‌റാന്‍ കനത്ത സുരക്ഷയിലായിരുന്നു. ഹനിയെ താമസിച്ച ഗസ്റ്റ് ഹൗസ് അതീവ സുരക്ഷാവലയത്തിലായിരുന്നു.
കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഡ്രോണ്‍ അല്ലെങ്കില്‍ മിസൈല്‍ ആക്രമണത്തിലൂടെ ഹനിയയെ ഇസ്രയേല്‍ വധിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് ആദ്യം ഉയര്‍ന്നുവന്നത്. ഏപ്രിലില്‍ ഇസ്ഫഹാനിലെ സൈനിക താവളത്തില്‍ ഇസ്രയേല്‍ മിസൈല്‍ വിക്ഷേപിച്ചതിന് സമാനമായ ആക്രമണമായി ഈ സംഭവം വിലയിരുത്തപ്പെട്ടു. കര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍ക്ക് കീഴിലുള്ള ഇടമായി കരുതപ്പെടുന്ന ഗസ്റ്റ് ഹൗസ് കോമ്പൗണ്ടില്‍ ഉണ്ടായ സുരക്ഷാ വീഴ്ചയാണ് ഇപ്പോള്‍ ചര്‍ച്ചയാകുനന്ത്. രഹസ്യമായി ബോംബ് സ്ഥാപിക്കാനും രണ്ട് മാസത്തോളം അത് മറച്ചുവെക്കാനും എങ്ങനെ സാധിച്ചുവെന്നതും ഇതിനോടകം ചര്‍ച്ചയാകുന്നുണ്ട്. ഈ സുരക്ഷാ ലംഘനം ഇറാന്‍ രഹസ്യാന്വേഷണത്തിന്റെയും സുരക്ഷയുടെയും പരാജയമാണെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
നിലവില്‍ സ്‌ഫോടകവസ്തു എങ്ങനെയാണ് ഗസ്റ്റ് ഹൗസില്‍ സ്ഥാപിച്ചതെന്ന വിവരങ്ങള്‍ വ്യക്തമായിട്ടില്ല. കൊലപാതകത്തിന് ഉത്തരവാദി ഇസ്രയേല്‍ ആണെന്ന് ഇറാനിയന്‍ ഉദ്യോഗസ്ഥരും ഹമാസും ബുധനാഴ്ച പ്രതികരിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഇതുവരെ അംഗീകരിച്ചിട്ടില്ല.
2020 ല്‍ ഇറാനിലെ ഉന്നത ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സെന്‍ ഫക്രിസാദെയെ കൊലപ്പെടുത്താന്‍ ഇസ്രയേല്‍ റിമോട്ട് നിയന്ത്രിത റോബോട്ട് ആയുധം ഉപയോഗിച്ചു. ഈ ആക്രമണത്തിന്റെ അതേ സ്വഭാവം ഹനിയെക്കെതിരായ ആക്രമണത്തിലും ഉണ്ടായതായി ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ വിവരിക്കുന്നു. രാജ്യത്തിന് പുറത്തുള്ള ഇസ്രയേലി കൊലപാതകങ്ങള്‍ പ്രധാനമായും നടത്തുന്നത് ഇസ്രയേല്‍ രഹസ്യാന്വേഷണ വിഭാഗമായ മൊസാദാണ്. ആ സാധ്യതയും നിലവില്‍ ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ മുന്നോട്ട്‌വയ്ക്കുന്നുണ്ട്.