ഗാസയില്‍ നിന്ന് പലായനം ചെയ്യുന്നവര്‍ക്ക് നേരെയും ഇസ്രയേല്‍ ആക്രമണം: 70 മരണം
ഗാസയില്‍ നിന്നും പലായനം ചെയ്യുകയായിരുന്ന സംഘത്തിനു നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതോടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,900 കടന്നിരിക്കുകയാണ്. ഇസ്രയേലിന്റെ മുന്നറിയിപ്പിന് പിന്നാലെ പതിനായിരക്കണക്കിന് ആളുകളാണ് ഗാസയില്‍ നിന്നും പലായനം ചെയ്യുന്നത്. 24 മണിക്കൂറിനുള്ളില്‍ പത്തു ലക്ഷത്തോളം പേര്‍ വടക്കന്‍ ഗാസയില്‍ നിന്ന് തെക്കന്‍ ഗാസയിലേക്ക് മാറണമെന്ന ഇസ്രയേലി സൈന്യത്തിന്റെ ആഹ്വാനത്തെ തുടര്‍ന്നാണ് പലായനം. മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്ന് ഹമാസ് അറിയിച്ചു.
ഒഴിഞ്ഞുപോകുന്നവര്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തുകയാണെന്നും ഇസ്രയേലിന്റെ വ്യോമാക്രമണത്തിലാണ് 70 പേരും കൊല്ലപ്പെട്ടതെന്നും ഹമാസ് കുറ്റപ്പെടുത്തി. ഇതിനിടയില്‍ തെക്കന്‍ ലബനോനില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനും ആക്രമണത്തിനിടെ കൊല്ലപ്പെട്ടു. വാഹനങ്ങളില്‍ വസ്ത്രങ്ങളും കിടക്കകളും ഉള്‍പ്പെടെയുള്ള വസ്തുക്കളുമായി വീടുപേക്ഷിച്ച് പോകുന്ന പലസ്തീന്‍കാരുടെ വീഡിയോകള്‍ എക്‌സില്‍ പ്രചരിക്കുന്നുണ്ട്.
അതേസമയം, ഗാസയുടെ മണ്ണില്‍ പരിശോധന നടത്തുമെന്ന് ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. കരയുദ്ധത്തിന് മുന്നോടിയായി ബന്ദികളാക്കപ്പെട്ടവരെ കണ്ടെത്താനാണ് ഈ മിന്നല്‍ ഓപ്പറേഷന്‍. ഗാസ മുനമ്പില്‍ നിന്നും ഭീകരരെയും ആയുധശേഖരവും തുടച്ചുനീക്കാനുള്ള ഇസ്രയേലി ഡിഫന്‍സ് ഫോഴ്‌സിന്റെ ശ്രമം വിജയിച്ചുവെന്നും സൈന്യം പ്രസ്താവനയില്‍ പറയുന്നു.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 150 ഓളം പേരെ ഹമാസ് ബന്ദികളാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഹമാസിനെ തുടച്ചുനീക്കുമെന്നും അതിനുള്ള തിരിച്ചടി തുടങ്ങിയിട്ടേയുള്ളൂവെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വെളിപ്പെടുത്തല്‍. കടല്‍ മാര്‍ഗമുള്ള ആക്രമണവും ഇസ്രയേല്‍ ആരംഭിച്ചതായാണ് സൂചന.
ഒഴിയണമെന്ന നിര്‍ദേശം പുനഃപരിശോധിക്കണം
വടക്കന്‍ ഗാസയില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞുപോകണമെന്ന ഉത്തരവ് ഇസ്രയേല്‍ പുനഃപരിശോധിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ഇസ്രയേലിന്റെ നിര്‍ദേശം പലസ്തീനിലെ പകുതിയിലധികം ആളുകളെയും ബാധിക്കുന്നതാണ്. യുദ്ധമേഖലയില്‍ നിന്ന് ഒരുദശലക്ഷം ജനങ്ങളെ ഭക്ഷണമോ, വെള്ളമോ, താമസസ്ഥലമോ ഇല്ലാത്ത മറ്റൊരിടത്തേക്ക് പെട്ടെന്ന് മാറ്റുന്നത് അത്യന്തം അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലും സുരക്ഷ കര്‍ശനമാക്കി
ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയിലെ ജൂതസ്ഥാപനങ്ങള്‍ക്കും ഇസ്രയേല്‍ എംബസികള്‍ക്കും സുരക്ഷ ശക്തമാക്കി. പ്രതിഷേധങ്ങള്‍ ഇന്ത്യയിലും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് നിര്‍ദേശം. ജൂത സാന്നിധ്യമുള്ള സ്ഥലങ്ങളിലും ശക്തമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ സംസ്ഥാനത്തെയും പോലീസ് വകുപ്പിന് ജാഗ്രത വര്‍ധിപ്പിക്കാനും പട്രോളിങ് നടത്താനും നിര്‍ദേശം നല്‍കി.